യൂറോപ്യൻ യൂണിയൻ

യൂറോപ്യൻ യൂണിയൻ (European Union)

1951 ൽ യൂറോപ്പിലെ ആറ് രാജ്യങ്ങളുടെ കൂട്ടായ്‌മയായി ആരംഭിച്ചതാണ് 'യൂറോപ്യൻ യൂണിയൻ'. പാരീസ് സന്ധിയിൽ ഒപ്പുവച്ച ആ ആറു രാജ്യങ്ങൾ ബെൽജിയം, ഫ്രാൻസ്, വെസ്റ്റ് ജർമനി, ഇറ്റലി, ലക്‌സംബർഗ്, നെതർലാൻഡ്‌സ് എന്നിവയായിരുന്നു. 1967 ൽ ഇതിന്റെ പേര് 'യൂറോപ്യൻ കമ്മ്യൂണിറ്റി' എന്നായി. 1992 ലെ മാസ്ട്രിച്ച് സന്ധിയെത്തുടർന്ന് വിദേശകാര്യം, പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ സഹകരണം ശക്തിപ്പെടുത്താനും പൊതുവായ നാണയത്തിന് രൂപം നൽകാനും തീരുമാനമായി. ഇതോടെ യൂറോപ്യൻ യൂണിയൻ യാഥാർഥ്യമായി. 1999 ൽ യൂറോ എന്ന പേരിൽ പൊതുവായ ഒരു കറൻസി നിലവിൽ വന്നു. 2002 മുതൽ അവ 12 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. ഇപ്പോൾ യൂറോപ്യൻ യൂണിയനിൽ 27 അംഗരാജ്യങ്ങളുണ്ട്. ബെൽജിയത്തിലെ ബ്രസൽസാണ് യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം. 1951 ൽ ആരംഭിച്ച യൂറോപ്യൻ കോൾ ആൻഡ് സ്റ്റീൽ കമ്മ്യൂണിറ്റി, 1958 ൽ ആരംഭിച്ച യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റി എന്നിവയാണ് യൂറോപ്യൻ യൂണിയന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 2012 ലെ സമാധാനത്തിനുള്ള നൊബേൽ നേടിയത് യൂറോപ്യൻ യൂണിയനായിരുന്നു.

ബ്രെക്സിറ്റ്‌ കരാർ

യൂറോപ്യൻ യൂണിയനിൽ ബ്രിട്ടന്റെ അംഗത്വം തുടരണമോ എന്ന് തീരുമാനിക്കുന്നതിനായി നടന്ന ജനഹിത പരിശോധനയാണ് ബ്രെക്സിറ്റ്‌. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടൻ പിന്മാറുന്നതു സംബന്ധിച്ച് 'ബ്രെക്സിറ്റ്‌ കരാർ' 2020 ജനുവരി 31 അർധരാത്രി നിലവിൽ വന്നു. മൂന്നു വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ബ്രെക്സിറ്റ്‌ ബില്ലിന് ബ്രിട്ടനിൽ അംഗീകാരം ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻ യൂണിയൻ നേതാക്കളുമായി മുൻപുതന്നെ ഒപ്പുവച്ച കരാർ ജനുവരി 29 ന് യൂറോപ്യൻ പാർലമെന്റിന്റെ അന്തിമ അംഗീകാരം നേടി.

നിലവിലെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ 

ഓസ്ട്രിയ,  ബൽജിയം,  ബൾഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഡെന്മാർക്ക്,  എസ്റ്റോണിയ,  ഫിൻലാൻഡ്,  ഫ്രാൻസ്,  ജർമനി, ഗ്രീസ്, ഹംഗറി, അയർലൻഡ്,  ഇറ്റലി, ലാത്‌വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലൻഡ്‌സ്‌, പോളണ്ട്, പോർച്ചുഗൽ, റൊമാനിയ, സ്ലോവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. യൂറോപ്യൻ യൂണിയൻ നിലവിൽ വന്ന വർഷം - 1993 

2. ഏത് ഉടമ്പടി പ്രകാരമാണ് യൂറോപ്യൻ യൂണിയൻ എന്ന പേര് വന്നത് - മാസ്ട്രിച്ച് ഉടമ്പടി (1991)

3. യൂറോപ്യൻ യൂണിയന്റെ പൊതു കറൻസിയാണ് - യൂറോ (യൂറോ നിലവിൽ വന്നത് ജനുവരി 1, 1999 നും വിനിമയം ആരംഭിച്ചത് 2002 ജനുവരി ഒന്ന് മുതലുമാണ്)

4. യൂറോ ഉപയോഗിച്ച് വിനിമയം ആരംഭിച്ചത് - 2002 ജനുവരി 1

5. യൂറോപ്യൻ യൂണിയന്റെ ആപ്തവാക്യം - യുണൈറ്റഡ് ഇൻ ഡൈവേഴ്സിറ്റി

6. യൂറോപ്യൻ യൂണിയന്റെ പ്രത്യേകതകൾ - അംഗരാഷ്ട്രങ്ങൾക്ക് ഏകീകൃത കറൻസി, ഏകീകൃത വിപണി, പൊതുവിദേശനയം, പൊതു കാർഷിക-മത്സ്യബന്ധന നയം എന്നിവയാണ്.

7. ആർക്കാണ് യൂറോ പുറപ്പെടുവിക്കാനുള്ള അധികാരം - ജർമനിയിലെ ഫ്രാങ്ക്ഫർട്ട് ആസ്ഥാനമായ യൂറോപ്യൻ സെൻട്രൽ ബാങ്കിന് 

8. യൂറോപ്യൻ യൂണിയനിലെ അംഗസംഖ്യ - 27 

9. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം - ബെൽജിയൻ നഗരമായ ബ്രസ്സൽസ്

10. യൂറോപ്യൻ യൂണിയനിൽ ഏറ്റവുമൊടുവിലായി അംഗമായ രാഷ്ട്രങ്ങൾ - ക്രൊയേഷ്യ (2013), റൊമാനിയ (2007), ബൾഗേറിയ (2007)

11. യൂറോ കറൻസി അംഗീകരിച്ചിട്ടില്ലാത്ത യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ - സ്വീഡൻ, ഡെൻമാർക്ക്‌, ക്രൊയേഷ്യ, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, പോളണ്ട്, റൊമാനിയ

12. യൂറോപ്യൻ യൂണിയനിൽ അംഗമാകാൻ ആഗ്രഹിക്കുന്ന രാജ്യങ്ങൾ നിർബന്ധമായും അംഗീകരിക്കേണ്ട ഉടമ്പടി - കോപ്പൺ ഹേഗൻ ക്രൈറ്റീരിയ

13. ബ്രെക്സിറ്റ്‌ എന്ന പദം ഏതു രാഷ്ട്രവുമായി ബന്ധപ്പെട്ടിരിക്കുന്നു - ബ്രിട്ടൻ

14. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ അംഗമായ വർഷം : 1973

15. ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറിയത്  : 2020 ജനുവരി 31

16. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറുന്നതു സംബന്ധിച്ച് കരാർ - ബ്രെക്സിറ്റ്‌ കരാർ

17. യൂറോപ്യൻ യൂണിയനിൽ നിന്നും പിന്മാറിയതിന്റെ സ്മരണാർത്ഥം ബ്രിട്ടൻ പുറത്തിറക്കിയ നാണയം : 50 പെൻസ്

18. ബ്രെക്സിറ്റ്‌ ജനഹിത പരിശോധ നടക്കുമ്പോൾ യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് - ജീൻ ക്ലോഡ് ജങ്കർ 

19. ബ്രിട്ടന്റെ പിൻവാങ്ങൽ സുഗമമാക്കുന്നതിനുവേണ്ടി യൂറോപ്യൻ യൂണിയൻ നിയോഗിച്ച വ്യക്തി : മൈക്കിൾ ബാർനീർ

20. യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ രാജ്യം - ഫ്രാൻസ് 

21. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചെറിയ രാജ്യം - മാൾട്ട 

22. യൂറോപ്യൻ യൂണിയനിൽ ആളോഹരി വരുമാനം ഏറ്റവും കൂടുതലുള്ളത് - ലക്സംബർഗ്

23. യൂറോപ്യൻ യൂണിയനിൽ ആളോഹരി വരുമാനം ഏറ്റവും കുറവുള്ള രാജ്യം - ബൾഗേറിയ

Post a Comment

Previous Post Next Post