ലീഗ് ഓഫ് നേഷൻസ്

ലീഗ് ഓഫ് നേഷൻസ് (League of Nations in Malayalam)

വര്‍ഷം 1914. ഒരു മഹായുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ യൂറോപ്പിനുമേല്‍ മൂടിക്കെട്ടിനിന്ന കാലം. വന്‍ശക്തിയായി വളര്‍ന്ന ജര്‍മന്‍ സൈന്യം ഫ്രാന്‍സിനെയും തുടര്‍ന്ന്‌ റഷ്യയെയും ആക്രമിക്കാനായി യൂറോപ്പിന്റെ പടിഞ്ഞാറന്‍ മുന്നണിയില്‍ നൂറു കിലോമീറ്റര്‍ ദുരത്തില്‍ അണിനിരന്നു. എന്നാൽ, ബ്രിട്ടീഷ് സേനയുടെ സഹായത്തോടെ ഫ്രാൻസ് തിരിച്ചടിച്ചു. ഇരുവശത്തുമായി വേറെയും രാജ്യങ്ങൾ അണിനിരന്നതോടെ യുദ്ധം രൂക്ഷമായി. യുദ്ധം വര്‍ഷങ്ങളോളം നീണ്ടുനിന്നു. കോടിക്കണക്കിന്‌ മനുഷ്യജീവന്‍ പൊലിഞ്ഞതല്ലാതെ ആരും ഒന്നും നേടിയില്ല. വിവിധ രാഷ്ട്രങ്ങളുടെ കണക്കറ്റ സമ്പത്ത്‌ നശിച്ച്‌ മണ്ണടിഞ്ഞു. 1918 നവംബറില്‍ യുദ്ധം അവസാനിച്ചു.

യുദ്ധക്കെടുതിയില്‍ പെട്ടുലഞ്ഞ ലോകത്തെ സമാധാനത്തിന്റെ കുടക്കീഴില്‍ അണിനിരത്താന്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ്‌ വുഡ്രോ വില്‍സന്‍ ഒരു നിര്‍ദേശം മുന്നോട്ടുവച്ചു; ലോക സമാധാനത്തിനും സുരക്ഷയ്ക്കുമായി ഒരു ആഗോള സംഘടന. പല ലോകരാഷ്ട്രങ്ങളും അത്‌ അംഗീകരിച്ചു. അങ്ങനെ, 1919 ൽ പാരിസില്‍ നടന്ന സമാധാന സമ്മേളനത്തില്‍ ഒരു സര്‍വരാജ്യ സഖ്യത്തിന്‌ രൂപരേഖയായി. അതാണ്‌ “ലീഗ്‌ ഓഫ്‌ നേഷന്‍സ്‌". പലപ്പോഴായി 53 രാജ്യങ്ങൾ ലീഗ്‌ ഓഫ്‌ നേഷന്‍സില്‍ അംഗങ്ങളായി. ഒരു അസംബ്ലി, സഖ്യ കക്ഷികളുടെ കൗണ്‍സില്‍, സെക്രട്ടറി ജനറല്‍ അധ്യക്ഷനായ സെക്രട്ടേറിയറ്റ്‌ എന്നിങ്ങനെയായിരുന്നു ലീഗിന്റെ ഘടന. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിച്ച ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ അന്താരാഷ്ട്ര വിഷയങ്ങളില്‍ ഫലപ്രദമായി ഇടപെട്ടു.

എന്നാല്‍, ക്രമേണ അംഗരാജ്യങ്ങളില്‍ പലരും വ്യവസ്ഥകൾ ലംഘിക്കാന്‍ തുടങ്ങി. ലീഗ്‌ ഓഫ്‌ നേഷന്‍സിന്‌ ചരമമണി മുഴക്കിക്കൊണ്ട്‌ 1939-ല്‍ രണ്ടാം ലോകമഹായുദ്ധം തുടങ്ങി. അതോടെ ലോകം വീണ്ടും ഒരു യുദ്ധഭൂമിയായി മാറി. വിവിധ രാജ്യങ്ങൾ ഇരുപക്ഷത്തുമായി ചേരിതിരിഞ്ഞ്‌ മഹായുദ്ധത്തിന്‌ കാഹളം മുഴക്കി. യുദ്ധവെറിയുടെ പടയോട്ടത്തിനിടയില്‍ ലീഗ്‌ ഓഫ്‌ നേഷന്‍സ്‌ അന്ത്യശ്വാസം വലിച്ചു. രണ്ടു ലോകയുദ്ധങ്ങൾക്കിടയിലെ സമാധാനകാലത്ത്‌ മാത്രം ജീവിച്ചിരിക്കാനായിരുന്നു ലീഗിന്റെ വിധി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‌ രൂപംകൊണ്ട അന്താരാഷ്ട്ര സംഘടന - ലീഗ് ഓഫ് നേഷൻസ് 

2. ലീഗ് ഓഫ് നേഷൻസിന്റെ ആസ്ഥാനം - ജനീവ

3. ലീഗ് ഓഫ് നേഷൻസിന്റെ രൂപീകരണത്തിന്‌ വഴി തെളിയിച്ച ഉടമ്പടി - വേഴ്സായ് ഉടമ്പടി (1919)

4. ലീഗ് ഓഫ് നേഷൻസ് എന്ന ആശയം മുന്നോട്ടുവെച്ചത് - വുഡ്രോ വില്‍സണ്‍

5. ലീഗ് ഓഫ് നേഷൻസിന്റെ രൂപീകരണത്തിന്‌ കാരണമായ പതിനാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചത് - വുഡ്രോ വില്‍സണ്‍

6. പതിനാല് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെച്ച സമ്മേളനം - 1919 ലെ പാരിസ്‌ സമ്മേളനം

7. ലീഗ് ഓഫ് നേഷൻസിന്റെ നിയമസംഹിത ഒപ്പുവെച്ചത് - 1919 ജൂണ്‍ 28

8. ലീഗ് ഓഫ് നേഷൻസ് നിലവില്‍ വന്നത്‌ - 1920

9. സർവ്വരാജ്യസഖ്യത്തിലെ സ്ഥാപക അംഗങ്ങളുടെ എണ്ണം - 42

10. ലീഗ് ഓഫ് നേഷൻസിന്റെ പ്രഥമ സെക്രട്ടറി ജനറല്‍ - സര്‍ ജയിംസ്‌ എറിക്‌ ഡ്രമ്മണ്ട്‌ (ഇംഗ്ലണ്ട്)

11. എത്ര പേരാണ്‌ സർവ്വ രാജ്യ സഖ്യത്തിന്റെ സെക്രട്ടറി ജനറല്‍ പദവിയിലെത്തിയത്‌ - 3

12. ലീഗ് ഓഫ് നേഷൻസ് പിരിച്ചു വിട്ട വര്‍ഷം - 1946 ഏപ്രില്‍ 20

13. ഐക്യരാഷ്ട്രസംഘടനയുടെ പിറവിക്കു കാരണമായ സംഘടന - സർവ്വ രാജ്യ സഖ്യം

Post a Comment

Previous Post Next Post