കടുവ

കടുവ (Tiger)

മാംസഭോജികളുടെ കൂട്ടത്തില്‍ ഏറ്റവും കരുത്തനാണ്‌ കടുവ. കാട്ടിലെ രാജാവ്‌ എന്നു വിശേഷണമുള്ള സിംഹത്തേക്കാള്‍ വലുപ്പത്തിലും ഗാംഭീര്യത്തിലും ശക്തിയിലും ഒരു പടി മുന്നിലാണ്‌ കടുവ. ഇന്ത്യയുടെ ദേശീയമൃഗമായ കടുവ നമ്മുടെ ഒട്ടുമിക്ക വനങ്ങളിലുമുണ്ട്‌. എന്നാല്‍, ഇന്ന്‌ ഇവ എണ്ണത്തില്‍ വളരെ കുറവാണ്‌. അതുകൊണ്ടുതന്നെ അവ ഇപ്പോള്‍ കടുത്ത വംശനാശഭീഷണി നേരിടുന്നു. ലോകത്ത്‌ കടുവകള്‍ക്ക്‌ ഒരേയൊരു ശത്രുവേയുള്ളു. അത്‌ മനുഷ്യനാണ്‌! “പാന്തോറാ ടൈഗ്രിസ്" എന്നാണ്‌ കടുവയുടെ ശാസ്ത്രനാമം. റോമാക്കാരാണ്‌ കടുവയെ 'ട്രൈഗിസ്‌' എന്ന്‌ ആദ്യമായി വിളിച്ചത്‌. അമ്പിന്റെ വേഗത്തെ സൂചിപ്പിക്കുന്ന “ടൈഗ്രാ"എന്ന പേര്‍ഷ്യന്‍ പദത്തില്‍ നിന്നാണ്‌ ടൈഗര്‍ ഉണ്ടായത്‌. കടുവ ഇല്ലാത്ത പ്രമുഖ വനമേഖലയാണ്‌ ആഫ്രിക്കന്‍ കാടുകള്‍.

ഏഷ്യയിലെ സൈബീരിയ, ഇന്ത്യ, ചൈന, ജാവ, സുമാത്ര, നേപ്പാള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ്‌ ഇപ്പോള്‍ കടുവകളുള്ളത്‌. ലോകത്ത്‌ ഇന്ന്‌ അവശേഷിക്കുന്ന കടുവകളുടെ നാല്പതു ശതമാനവും ഇന്ത്യൻ കാടുകളിലാണെന്നു പറയാം. കടുവയ്ക്ക്‌ ഏതാണ്ട്‌ എട്ടടിയോളം നീളവും 190 മുതല്‍ 240 കിലോ വരെ ഭാരവുമുണ്ടാകും. അതിമനോഹരമായ ഓറഞ്ച്‌ നിറത്തില്‍ കറുത്ത, വീതികൂടിയ വരകളാണ്‌ കടുവകളുടെ രോമക്കുപ്പായത്തിനുഉളത്‌. അനായാസമായി നീന്താനും കരയിലൂടെ വേഗത്തില്‍ ഓടാനും ചാടാനും ഇവയ്‌ക്ക്‌ കഴിയും. വനത്തിലെ കരിയിലകളിലൂടെ പോലും ഒച്ചയില്ലാതെ പതുങ്ങി നടക്കാന്‍ ഇവയ്ക്കു കഴിയും. അതിനാല്‍, മറ്റു മൃഗങ്ങള്‍ക്ക്‌ കടുവ അടുത്തെത്തുമ്പോൾ മാത്രമേ അപകടം മനസ്സിലാക്കാന്‍ കഴിയൂ. അതോടെ അവയ്ക്കു രക്ഷപ്പെടലും അസാധ്യമാകും.

കടുവകള്‍ക്ക്‌ കാഴ്ചയേക്കാള്‍ കേള്‍വിശക്തിയും മണം പിടിക്കാനുഉള കഴിവുമാണ്‌ കൂടുതല്‍. മാന്‍, മ്ലാവ്, കാട്ടുപന്നി, കുരങ്ങ്‌, കാട്ടുപോത്ത്‌ തുടങ്ങിയ മൃഗങ്ങളെയാണ്‌ കടുവകള്‍ വേട്ടയാടുന്നത്‌. പതുങ്ങിയിരുന്ന്‌ ഇരയെ കണ്ടെത്തിയാല്‍ അതിനെ പിന്‍തുടര്‍ന്ന്‌ പിന്നിലൂടെ ആക്രമിക്കുകയാണ്‌ ഇവയുടെ രീതി. എന്നാല്‍, ഇരയുടെ പിന്നാലെ ഏറെ ദൂരം ഓടി അതിനെ കീഴ്‌പ്പെടുത്തുന്ന സ്വഭാവം കടുവയ്ക്കില്ല. പുള്ളിമാനെ പോലുളള ചെറിയ ജീവികളെ കടുവ വേട്ടയില്‍ നിന്ന്‌ ഒഴിവാക്കാറുണ്ട്.

ഒരാക്രമണത്തിൽ ലഭിക്കുന്ന ഇര വയറുനിറയെ കഴിക്കാന്‍ പാകത്തിലുള്ളതാകണം - തീറ്റക്കാര്യത്തില്‍ അതാണ്‌ കടുവയുടെ “പോളിസി”. അതിനു പറ്റിയത്‌ മ്ലാവും നീലക്കാളയും കാട്ടുപോത്തുമൊക്കെയാണ്‌. എന്നാല്‍, എല്ലായ്പ്പോഴും അത്‌ കിട്ടണമെന്നില്ല. അതിനാല്‍, കിട്ടുന്ന എന്തിനെയും അകത്താക്കുവാനും കടുവകള്‍ ശീലിച്ചിട്ടുണ്ട്‌. ജലാശയത്തോടു ചേര്‍ന്ന ഏതെങ്കിലും ഒളിത്താവളത്തില്‍വച്ച്‌ ഭക്ഷണം കഴിക്കാനാണ്‌ ഇവയ്ക്ക്‌ താല്‍പര്യം. അതിനാല്‍, മിക്കവാറും ഉള്‍വനത്തിലെ ജലാശയപ്രദേശത്ത്‌ കടുവയുണ്ടാകും. മാന്‍, മ്ലാവ്‌, കാട്ടുപന്നി, കുരങ്ങ്‌, കാട്ടുപോത്ത്‌ എന്നിവ ഇല്ലാത്ത വനത്തില്‍ കടുവകള്‍ കാണുകയില്ലെന്ന്‌ പറയപ്പെടുന്നു.

ഒരിരയെ കിട്ടിയാല്‍ രണ്ടുമൂന്ന്‌ മണിക്കൂര്‍ കഴിച്ചാലേ കടുവയ്ക്കു തൃപ്തി വരികയുള്ളൂ. പച്ചമാംസത്തോടാണ്‌ ഇവയ്ക്ക്‌ പ്രിയം. എന്നാല്‍, അപൂര്‍വമായി അഴുകിയ മാസവും ഇവ കഴിക്കാറുണ്ട്‌. വിശക്കുമ്പോള്‍ മാത്രമേ കടുവ ഇരതേടിയിറങ്ങു. ഇരയെ കിട്ടിയാല്‍ ഉടന്‍ ശാപ്പാടു തുടങ്ങില്ല, ആദ്യം സുരക്ഷിതമായ ഒരു സ്ഥലത്ത്‌ ഇരയെ കടിച്ചു കൊണ്ടുപോയി വയ്‌ക്കും. എത്ര ഭാരമുണ്ടെങ്കിലും. ഇരയെ വലിച്ചു കൊണ്ടുപോകാന്‍ ഇവയ്ക്കു സാധിക്കും. ഭക്ഷണം കഴിക്കുന്ന സമയം മറ്റു ശല്യം ഉണ്ടാകാതിരിക്കാനാണ്‌ ഇപ്രകാരം ചെയ്യുന്നത്‌. ആഹാരം മിച്ചമുണ്ടെങ്കില്‍ പിന്നീട്‌ കഴിക്കാന്‍ വേണ്ടി കരിയില ഇട്ട്‌ അതു മുടിവയ്‌ക്കും.

കൂര്‍ത്ത പല്ലുകളാണ്‌ ഇരയെ കീറിമുറിക്കാന്‍ കടുവയെ സഹായിക്കുന്നത്‌. ഇവയ്ക്ക്‌ 30 പല്ലുകള്‍ ഉണ്ടായിരിക്കും. ഭക്ഷണത്തിന്‌ ക്ഷാമമുണ്ടായാല്‍ പോലും മനുഷ്യവാസമുള്ള പ്രദേശത്ത്‌ കടുവകള്‍ അത്യപൂര്‍വമായേ ഇറങ്ങാറുള്ളു. കാരണം, മനുഷ്യനുമായി ഏറെ അകന്ന്‌ കഴിയാന്‍ താല്‍പര്യമുള്ള ജീവിയാണ് കടുവ. പൂച്ചവര്‍ഗത്തിലെ മറ്റെരു ജന്തുവിനും ഇല്ലാത്തത്ര വെള്ളക്കൊതിയാണ്‌ കടുവയ്ക്ക്‌. ദിവസത്തില്‍ കുറഞ്ഞത്‌ ഒരു പ്രാവശ്യമെങ്കിലും ഇവയ്ക്ക്‌ വെള്ളം കുടിക്കാതെ കഴിയാനാവില്ല. ദാഹം ശമിപ്പിക്കാന്‍ വേണ്ടി മാത്രമല്ല, ഇടയ്ക്കിടെ വെള്ളത്തിലിറങ്ങി ശരീരം തണുപ്പിക്കാനും ഇവക്ക്‌ ഉത്സാഹമാണ്‌.

ഏകാന്തജീവികളായാണ് പലപ്പോഴും കടുവകളെ കാണുന്നത്‌. വേട്ടയാടുന്നതും ഒറ്റയ്ക്കു തന്നെ. കടുവകള്‍ മറ്റുള്ള കടുവകളുടെ ആവാസസ്ഥലത്തേക്ക്‌ കടന്നുകയറാറില്ല. മൂന്നു വര്‍ഷം കൂടുമ്പോഴാണ്‌ സാധാരണയായി കടുവകള്‍ പ്രസവിക്കുന്നത്‌. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ നാലു വരെ കുഞ്ഞുങ്ങളുണ്ടാകും. എന്നാല്‍, കുഞ്ഞുങ്ങളില്‍ പ്രായപൂര്‍ത്തി എത്തുന്നവ ഒന്നോ രണ്ടോ ആയിരിക്കും. ജനിച്ചയുടന്‍ കുഞ്ഞുങ്ങൾക്ക് കണ്ണുകാണാന്‍ കഴിയില്ല.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ഇന്ത്യയുടെ ദേശീയ മൃഗം

2. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ പതാകയില്‍ ചിത്രീകരിക്കപ്പെട്ടിരുന്ന മൃഗം

3. മാര്‍ജാര വര്‍ഗത്തിലെ ഏറ്റവും വലിയ മൃഗം

4. ഏത്‌ മൃഗത്തിന്റെ സംരക്ഷണാര്‍ഥമാണ്‌ 1973-ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പ്രത്യേക പദ്ധതി ആവിഷ്കരിച്ചത്‌

5. ഏത്‌ മൃഗത്തിന്റെ സംരക്ഷണത്തിനാണ്‌ പെരിയാര്‍ സങ്കേതം പ്രസിദ്ധം

6. ഹെയ്‌ലി നാഷണല്‍ പാര്‍ക്ക്‌ ഏത്‌ മൃഗത്തിന്റെ സംരക്ഷണത്തിനാണ്‌ പ്രസിദ്ധം

7. ഏത്‌ ജീവിയുടെ പാദമുദ്രയാണ്‌ പഗ്മാര്‍ക്ക്‌ എന്നറിയപ്പെടുന്നത്‌

8. ഒറീസയിലെ നന്ദന്‍ കാനന്‍ സങ്കേതം ഏത്‌ മൃഗത്തിന്റെ സംരക്ഷണത്തിനാണ്‌ പ്രസിദ്ധം

9. റുഡ്യാര്‍ഡ്‌ കിപ്ലിങിന്റെ ജംഗിള്‍ ബുക്കില്‍ പരാമർശിക്കപ്പെടുന്ന ഷേര്‍ഖാന്‍ ഏതിനം മൃഗമാണ്‌

10. ഏത്‌ മൃഗത്തിന്റെ ശാസ്ത്രനാമമാണ്‌ പാന്തെറ ട്രൈഗിസ്‌

11. "സുന്ദര്‍ബന്‍സ്‌ സങ്കേതം" ഏത്‌ മൃഗത്തിന്റെ സംരക്ഷണത്തിനാണ്‌ പ്രസിദ്ധം

12. ചോളന്‍മാരുടെ ചിഹ്നം ഏതായിരുന്നു,

13. സിംഹവും ഏത്‌ ജീവിയും ഇണ ചേരുന്നതിന്റെ ഫലമായിട്ടാണ്‌ ടൈഗണ്‍ (ആൺ കടുവയും പെൺ സിംഹവും), ലൈഗര്‍ (ആൺ സിംഹവും പെൺ കടുവയും) തുടങ്ങിയ ജീവികള്‍ ഉണ്ടാകുന്നത്‌

14. വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഫണ്ടിന്റെ കണക്കുപ്രകാരം ലോകത്ത്‌ ഏറ്റവും കൂടുതല്‍ വംശനാശം നേരിടുന്ന ജീവി

15. അനിമല്‍ പ്ലാനറ്റ്‌ നടത്തിയ സര്‍വേയില്‍ ഏറ്റവും ജനപ്രിയമൃഗമായി തിരഞ്ഞെടുക്കപ്പെട്ടത്‌

16. ബംഗ്ലാദേശിന്റെ ദേശീയ മൃഗം

17. തെക്കന്‍ കൊറിയയുടെ ദേശീയ മൃഗം

18. ടിപ്പു സുല്‍ത്താന്റെ ഔദ്യോഗിക ചിഹ്നം

19. വേട്ടയാടുന്ന മൃഗങ്ങളില്‍ ഏറ്റവും ശക്തന്‍

20. റിസര്‍വ്വ്‌ ബാങ്കിന്റെ മുദ്രയില്‍ കാണുന്ന മൃഗം

21. കരടി കഴിഞ്ഞാല്‍ കരയിലെ ഏറ്റവും വലിയ മാംസഭോജി

Post a Comment

Previous Post Next Post