സാമ്പത്തിക ശാസ്ത്രം (2020)

സാമ്പത്തിക ശാസ്ത്രം (ആനുകാലികം 2020)

ഇക്കോ നേഷ൯സ്‌

പടിഞ്ഞാറന്‍ ആഫ്രിക്കയിലെ എട്ടു രാജ്യങ്ങള്‍ സിഎഫ്‌എ ഫ്രാങ്കിനു പകരം പൊതുകറന്‍സി സ്വീകരിച്ചു. ഐവറി കോസ്റ്റ്‌, മാലി, സെനഗല്‍, നൈജര്‍, ടോഗോ, ബെനിൻ, ബുര്‍ക്കിനാ ഫാസോ, ഗ്വിനിയ - ബിസ്സോ എന്നീ രാജ്യങ്ങളാണ്‌ “ഇക്കോ” എന്ന പുതിയ കറന്‍സിക്കു കീഴില്‍ വന്നത്‌. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഫ്രഞ്ച്‌ സ്വാധീനം അവസാനിപ്പിക്കാനാണ്‌ ഈ നീക്കം. ജൂലൈയോടെ ഇത്‌ നടപ്പിലാക്കി,

ബ്രിട്ടനിലെ ഇന്ത്യന്‍ മന്ത്രി

ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ഫെബ്രുവരിയില്‍ അധികാരമേറ്റു. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍.ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനാണ് ഋഷി. ബ്രിട്ടനിലെ അധികാരശ്രേണിയിൽ പ്രധാനമന്ത്രി കഴിഞ്ഞാൽ അടുത്ത സ്ഥാനം ധനമന്ത്രിയ്ക്കാൻ. നോർത്ത് യോർക്ഷറിലെ റിച്ച്മണ്ടിൽ നിന്നുള്ള കൺസർവേറ്റീവ് പാർട്ടി എംപിയാണിദ്ദേഹം. 

ഇന്ത്യ൯ ഇക്കണോമി

ബ്രിട്ടൺ, ഫ്രാന്‍സ്‌ എന്നിവയെ മറികടന്ന്‌ ഇന്ത്യ ലോകത്തെ അഞ്ചാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. 2019-ല്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം (ജിഡിപി) 2.94 ലക്ഷം കോടി ഡോളറിലെത്തിയതോടെയാണ്‌ ഈ കുതിപ്പ്. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ്‌ ഇന്ത്യക്കു മുന്നിലുള്ള സമ്പദ്‌വ്യവസ്ഥകള്‍.

ഐബിഎമ്മിന് ഇന്ത്യൻ തലവൻ

ആഗോള ഐടി കമ്പനിയായ ഐബിഎമ്മിന്റെ (ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് കോർപറേഷൻ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഇന്ത്യൻ വംശജനായ അരവിന്ദ് കൃഷ്ണ ഏപ്രിലിൽ നിയമിതനായി. ഐബിഎമ്മിന്റെ 108 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ വംശജന്‍ കമ്പനിയുടെ തലപ്പത്തെത്തുന്നത്.

വാട്‌സാപ്‌ നമ്പര്‍ വണ്‍

ലോകത്തേറ്റവും കൂടുതല്‍ പ്രചാരമുള്ള രണ്ടാത്തെ സമൂഹമാധ്യമമെന്ന ബഹുമതി 2020 ഫെബ്രുവരിയില്‍ വാട്സാപ്‌ സ്വന്തമാക്കി. ഉപയോക്താക്കളുടെ എണ്ണത്തില്‍ 200 കോടി കടന്നാണ് ഈ നേട്ടം കൊയ്തത്. വാട്സാപ്പിന്റെ മാതൃകകമ്പനിയായ ഫെയ്‌സ്ബുക്കിനാണ് പ്രചാരത്തിൽ ഒന്നാം സ്ഥാനം. 250 കോടി ഉപയോക്താക്കൾ ഫെയ്‌സ്ബുക്കിനുണ്ട്. വാട്സാപ്‌ ഉപയോഗിക്കുന്നവരുടെ രാജ്യം തിരിച്ചുള്ള എണ്ണത്തിൽ ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം.

ആത്മനിര്‍ഭ൪ ഭാരത് 

കോവിഡ് പ്രതിസന്ധി നേരിടാന്‍ ഇന്ത്യ 20 ലക്ഷം രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജ്‌ പ്രഖ്യാപിച്ചു. ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങൾക്കും കാര്‍ഷിക മേഖലയ്ക്കും ഉള്‍പ്പെടെ ഗുണകരമാകുന്ന 'ആത്മനിര്‍ഭ൪ ഭാരത് അഭിയാന്‍' എന്ന പാക്കേജ്‌ മേയ്‌ 12ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു പ്രഖ്യാപിച്ചത്‌.

ബാങ്കിങ് ലയനം

ഇന്ത്യയുടെ ബാങ്കിങ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഏപ്രില്‍ ഒന്നിന്‌ പ്രാബല്യത്തിലായി. പൊതുമേഖലയിലെ 10 ബാങ്കുകള്‍ ലയിച്ച്‌ നാലു വലിയ ബാങ്കുകള്‍ നിലവില്‍ വന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്‌, കാനറ ബാങ്ക്‌, ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക്‌ എന്നീ ബാങ്കുകളാണ്‌ ലയനതിനുശേഷം തുടരുന്നത്‌. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സും യുണൈറ്റഡ്‌ ബാങ്ക്‌ ഓഫ് ഇന്ത്യയും പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ലയിച്ചു. സിൻഡിക്കറ്റ്‌ ബാങ്ക്‌ കാനറ ബാങ്കിലും അലഹബാദ് ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിച്ചു. ആന്ധ്ര ബാങ്കും കോര്‍പറേഷന്‍ ബാങ്കും യൂണിയൻ ബാങ്ക് ഓഫ്‌ ഇന്ത്യയായി മാറി. 

പിയറി കാർഡിൻ

അറുപത് വർഷത്തോളം ഫാഷന്‍ രംഗത്തു നിറഞ്ഞുനിന്ന പ്രമുഖ ഫ്രഞ്ച്‌ ഡിസൈനർ പിയറി കാർഡിൻ ഡിസംബര്‍ 29-ന്‌ അന്തരിച്ചു. ഫാഷന്‍ രംഗത്ത്‌ പുതിയ തരംഗം സൃഷ്ടിച്ച് 1950 കളിൽ രംഗപ്രവേശം ചെയ്ത കാര്‍ഡിന്‍ ആയിരത്തോളം ഉല്‍പന്നങ്ങളുടെ വിശ്വസ്ത ബ്രാൻഡ് നാമമായി മാറി. പ്രദര്‍ശനങ്ങളിലെ വസ്ത്രശേഖരം വിറ്റ ആദ്യത്തെ ഡിസൈനറും കാർഡിൻ ആണ്‌.

വോഡഫോണ്‍ + ഐഡിയ = വീ!

ലോകത്തിലെ ഏറ്റവും വലിയ ടെലികോം ബ്രാന്‍ഡ്‌ സംയോജനത്തിലൂടെ വോഡഫോണും ഐഡിയയും ഒറ്റ ബ്രാന്‍ഡ്‌ ആയി മാറി. വീ എന്നു വായിക്കാവുന്ന വിധത്തില്‍ Vi എന്നാണ്‌ പുതിയ ബ്രാന്‍ഡ്‌ നെയിം. സെപ്റ്റംബറില്‍ ആയിരുന്നു ലയനം. രണ്ടു വര്‍ഷം മുന്‍പാണ്‌ വോഡഫോണും ഐഡിയയും ലയിച്ചത്‌.

ആർബിഐ @ വൺ മില്യൺ 

ഇന്ത്യയുടെ കേന്ദ്ര ബാങ്ക്‌ ആയ റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയെ (ആര്‍ബിഐ) സമൂഹമാധ്യമമായ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 10 ലക്ഷം കടന്നു. ഫോളവേഴ്‌സിന്റെ എണ്ണം 10 ലക്ഷം കടക്കുന്ന ആദ്യ കേന്ദ്രബാങ്കാണ്‌ ആര്‍ബിഐ. @RBI എന്ന ഹാന്‍ഡില്‍ ആണ്‌ ആര്‍ബിഐയുടെ ട്വിറ്റര്‍ വിലാസം. നവംബറിലാണ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌.

റോഷ്നി നാടാര്‍ മൽഹോത്ര

ഐടി കമ്പനിയായ എച്ച്‌സിഎല്‍ ടെക്നോളജീസിന്റെ ചെയര്‍പഴ്‌സന്‍ ആയി റോഷ്നി നാടാര്‍ മൽഹോത്ര ജൂലൈയില്‍ നിയമിതയായി. എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ്‌ നാടാരുടെ മകളാണ്‌ റോഷ്നി. സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്‌റ്റ്‌ ചെയ്യപ്പെട്ട ഐടി കമ്പനിയുടെ തലപത്തെത്തുന്ന ആദ്യ വനിത എന്ന ബഹുമതിയോടെയാണ്‌ നിയമനം.

റൊണാൾഡോ @ 100 കോടി

കരിയറിലെ വരുമാനം 100 കോടി ഡോളര്‍ (7,313 കോടി) കടക്കുന്ന ലോകത്തെ ആദ്യ ഫുട്‌ബോള്‍ താരമെന്ന നേട്ടം ജൂണില്‍ പോര്‍ച്ചുഗീസ്‌ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കായിക താരമാണ് റൊണാൾഡോ. അമേരിക്കന്‍ ഗോള്‍ഫ്‌ താരം ടൈഗർ വുഡ്‌സും പ്രഫഷണൽ ബോക്‌സിങ്‌ താരം ഫ്ലോയ്ഡ് മെയ്‌വെതറുമാണു ഈ നേട്ടം സ്വന്തമാക്കിയ ആദ്യ കായികതാരങ്ങള്‍.

Post a Comment

Previous Post Next Post