കേശബ് ചന്ദ്ര സെൻ

കേശബ് ചന്ദ്ര സെൻ (Keshab Chandra Sen)

ജനനം: 1838 നവംബർ 19

മരണം: 1884 ജനുവരി 8

തത്വചിന്തകന്‍, മികച്ച പ്രസംഗകന്‍, എഴുത്തുകാരൻ, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലൊക്കെ അറിയപ്പെട്ട സാമൂഹ്യ പരിഷ്കര്‍ത്താവാണ്‌ കേശബ് ചന്ദ്ര സെൻ. 19-ാം നൂറ്റാണ്ടിന്റെ പകുതിയില്‍ ബംഗാളിലെ യുവാക്കള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്‌. മോഹന്‍ സെന്‍, ശാരദാദേവി എന്നിവരുടെ മകനായി 1838 നവംബര്‍ 19-ന്‌ കൊല്‍ക്കത്തയിലാണ്‌ കേശവ ചന്ദ്ര സെൻ ജനിച്ചത്‌. എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു അച്ഛനായ മോഹന്‍ സെന്‍. അതിനാല്‍ത്തന്നെ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ചെറുപ്പത്തിലേ കേശബ്‌ ചന്ദ്ര സെന്‍ തല്‍പരനായിരുന്നു. പതിനേഴാം വയസ്സില്‍ 'ബ്രിട്ടിഷ്‌ ഇന്ത്യ സൊസൈറ്റി' എന്നൊരു സംഘടന മറ്റു ചിലരുമായി ചേര്‍ന്ന്‌ അദ്ദേഹം ആരംഭിച്ചു. ആളുകള്‍ക്ക്‌ വിദ്യാഭ്യാസം കൊടുക്കാനായി ഈ സൊസൈറ്റിയുടെ നേതൃത്വത്തില്‍ തന്റെ വീട്ടില്‍ ഒരു സായാഹ്ന വിദ്യാലയം അദ്ദേഹം തുടങ്ങി.

കൊൽക്കത്താ കോളജിലെ പഠനശേഷം കേശബ്‌ ചന്ദ്ര സെന്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലിക്കു ചേര്‍ന്നു. ഇതിനൊപ്പം സാമൂഹ്യപ്രവര്‍ത്തനങ്ങളും അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 1857-ല്‍ സെന്‍ ബ്രഹ്മസമാജത്തില്‍ ചേര്‍ന്നു. പിന്നിട്‌ ഈ സംഘടനയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. ജാതിവ്യവസ്ഥ, സാമ്പത്തിക അസമത്വം എന്നിവയ്ക്കൊക്കെ എതിരായി പോരാടിയ ആളാണ് സെൻ. സമത്വം എന്ന ആശയത്തില്‍ ഊന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം. എല്ലാ മേഖലയിലും തുല്യത വേണമെന്ന ആശയം അദ്ദേഹം പ്രചരിപ്പിച്ചു. തന്റെ ആശയത്തില്‍ വിശ്വസിക്കുന്ന യുവാക്കളെ സംഘടിപ്പിച്ച്‌ അദ്ദേഹം “സംഗത്‌ സഭ” എന്ന കൂട്ടായ്മയ്ക്ക്‌ രൂപം നല്‍കി.

സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച ആളാണ്‌ കേശബ് ചന്ദ്ര സെൻ. ജാതി വ്യവസ്ഥയെ എതിര്‍ത്ത അദ്ദേഹം സ്ത്രീകള്‍ക്കായി 'ബാമബോധിനി പത്രിക' എന്നൊരു ബംഗാളി മാസികയും ആരംഭിച്ചു. "ഇന്ത്യന്‍ മിറര്‍" എന്ന പേരില്‍ ഒരു ഇംഗ്ലിഷ്‌ പ്രസിദ്ധീകരണവും സെന്‍ നടത്തി. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത്‌ പല പുതിയ രീതികള്‍ക്കും തുടക്കമിട്ട ആളാണ്‌ കേശവ ചന്ദ്ര സെൻ.

സംഗത് സഭ 

1859 ലാണ് കേശബ് ചന്ദ്ര സെന്നിന്റെ നേതൃത്വത്തിൽ സംഗത് സഭ രൂപം കൊണ്ടത്. യുവാക്കളായിരുന്നു സംഗത് സഭയുടെ പ്രധാന പ്രവർത്തകർ. ജാതിവ്യവസ്ഥയെ സഭ ശക്തമായി എതിർത്തു. ദൈവസൃഷ്ടിയിൽ മനുഷ്യർ സമന്മാരാണെന്നും അതിനാൽ സമ്പത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിലുള്ള വേർതിരിവുകൾ പാടില്ലെന്നുമായിരുന്നു വാദം. ആത്മീയവും സാമൂഹികവുമായ വിഷയങ്ങളിൽ സഭ സംവാദങ്ങളും സംഘടിപ്പിച്ചു. രാജ്യത്തിൻറെ പല ഭാഗങ്ങളിലും സംഗത് സഭയ്ക്ക് ശാഖകൾ ഉണ്ടായി.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. സംഗത് സഭയുടെ സ്ഥാപകൻ - കേശബ് ചന്ദ്ര സെൻ

2. ദേബേന്ദ്രനാഥ ടാഗോറിന്റെ നേതൃത്വത്തിലുള്ള ബ്രഹ്മ സമാജിനോട് വിയോജിച്ചുകൊണ്ട് ഇന്ത്യൻ ബ്രഹ്മസമാജ് സ്ഥാപിച്ചത് - കേശവ ചന്ദ്ര സെൻ

3. കേശവ ചന്ദ്ര സെൻ ഇന്ത്യൻ ബ്രഹ്മസമാജ് ആരംഭിച്ചത് - 1866 

4. ഇന്ത്യൻ ബ്രഹ്മസമാജിന്റെ മറ്റൊരു പേര് - ഭാരതവർഷീയ ബ്രഹ്മസമാജ് 

5. ഗുഡ്‌വിൽ ഫ്രറ്റേണിറ്റി എന്ന മത സംഘടന ആരംഭിച്ചത് - കേശവ ചന്ദ്ര സെൻ

6. ഹിന്ദുമതത്തിന്റേയും ക്രിസ്തുമതത്തിന്റേയും ഒരു സങ്കര ദർശനമായ "നവ വിധാൻ" അവതരിപ്പിച്ചത് - കേശബ് ചന്ദ്രസെൻ

7. കേശബ് ചന്ദ്രസെൻ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചത് - 1870 

8. ഇന്ത്യൻ റിഫോം അസോസിയേഷന്റെ ആദ്യ പ്രസിഡന്റ് - കേശബ് ചന്ദ്രസെൻ

9. വേദസമാജം സ്ഥാപിച്ചത് - കേശബ് ചന്ദ്ര സെന്നും, ശ്രീധരലു നായിഡുവും 

10. വേദസമാജം സ്ഥാപിക്കപ്പെട്ട വർഷം - 1864 (മദ്രാസിൽ)

Post a Comment

Previous Post Next Post