ഹോർത്തൂസ് മലബാറിക്കസ്

ഹോർത്തൂസ് മലബാറിക്കസ് (Hortus Malabaricus in Malayalam)

ഒരു പ്രദേശത്തെ ഒട്ടുമിക്ക സസ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അവയുടെ ശാസ്ത്രനാമവും ഔഷധഗുണങ്ങളുമടക്കം വിശദീകരിക്കുന്ന ലോകത്തിലെ ആദ്യഗ്രന്ഥമായിരിക്കും ഹോർത്തൂസ് മലബാറിക്കൂസ്. പ്രസിദ്ധീകരിച്ച്‌ മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷവും ലോകമെങ്ങും ഏറെ പ്രസിദ്ധമാണ്‌ ഈ ഗ്രന്ഥം. പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കൊച്ചിയിലെ ഡച്ച്‌ ഗവര്‍ണറായിരുന്നു ഹെന്‍റിക്‌ ആഡ്രിയന്‍ വാന്‍ റീഡ്‌ ടോട്‌ ഡ്രാക്കെന്‍സ്റ്റൈന്‍ (1636-1691). ഇദ്ദേഹമാണ്‌ ഈ ചരിത്രഗ്രന്ഥത്തിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തതും പണം ചെലവാക്കിയതും അച്ചടിക്കുവേണ്ട മേല്‍നോട്ടം വഹിച്ചതുമെല്ലാം. അതിനാല്‍ ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ കര്‍ത്താവായി വാന്‍ റീഡിന്റെ പേരാണ്‌ നല്‍കിയിരിക്കുന്നത്.

വാന്‍ റീഡ്‌ ഒരു സസ്യശാസ്‌ത്രജ്ഞനായിരുന്നില്ല. അദ്ദേഹത്തിനുവേണ്ടി ഹോര്‍ത്തൂസ്‌ തയ്യാറാക്കിയത് മറ്റു പലരും ചേര്‍ന്നാണ്‌. അക്കാലത്ത് കേരളത്തിലെ പ്രമുഖ നാട്ടുവൈദ്യനായിരുന്ന ഇട്ടി അച്ചുതന്‍, അപ്പു ഭട്ട്‌, രംഗഭട്ട്‌, വിനായക പണ്ഡിറ്റ്‌, ഫാ. മത്തേവൂസ്‌ എന്നിവരാണ്‌ ഇവരില്‍ പ്രധാനികള്‍. ഇവരുടെയൊക്കെ പേരുകളും കുറിപ്പുകളും പുസ്തകത്തിന്റെ ആദ്യഭാഗത്തുതന്നെ വാന്‍ റീഡ്‌ ചേര്‍ത്തിട്ടുണ്ട്‌. ഏഷ്യന്‍ ഭൂഖണ്ഡത്തിലെ ഔഷധമൂല്യമുള്ള സസ്യജാലങ്ങളെക്കുറിച്ച്‌ മറ്റെവിടെയും ലഭ്യമല്ലാത്ത വിവരങ്ങള്‍ ഹോര്‍ത്തുസ്‌ മലബാറിക്കൂസിലുണ്ട്‌. ഈ ഔഷധസസ്യങ്ങള്‍ കൊണ്ട്‌ ചികില്‍സിച്ചു ഭേദമാക്കാവുന്ന രോഗങ്ങള്‍, ചികിത്സാവിധികള്‍ എന്നിവയൊക്കെ അടങ്ങിയ അമൂല്യമായ ഒരു വൈദ്യശാസ്ത്രഗ്രന്ഥം കൂടിയാണത്‌. ഹോര്‍ത്തൂസ്‌ മലബാറിക്കൂസില്‍ ചെടികളുടെ പേരുകള്‍ മാത്രമാണ്‌ മലയാളത്തില്‍ അച്ചടിച്ചുവന്നത്‌. കേരളത്തിലെ സസ്യസമ്പത്ത്‌ യൂറോപ്പിലുള്ളവര്‍ക്ക്‌ പരിചയപ്പെടുത്തുകയായിരുന്നു വാന്‍ റീഡിന്റെ ലക്ഷ്യം. പുസ്തകത്തിന്റെ മൂലകൃതി മലയാളത്തിലാണ്‌ തയാറാക്കിയത്‌. പിന്നീടത്‌ പോര്‍ച്ചുഗീസ്‌ ഭാഷയിലേക്കും അതിനുശേഷം ഡച്ചിലേക്കും അവിടെനിന്ന്‌ ലാറ്റിന്‍ ഭാഷയിലേക്കും മൊഴിമാറ്റം നടത്തി.

പന്ത്രണ്ട്‌ വാല്യങ്ങള്‍. 740-ലേറെ സസ്യങ്ങള്‍. 791 ചിത്രങ്ങള്‍! മലയാളം കണ്ട മഹത്തായ പുസ്തകങ്ങളിലൊന്നാണ്‌ ഹോർത്തൂസ് മലബാറിക്കസ്. ആദ്യമായി മലയാള അക്ഷരങ്ങള്‍ അച്ചടിച്ച പുസ്തകം എന്ന റെക്കോഡും ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്‌ തന്നെ. ലത്തീന്‍ ഭാഷയിലാണ്‌ ഹോര്‍ത്തൂസ്‌ മലബാറിക്കൂസ്‌ പുറത്തിറങ്ങിയതെന്ന്‌ പറഞ്ഞുവല്ലോ. ഇതില്‍ മലയാളം, കൊങ്കിണി, പോര്‍ച്ചുഗീസ്‌, ഡച്ച്‌ എന്നീ ഭാഷകളില്‍ ചെടികളുടെ പേര് നല്‍കിയിരിക്കുന്നു. ഓരോ ചെടിയുടേയും വിവിധ ഭാഷകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരുകളില്‍ നിന്നാണ്‌ ആ സസ്യത്തെക്കുറിച്ചുള്ള വിവരണം തുടങ്ങുന്നത്‌.

സാധാരണ പുസ്തകങ്ങളുടെ പേജിന്റെ ഇരട്ടി വലുപ്പമുള്ളവയാണ്‌ (ഫോളിയോ സൈസ്‌) ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ പേജുകള്‍. ചിത്രങ്ങള്‍ കഴിയുന്നതും യഥാര്‍ഥ വലുപ്പത്തില്‍ തന്നെ ചിത്രീകരിക്കാനായിരുന്നു വാന്‍ റീഡിന്റെയും കൂട്ടരുടെയും ശ്രമം. അതുകൊണ്ട്‌ രണ്ടുപേജിലായി വരുന്നതുപോലെയാണ്‌ ചിത്രങ്ങള്‍ കൊടുത്തത്‌. മരങ്ങളാണെങ്കില്‍ ഇലകളോടുകൂടിയ ഒരു ശാഖയും പൂക്കളും ഫലങ്ങളും കൊടുക്കും. ചെറുചെടികള്‍ വേരോടെ തന്നെ ചിത്രീകരിക്കും. പൂക്കളുടെ ചിത്രങ്ങളെല്ലാം ഇതളുകള്‍ മാറ്റി ഉള്‍ഭാഗം കൃത്യമായി കാണാന്‍ പറ്റുന്ന തരത്തിലാണ്‌ വരച്ചിരിക്കുന്നത്‌. ഫലങ്ങളും വിത്തുകളുമെല്ലാം നെടുകേമുറിച്ച്‌ അവയുടെ ഉള്‍ഭാഗത്തെ വിശദാംശങ്ങള്‍ വ്യക്തമാകുന്നതുപോലെ ചിത്രീകരിച്ചിരിക്കുന്നു.

എല്ലാ സസ്യങ്ങളെയും പരിചയപ്പെടുത്തുന്നത് ഏതാണ്ട്‌ ഒരേ രീതിയിലാണ്‌. വേരില്‍ തുടങ്ങി തണ്ട്‌, ഇല, പുവ്‌, കായ്‌, വിത്ത്‌ എന്നിവയൊക്കെ വിശദമായി പറഞ്ഞിരിക്കുന്നു. ഓരോ സസ്യത്തിന്റെയും ശാസ്ത്രീയമായ കാര്യങ്ങൾ വിവരിച്ച ശേഷം അവയുടെ നിറം, മണം, രുചി തുടങ്ങിയ പ്രത്യേകതകളും ഔഷധഗുണവും പറയുന്നു. ആളുകൾ ഇവ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ഹോര്‍ത്തൂസ്‌ മലബാറിക്കൂസിന്റെ ഒന്ന്‌ മുതല്‍ നാല് വരെ വാല്യങ്ങളില്‍ മരങ്ങളെക്കുറിച്ചും ഒറ്റത്തടി വൃക്ഷങ്ങളെക്കുറിച്ചുമാണ്‌ പറഞ്ഞിരിക്കുന്നത്‌. അഞ്ച്‌, ആറ്‌ വാല്യങ്ങളില്‍ കുറ്റിച്ചെടികളെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു. ഏഴ്‌, എട്ട്‌ വാല്യങ്ങളില്‍ വള്ളിച്ചെടികളാണ്‌. ഒമ്പത്‌ മുതല്‍ 12 വരെയുള്ള വാല്യങ്ങളില്‍ ഔഷധസസ്യങ്ങളെക്കുറിച്ച്‌ പറയുന്നു. ആകെ 1,616 പേജുകളാണ്‌ ഹോര്‍ത്തൂസ്‌ മലബാക്കൂസിനുള്ളത്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മലബാറിലെ ഔഷധസസ്യങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഡച്ചുകാർ തയ്യാറാക്കിയ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്

2. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്

3. ഹോർത്തൂസ് മലബാറിക്കസ് തയ്യാറാക്കാൻ സഹായിച്ച മലയാളി വൈദ്യൻ - ഇട്ടി അച്യുതൻ, രംഗഭട്ട്, അപ്പുഭട്ട്, വിനായക ഭട്ട്, ജോൺ മാത്യൂസ്

4. ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകത്തിൽ ആദ്യം വിവരിക്കുന്ന കേരള സസ്യം ഏതാണ് - തെങ്ങ് 

5. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ആദ്യത്തെ ഔഷധ സസ്യം ഏത് - Tsjovanna-areli

6. ഹോർത്തൂസ് മലബാറിക്കസിൽ പരാമർശിക്കുന്ന അവസാനത്തെ സസ്യം ഏത് - തെന 

7. ഹോർത്തൂസ് മലബാറിക്കസിൽ ഏറ്റവും കൂടുതൽ തവണ വന്നിരിക്കുന്ന ചിത്രം - കുടപ്പന (12 തവണ)

8. ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം ആരുടെ സംഭാവനയാണ് - ഡച്ചുകാരുടെ

9. കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്

10. മലയാളം ആദ്യമായി അച്ചടിച്ച ഹോർത്തൂസ് മലബാറിക്കസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചത് എവിടെ നിന്നാണ് - ആംസ്റ്റർഡാം (1678 - 1703)

11. ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത് - അഡ്‌മിറൽ വാൻറീഡ്

12. ഹോർത്തൂസ് മലബാറിക്കസ് എഴുതപ്പെട്ടത് ഏത് ഭാഷയിൽ - ലാറ്റിൻ

13. ഹോർത്തൂസ് മലബാറിക്കസിൽ ആദ്യ അധ്യായം ആരംഭിക്കുന്നത് ഏത് സസ്യത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് - തെങ്ങ്

14. ഹോർത്തൂസ് മലബാറിക്കസിൽ പ്രതിപാദിക്കുന്ന ആദ്യത്തെ സസ്യം - തെങ്ങ് 

15. ഡച്ചുകാരുടെ മികച്ച സംഭാവനയായി പരിഗണിക്കപ്പെടുന്ന ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്

16. കൊച്ചിയിലെ ഡച്ചുഗവര്‍ണറായിരുന്ന വാന്‍ റീഡിന്റെ രക്ഷാധികാരത്തില്‍ തയ്യാറാക്കപ്പെട്ട സസ്യശാസ്ത്ര ഗ്രന്ഥം - ഹോർത്തൂസ് മലബാറിക്കൂസ്

17. ഡോ.കെ.എസ്‌. മണിലാല്‍ മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ, കേരളത്തിലെ വൃക്ഷലതാദികളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഡച്ചുകാരുടെ ഗ്രന്ഥസമാഹാരമേത്‌ - ഹോർത്തൂസ് മലബാറിക്കൂസ്

18. ഇട്ടി അച്യുതന്‍ എന്ന പാരമ്പര്യവൈദ്യന്റെ സഹായത്തോടെ തയ്യാറാക്കി ഡച്ചുകാര്‍ ആംസ്റ്റർഡാമില്‍ നിന്ന്‌ 12 വാല്യങ്ങളായി പ്രസിദ്ധീകരിച്ച ഗ്രന്ഥ സമാഹാരമേത്‌ - ഹോർത്തൂസ് മലബാറിക്കൂസ്

Post a Comment

Previous Post Next Post