കുഞ്ഞാലി മരക്കാർ ചരിത്രം

കുഞ്ഞാലി മരക്കാർ മ്യൂസിയം (സ്മാരകം)

സാമൂതിരിയുടെ കപ്പൽപടയുടെ കമാൻഡറായിരുന്ന കുഞ്ഞാലി മരയ്ക്കാർ ഒന്നാമന്റെ പേരിലുള്ളതാണീ മ്യൂസിയം. പോർച്ചുഗീസ് പടയ്‌ക്കെതിരെ പോരാടിയ കുഞ്ഞാലിയുടെ ജീവചരിത്രവും ആയുധങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ഈ ചെറു മ്യൂസിയം കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സ്ഥിതിചെയ്യുന്നത്.

കുഞ്ഞാലി മരക്കാർ ചരിത്രം

സമുദ്രാധിപത്യമെന്ന പറങ്കികളുടെ സ്വപ്നത്തിന്‌ ഏറ്റവും വലിയ ഭീഷണിയായിരുന്നത്‌ ധീരരായ കുഞ്ഞാലിമരയ്ക്കാന്മാരുടെ നാവിക സൈന്യമാണ്‌. ഇവരുടെ എതിര്‍പ്പുകൊണ്ടാണ്‌ കോഴിക്കോട്ട്‌ പറങ്കികള്‍ക്ക്‌ കാലുറപ്പിക്കാന്‍ കഴിയാതെ പോയത്‌. കുഞ്ഞാലി മരയ്ക്കാര്‍മാരുടെ ഉത്ഭവത്തെക്കുറിച്ച്‌ വ്യക്തമായി അറിയില്ല. അവര്‍ കൊച്ചിയിലെ കടല്‍ക്കച്ചവടക്കാരായിരുന്നെന്നാണ്‌ ചിലര്‍പറയുന്നത്‌. പോര്‍ച്ചുഗീസുകാര്‍ കൊച്ചി രാജാവിന്റെ പ്രിയപ്പെട്ടവരായപ്പോള്‍ കുഞ്ഞാലിമാര്‍ കൊച്ചി വിട്ട് കോഴിക്കോട്ടേക്കു പോയത്രേ. സാമൂതിരി ഇവരുടെ സേവനം ഉപയോഗപ്പെടുത്തി. ക്രമേണ കുഞ്ഞാലിമാര്‍ സാമൂതിരിയുടെ നാവികപ്പടയുടെ നായകന്മാരാവുകയും ചെയ്തു. അതിവേഗത്തില്‍ പായുന്ന ഓടിവള്ളത്തില്‍ വന്നായിരുന്നു കുഞ്ഞാലിയുടെയും കൂട്ടരുടേയും ആക്രമണം. പറങ്കിക്കപ്പലുകള്‍ എതിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞാലി ആക്രമണം കഴിഞ്ഞ്‌ തിരിച്ച്‌ പോയിരിക്കും!

കന്യാകുമാരി മുതല്‍ കച്ച്‌ തീരംവരെയും ഭാരതത്തിന്റെ കിഴക്കന്‍തീരങ്ങളിലും കുഞ്ഞാലിമരയ്ക്കാരുടെ സൈന്യം പതിയിരുന്നിരുന്നു. ഓരോ വര്‍ഷവും വളരെയേറെ കപ്പലുകളും ചരക്കുകളും ഇവരുടെ ആക്രമണം മൂലം പറങ്കികള്‍ക്ക്‌ നഷ്ടപ്പെട്ടു. എത്ര ശ്രമിച്ചിട്ടും കുഞ്ഞാലിയുടെ സൈന്യത്തെ തുരത്താന്‍ പറങ്കികള്‍ക്ക്‌ കഴിഞ്ഞില്ല. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന് സാമൂതിരി പുതുപട്ടണത്ത്‌ കോട്ട പണിയുന്നതിനും കപ്പല്‍ നിര്‍മാണകേന്ദ്രം തുടങ്ങുന്നതിനും അനുവാദം കൊടുത്തു. ഇതിനും പുറമെ നായര്‍ മാടമ്പിമാര്‍ക്കുണ്ടായിരുന്ന എല്ലാ അധികാരാവകാശങ്ങളും ഈ നാവികസൈന്യാധിപന് നൽകി. ഇത്‌ നായര്‍ മാടമ്പിമാരില്‍ അസൂയയുണ്ടാക്കി. അവരുടെ ഉള്ളിലിരിപ്പ്‌ മനസിലാക്കിയ പറങ്കികള്‍ സാമൂതിരിയേയും കുഞ്ഞാലിമരയ്ക്കാരേയും തെറ്റിക്കാന്‍ പറ്റിയ അവസരം ഇതു തന്നെയാണെന്ന്‌ മനസിലാക്കി. പറങ്കികള്‍ സാമൂതിരിയുടെ ഏതാനും കൊട്ടാരസേവകരേയും മാടമ്പിമാരേയും പണം കൊടുത്ത്‌ പാട്ടിലാക്കി. കുഞ്ഞാലിയുടെ നാവികസേനയിലെ ചില പ്രമുഖരെയും പണം കൊടുത്ത്‌ സ്വാധീനിച്ചു. ചാരപ്രവര്‍ത്തനം ഇരുഭാഗത്തും തകൃതിയായി നടന്നു. ക്രമേണ അതു ഫലം കണ്ടു.

കുഞ്ഞാലിമരയ്ക്കാര്‍ ദുരാഗ്രഹിയും അഹങ്കാരിയുമായി മാറിയിരിക്കുകയാണെന്ന്‌ സാമൂതിരിയെ വിശ്വസിപ്പിക്കാന്‍ പറങ്കികള്‍ക്കു കഴിഞ്ഞു. തന്റെ അഭിപ്രായം മാനിക്കാതെ സാമൂതിരി പൊന്നാനിയില്‍ കോട്ടകെട്ടാ൯ പറങ്കികളെ അനുവദിച്ചത്‌ കുഞ്ഞാലിക്ക്‌ വലിയ വിഷമമുണ്ടാക്കി. സാമൂതിരിയും കുഞ്ഞാലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഊതിവീർപ്പിക്കാന്‍ ഇരുഭാഗത്തുമുള്ള അസൂയാലുക്കള്‍ കിണഞ്ഞു ശ്രമിച്ചു. ഒടുവില്‍ പറങ്കികളുടെ കുടിലതന്ത്രങ്ങൾ വിജയിച്ചു. സാമൂതിരിയും കുഞ്ഞാലിയും ഏറ്റുമുട്ടാന്‍ തീരുമാനിച്ചു. മരയ്ക്കാര്‍പ്പടയെ നശിപ്പിക്കാന്‍ സാമൂതിരി പോര്‍ച്ചുഗീസുകാരുടെ സഹായം തേടി. കടലില്‍ നിന്ന്‌ പറങ്കിപ്പടയും കരയില്‍ നിന്ന്‌ സാമൂതിരിയുടെ പടയും കുഞ്ഞാലിയെ ആക്രമിച്ചു. എന്നിട്ടും ആദ്യഘട്ടത്തില്‍ കുഞ്ഞാലിയെ തോല്‍പിക്കാനായില്ല. 

കൂടുതൽ സജ്ജീകരണങ്ങളോടെ സാമൂതിരിയും കൂട്ടരും രണ്ടാമതുംവന്നു. പുതുപട്ടണംകോട്ട വളഞ്ഞ്‌ കരയില്‍ നിന്നും കടലില്‍ നിന്നും ഉഗ്രമായ ആക്രമണം നടത്തി. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞാലിയുടെ കോട്ടയില്‍ ഭക്ഷണം തീര്‍ന്നു തുടങ്ങി. ഒടുവില്‍ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയോടെ സാമൂതിരിയുടെ മുമ്പില്‍ ഉഗ്രപ്രതാപിയായ ആ പടത്തലവന്‍ വാള്‍ അടിയറ വച്ചു! എന്നാല്‍ കുഞ്ഞാലിയെ വിട്ടുതരണമെന്ന പോർച്ചുഗീസുകാരുടെ ആജ്ഞ സാമൂതിരിക്ക്‌ അനുസരിക്കേണ്ടി വന്നു. ആ ദേശാഭിമാനിയെ ഗോവയിൽ കൊണ്ടുപോയി ക്രൂരമായി വധിച്ചു.

നാലു കുഞ്ഞാലിമാ൪

കുഞ്ഞാലി എന്നത്‌ സാമൂതിരി നാവികസൈന്യാധിപന്‌ കൊടുത്ത സ്ഥാനപേരാണത്രേ! കുഞ്ഞാലിമാരില്‍ പ്രധാനികള്‍ നാലു പേരായിരുന്നു. കുഞ്ഞാലി ഒന്നാമന്‍ പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ സാമൂതിരിയുടെ നാവികസേനയെ നയിച്ചത്‌. 1531 മുതല്‍ 1571 വരെ കുഞ്ഞാലി രണ്ടാമനും 1575 മുതല്‍ 1595 വരെ കുഞ്ഞാലി മൂന്നാമനും ആ സ്ഥാനം വഹിച്ചു. 1595മുതലാണ്‌ കുഞ്ഞാലി നാലാമന്‍ നാവികസൈന്യാധിപനായത്‌.

Post a Comment

Previous Post Next Post