രാമയ്യൻ ദളവ

രാമയ്യൻ ദളവ (Ramayyan Dalawa)

വള്ളിയൂരിനടുത്തുള്ള ഏർവാടി എന്ന ഗ്രാമത്തിലെ ഒരു സാധുബ്രാഹ്മണകുടുംബത്തിലായിരുന്നു രാമയ്യന്റെ ജനനം. ഏകദേശം ആറു വയസ്സായിരുന്നപ്പോൾ രാമയ്യന്റെ പിതാവ് കുടുംബസമേതം തിരുവിതാംകൂറിലേയ്ക്ക് താമസം മാറ്റി. കുറേനാൾ തിരുവട്ടാറിലായിരുന്നു അദ്ദേഹം പാർത്തിരുന്നത്. അച്ഛന്റെ മരണശേഷം രാമയ്യൻ തിരുവനന്തപുരത്തു വഞ്ചിയൂർ അത്തിയറപോറ്റിയുടെ കൂടെ കുറേനാൾ ആശ്രിത വൃത്തിയിൽ കഴിഞ്ഞു. ഒരു ദിവസം രാത്രി മഹാരാജാവ് അമൃതേത്തു കഴിച്ചത് പോറ്റിയുടെ ഇല്ലത്തിലായിരുന്നു. നിലവിളക്കിലെ ദീപം അല്പം മങ്ങുന്നതു കണ്ട് മഹാരാജാവ് ആ വിളക്കിലൊന്നു നോക്കി. തൽക്ഷണം രാമയ്യൻ കാര്യം മനസിലാക്കി വിളക്കിനു സമീപം ചെന്ന് അതിൽ കത്തിക്കാതെയിട്ടിരുന്ന ഒരു തിരി എടുത്തു കത്തിച്ച് ഇടതുകൈയിൽ വച്ചിട്ടു വലതുകൈകൊണ്ട് വിളക്കിലെ തിരിയിലുണ്ടായിരുന്ന കരി കളഞ്ഞു ദീപം തെളിച്ചു. അതിനുശേഷം കൈയ്യിൽ കൊളുത്തിവച്ചിരുന്ന തിരി വിളക്കിലിട്ട് രാമയ്യൻ പൂർവ്വസ്ഥാനത്തു പോയി നിന്നു. തന്റെ ഹിതം നോട്ടത്തിൽ നിന്ന് അറിഞ്ഞ യാതൊരു പരുങ്ങലും കൂടാതെ വേണ്ട മുൻകരുതലോടെ തിരി നീട്ടിയ രാമയ്യൻ സമർത്ഥനാണെന്നു മഹാരാജാവിനു തോന്നി. 

അടുത്ത ദിവസം മുതൽ മഹാരാജാവ് രാമയ്യന് കൊട്ടാരത്തിൽ ഒരു ചെറിയ ഉദ്യോഗം കൊടുത്തു. വലിയ വിദ്യാഭ്യാസമൊന്നും രാമയ്യന് ഇല്ലായിരുന്നു. എന്നാൽ ബുദ്ധിസാമർഥ്യം കൃത്യനിഷ്ഠ മുതലായവ നിമിത്തം അദ്ദേഹത്തിന് പടിപടിയായി ഉദ്യോഗകയറ്റങ്ങൾ കിട്ടി. താണുപിള്ള എന്ന ദളവ മരിച്ചപ്പോൾ രാമയ്യനെ ദളവായാക്കി. പിന്നീട് മരണം വരെ ഏകദേശം 20 വർഷത്തോളം അദ്ദേഹം ദളവയായിരുന്നു. മാർത്താണ്ഡവർമ മഹാരാജാവിന്റെ കാലത്തെ എല്ലാ യുദ്ധങ്ങളിലും - കൊല്ലവും കായംകുളവുമായുള്ള യുദ്ധങ്ങൾ, കുളച്ചൽ യുദ്ധം, ചെമ്പകശ്ശേരി, തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജ്യങ്ങളുമായുള്ള യുദ്ധങ്ങളിലൊക്കെ രാമയ്യന് വലിയ പങ്കുണ്ടായിരുന്നു. പുറക്കാട്ടു യുദ്ധത്തിനുശേഷം കരപ്പുറം പിടിച്ചടക്കി. രാമയ്യനും പട്ടാളവും കൊച്ചിയിലേക്കു പാഞ്ഞുകയറി. മഹാരാജാവ് തിരിച്ച് വിളിച്ചില്ലെങ്കിൽ കൊച്ചിയും അദ്ദേഹം പിടിച്ചടക്കുമായിരുന്നു. എപ്പോൾ യുദ്ധം ചെയ്യണം എപ്പോൾ വേണ്ട എന്നും അദ്ദേഹത്തിനറിയാമായിരുന്നു. ചിലപ്പോൾ ശത്രുക്കളെ പണം കൊടുത്ത് വശത്താക്കാനും അദ്ദേഹം മടിച്ചിരുന്നില്ല. 

യുദ്ധത്തിലെന്നതുപ്പോലെ ഭരണസംബന്ധമായ കാര്യങ്ങളിലും രാമയ്യൻ നിപുണനായിരുന്നു. മാവേലിക്കര വച്ച് ഡച്ചുകാരുമായി നടന്ന ഉടമ്പടിയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചത് രാമയ്യനായിരുന്നു. രാജ്യത്തെ മുതലെടുപ്പു വർദ്ധിപ്പിക്കുന്നതിനു പുതിയ മാർഗങ്ങൾ (മുളകുമടിശ്ശീല, കണ്ടെഴുത്ത്) നടപ്പാക്കിയതിലും രാമയ്യനു പങ്കുണ്ട്. ചുരുക്കത്തിൽ തിരുവിതാംകൂർ വലുതാക്കുന്നതിനും രാജ്യത്തു സമാധാനം സ്ഥാപിക്കുന്നതിനും, പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിനും എല്ലാം മാർത്താണ്ഡവർമ്മ മഹാരാജാവിനെ രാമയ്യൻ വിശ്വാസപൂർവം സേവിച്ചുവെന്ന് സ്മരിക്കണം.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തിരുവിതാംകൂറിലെ രണ്ടാമത്തെ ദിവാൻ/ദളവ - രാമയ്യൻ ദളവ 

2. മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി - രാമയ്യൻ ദളവ

3. ഇളയിടത്തുസ്വരൂപത്തെ (കൊട്ടാരക്കര) തിരുവിതാംകൂറിനോട് ലയിപ്പിച്ച വർഷം - 1741 

4. മാവേലിക്കര വച്ച് ഡച്ചുകാരുമായി നടന്ന ഉടമ്പടിയിൽ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ചത് - രാമയ്യൻ 

5. തെക്കുംകൂർ, വടക്കുംകൂർ എന്നിവ തിരുവിതാംകൂറിനോട് ചേർത്ത ദളവ - രാമയ്യൻ 

6. രാമയ്യൻ കായംകുളം (ഓടനാട്) പിടിച്ചടക്കിയത് ഏത് യുദ്ധത്തിലാണ് - പുറക്കാട് യുദ്ധം (1746)

Post a Comment

Previous Post Next Post