പി കൃഷ്ണപിള്ള

പി കൃഷ്ണപിള്ള (P.Krishna Pillai in Malayalam)

ജനനം - 1906 

പിതാവ് - നാരായണൻ നായർ

മാതാവ് - പാർവ്വതി അമ്മ

മരണം - 1948 ഓഗസ്റ്റ് 19 

'സഖാവ്' എന്നു മാത്രം പറഞ്ഞാൽ അത് പി.കൃഷ്ണപിള്ളയെ കുറിച്ചാണെന്നു കമ്മ്യൂണിസ്റ്റ് നേതാക്കൾ മാത്രമല്ല തൊഴിലാളികളടക്കമുള്ള സാധാരണ ജനങ്ങൾക്കും അറിയാമായിരുന്നു. 'കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. 1906 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് പറവൂർ തറവാട്ടിലാണ് പി. കൃഷ്ണപിള്ളയുടെ ജനനം. കുട്ടിക്കാലത്തുതന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടപ്പെട്ടു. പഠനം ഇടയ്ക്കു മുടങ്ങി. നന്നേ ചെറുപ്പത്തിലേ കയർ ഫാക്ടറി തൊഴിലാളിയായും സൈക്കിൾ ഷോപ്പ് ജീവനക്കാരനായും ചായക്കടക്കാരനായും ഒക്കെ ജോലി ചെയ്താണ് ജീവിച്ചത്. ഇന്ത്യ മുഴുവൻ ചുറ്റി സഞ്ചരിച്ച കൃഷ്ണപിള്ള പിന്നീട് ഹിന്ദി പ്രചാരകനായി. തിരികെ കേരളത്തിലെത്തിയ അദ്ദേഹം കോൺഗ്രസിൽ ചേർന്നു പ്രവർത്തനം തുടങ്ങി. വെല്ലുവിളികളെ അദ്ദേഹം തെല്ലും കൂസാക്കിയില്ല.

സാമൂതിരിയുടെ പടയാളികളുടെ മർദനത്തെ അവഗണിച്ച് ഗുരുവായൂർ ക്ഷേത്രത്തിലെ മണിമുഴക്കാൻ പി.കൃഷ്ണപിള്ള തന്റേടം കാണിച്ചു. ആ മണി മുഴക്കിയ ബ്രാഹ്മണനല്ലാത്ത ആദ്യ വ്യക്തിയായിരുന്നു അദ്ദേഹം. കോഴിക്കോട്ടു നിന്ന് പയ്യന്നൂരിലേക്കു നടന്ന ഉപ്പുസത്യാഗ്രഹ മാർച്ചിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിയനായിട്ടായിരുന്നു കൃഷ്ണപിള്ളയുടെ തുടക്കം. 1934ൽ കോഴിക്കോടു വച്ച് കേരള സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിതമായി. 1939 ൽ കണ്ണൂരിലെ പിണറായിയിൽ നടന്ന കോൺഗ്രസ് സോഷ്യലിസ്റ്റ് സമ്മേളനം കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപവൽക്കരണ സമ്മേളനമായി. കൃഷ്ണപിള്ളയായിരുന്നു പാർട്ടിയുടെ കേരള സെക്രട്ടറി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആയിരങ്ങളെ കൊണ്ടുവരാൻ അതിസാഹസികമായ പ്രവർത്തനമാണ് കൃഷ്ണപിള്ള നടത്തിയത്. തൊഴിലാളികളുടെയും കർഷകരുടെയും ഇടയിൽ യോഗങ്ങൾ സംഘടിപ്പിച്ചും ജന്മിത്തത്തിനെതിരെ പോരാട്ടങ്ങൾ സംഘടിപ്പിച്ചുമാണ് അദ്ദേഹം അത് സാധിച്ചത്. 1946 ലെ പാപ്പിനിശ്ശേരി ആറോൺമിൽ സമരത്തിൽ എ.കെ.ജിക്കൊപ്പം പി.കൃഷ്ണപിള്ളയും ശക്തമായി പങ്കെടുത്തു. മലബാറിൽ നിന്ന് കൃഷ്ണപിള്ളയെ നാടുകടത്താൻ അന്നത്തെ മദ്രാസ് സർക്കാർ ഉത്തരവിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച സമയത്ത് ഒളിവിൽ കഴിയുമ്പോൾ, 1948 ഓഗസ്റ്റ് 19 ന് പാമ്പുകടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലം - വൈക്കം (കോട്ടയം)

2. 'കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്' എന്നറിയപ്പെടുന്നത് - പി.കൃഷ്ണപിള്ള 

3. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സജീവ പ്രവർത്തകനായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് - പി.കൃഷ്ണപിള്ള 

4. 'സഖാവ്' എന്ന് ആദ്യമായി അറിയപ്പെട്ട വ്യക്തി - പി.കൃഷ്ണപിള്ള 

5. ഗുരുവായൂർ ക്ഷേത്രമണിയടിച്ച ആദ്യ അബ്രാഹ്മണൻ - പി.കൃഷ്ണപിള്ള

6. ഗുരുവായൂർ സത്യാഗ്രഹത്തിൽ ക്രൂരമായി മർദനമേറ്റ സത്യാഗ്രഹ നേതാവ് - പി.കൃഷ്ണപിള്ള

7. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറി - പി.കൃഷ്ണ പിള്ള 

8. കേരളത്തിലെ ആദ്യകാല തൊഴിലാളി യൂണിയനുകളിലൊന്നായ കാലിക്കറ്റ് ലേബർ യൂണിയന്റെ സംഘാടകൻ - പി. കൃഷ്ണപിള്ള 

9. 1935 ൽ നിലവിൽ വന്ന അഖില കേരള ട്രേഡ് യൂണിയന്റെ സെക്രട്ടറി - പി.കൃഷ്ണപിള്ള 

10. പി.കൃഷ്ണപിള്ള പാമ്പ് കടിയേറ്റ് മരിച്ച സ്ഥലം - കണ്ണാർകാട് (ആലപ്പുഴ)

11. പി.കൃഷ്ണപിള്ളയുടെ അവസാന വാക്കുകൾ - "സഖാക്കളേ മുന്നോട്ട്"

Post a Comment

Previous Post Next Post