വീരേശലിംഗം പന്തുലു

വീരേശലിംഗം പന്തുലു (Veeresalingam Pantulu)

ജനനം: 1848 ഏപ്രിൽ 16

മരണം: 1919 മേയ് 27

ആധുനിക തെലുങ്ക് സാഹിത്യത്തിന്റെ വളർച്ചയെ സഹായിച്ച വീരേശലിംഗത്തെ 'ആധുനിക ആന്ധ്രയുടെ പിതാവ്' എന്നാണ് അറിയപ്പെടുന്നത്. 1848 ഏപ്രിൽ 16 ന് രാജമുന്ദ്രിയിൽ ഒരു ശൈവബ്രാഹ്മണനായ സുബയ്യനായുഡുവിന്റെയും പുന്നമ്മയുടെയും ഏകമകനായി ജനിച്ചു. കുട്ടിക്ക് നാല് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പ്രാഥമിക വിദ്യാഭ്യാസങ്ങൾക്ക് ശേഷം ഇംഗ്ലീഷും കണക്കും സംസ്കൃതവും പഠിച്ചു. 1861 ൽ വിവാഹിതനായി. 1870 ൽ മെട്രിക്കുലേഷൻ വിജയിച്ചതിന് ശേഷം അദ്ധ്യാപകനായി സ്കൂളിൽ ജോലി നോക്കി. പിന്നീട് കോളേജ് അദ്ധ്യാപകനായി.

ഇരുപത് വയസ്സിനിടയ്ക്ക് രണ്ട് ശതകകാവ്യങ്ങൾ വീരേശലിംഗം രചിച്ചു. തെലുങ്ക് ഗദ്യത്തിന് പുതിയൊരു രൂപം അദ്ദേഹം നൽകി. പഞ്ചതന്ത്രത്തിലെ വിഗ്രഹതന്ത്രം ഗദ്യരൂപത്തിൽ പരിഭാഷപ്പെടുത്തി. തെലുങ്കിൽ നിലവിലുള്ള എല്ലാ കാവ്യരീതികളിലും കാവ്യരചനകൾ നടത്തി. തെലുങ്ക് നോവൽ, നാടകം, ആത്മകഥ, സാഹിത്യ ചരിത്രം, ശാസ്ത്രസാഹിത്യം, ബാലസാഹിത്യം എന്നിവയുടെയെല്ലാം തുടക്കകാരനായിരുന്നു വീരേശലിംഗം. ജാതിക്കും അന്ധവിശ്വാസങ്ങൾക്കും എതിരായി ശാസ്ത്രീയ മനോഭാവം പ്രചരിപ്പിച്ചു. ശൈവവിവാഹത്തെയും സ്ത്രീധനത്തെയും അദ്ദേഹം എതിർത്തു. വിധവാവിവാഹത്തെ പ്രോത്സാഹിപ്പിച്ചു. അതിനായി ധാരാളം എഴുതുകയും പ്രസംഗിക്കുകയും സംഘടനകൾ രൂപീകരിക്കുകയും ചെയ്തു. പൊതുജീവിതത്തിലെ അഴിമതിക്കും അസത്യത്തിനും അധാർമ്മികതയ്ക്കുമെതിരെ അദ്ദേഹം ജനങ്ങളുടെ മുന്നിൽ നിന്ന് പ്രവർത്തിച്ചു. വിധവാലയങ്ങൾ, അഗതിമന്ദിരങ്ങൾ എന്നിവ സ്ഥാപിക്കുകയും അവയുടെ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

ആധുനിക തെലുങ്ക് പത്രപ്രവർത്തനത്തിന്റെ പിതാവായും അറിയപ്പെടുന്നത് അദ്ദേഹമാണ്. 'വിവേകവർധിനി' എന്ന പേരിൽ 1874 ൽ ഒരു പത്രം ആരംഭിച്ചുവെങ്കിലും 1890 ൽ സാമ്പത്തിക ബാധ്യതകളെ തുടർന്ന് നിർത്തി. പത്രപ്രവർത്തനരംഗത്ത് സിവിലായും ക്രിമിനലായും ധാരാളം അപകീർത്തി കേസുകൾ അദ്ദേഹത്തിന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. 1893 ൽ അദ്ദേഹത്തിന് റാവു ബഹദൂർ സ്ഥാനവും ലഭിച്ചു. മുനിസിപ്പിൽ പബ്ലിക് ഹെൽത്ത് കമ്മിറ്റി അംഗമായും താലൂക്ക് ബോർഡിലും ഡിസ്ട്രിക്ട് ബോർഡിലും അംഗമായി സേവനം ചെയ്തിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളിലെ സാമൂഹ്യ പരിഷ്കരണ യോഗങ്ങളിൽ അദ്ധ്യക്ഷം വഹിച്ചിട്ടുണ്ട്. 1906 ഡിസംബർ 12 ന് ഹിതകാരിണി സമാജം സ്ഥാപിച്ച് തന്റെ സകല ഭൂസ്വത്തും പണവും പുസ്തകങ്ങളുടെ പകർപ്പവകാശവും എല്ലാം ആ സമാജത്തിന് ദാനം നൽകുകയും ചെയ്തു. 1919 മേയ് 27 ന് അദ്ദേഹം അന്തരിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് - വീരേശലിംഗം പന്തുലു 

2. ആധുനിക ആന്ധ്രയുടെ പിതാവ് എന്നറിയപ്പെടുന്നത് - വീരേശലിംഗം പന്തുലു

3. ആധുനിക തെലുങ്കു പത്രപ്രവർത്തനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് - വീരേശലിംഗം 

4. 1892 ൽ മദ്രാസ് ഹിന്ദു അസോസിയേഷൻ ആരംഭിച്ചത് - വീരേശലിംഗം

5. 'ഹിതകാരിണി സമാജം' എന്ന സംഘടന സ്ഥാപിച്ചത് - വീരേശലിംഗം 

6. വീരേശലിംഗത്തിന്റെ ജന്മസ്ഥലം - ആന്ധ്രപ്രദേശിലെ രാജമുന്ദ്രിയിൽ 

7. 'ആന്ധ്രയിലെ രാജാറാം മോഹൻ റോയ്' എന്നറിയപ്പെടുന്നത് - വീരേശലിംഗം 

8. സ്ത്രീകൾക്കു വേണ്ടി വീരേശലിംഗം ആരംഭിച്ച മാസിക - സതിഹിത ബോധിനി 

9. 'വിവേകവർധിനി' എന്ന മാസിക ആരംഭിച്ചത് - വീരേശലിംഗം (1874)

10. തെലുങ്ക് സാഹിത്യത്തിലെ ആദ്യ നോവലായ 'രാജശേഖര ചരിത്രം' രചിച്ചത് - വീരേശലിംഗം

Post a Comment

Previous Post Next Post