ഇന്തോ ഗ്രീക്ക് സാമ്രാജ്യം

ഇന്തോ ഗ്രീക്ക് സാമ്രാജ്യം

ബി.സി. രണ്ടാം നൂറ്റാണ്ടുമുതല്‍ ഇന്ത്യയിലേക്ക്‌ വിദേശീയരുടെ തുടര്‍ച്ചയായ കടന്നാക്രമണങ്ങള്‍ ഉണ്ടായി. ഇതില്‍ ആദ്യത്തേത്‌ ബാക്ട്രിയന്‍ ഗ്രീക്കുകാരുടേതായിരുന്നു. അലക്‌സാണ്ടറുടെ കാലത്ത് ഗ്രീക്കുകാരുടെ അധീനതയിലായിരുന്ന ബാക്ട്രിയ (വടക്കൻ അഫ്ഗാനിസ്ഥാൻ) ബി.സി. മൂന്നാം നൂറ്റാണ്ടില്‍ ഒരു സ്വതന്ത്ര രാജ്യമായിത്തീര്‍ന്നു. എന്നാല്‍ ബാക്ട്രിയന്‍ ഭരണാധികാരികളുടെ നില സുരക്ഷിതമായിരുന്നില്ല. മധ്യേഷ്യയിലെ സിഥിയന്മാര്‍ (ശകന്മാര്‍) അവര്‍ക്കെതിരെ ആകമണ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. സിഥിയന്മാരുടെ ആക്രമണങ്ങള്‍ ശക്തിപ്പെട്ടപ്പോള്‍ ബാക്ട്രിയന്മാര്‍ ഇന്ത്യയിലേക്കു നീങ്ങുവാന്‍ നിര്‍ബ്ബന്ധിതരായി.


ബാക്ട്രിയായിലെ ഭരണാധികാരിയിരുന്ന ഡെമിട്രിയസ്സാണ്‌ ഇന്ത്യയുടെ നേരെയുള്ള ആക്രമണം തുടങ്ങിയത്‌. ഇന്ത്യയില്‍ അതിക്രമിച്ചു കടന്ന ബാക്ട്രിയന്മാര്‍ ഇന്തോ-ഗ്രീക്കുകാര്‍ അഥവാ ബാക്ട്രിയന്‍ ഗ്രീക്കുകാര്‍ എന്നറിയപ്പെട്ടു. ബി.സി രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വടക്കുപടിഞ്ഞാറൻ ഇന്ത്യയുടെ വലിയൊരു ഭാഗം അവര്‍ കൈവശപ്പെടുത്തി. പഞ്ചാബും സിന്ധുമെല്ലാം കൈപ്പിടിയിലാക്കിയ ഇന്തോ-ഗ്രീക്കുകാര്‍ പാടലിപുത്രം വരെ ചെന്നെത്തിയെന്ന്‌ പറയപ്പെടുന്നു.


ഇന്തോ - ഗ്രീക്ക്‌ ഭരണാധികാരികളില്‍ ഏറ്റവും പ്രശസ്തൻ മെനാന്‍ഡര്‍ അഥവാ മിലിന്ദ ആയിരുന്നു. ബി.സി. 150 മുതല്‍ 135 വരെയാണ്‌ അദ്ദേഹം ഭരണം നടത്തിയത്‌. വടക്കു- പടിഞ്ഞാറന്‍ ഇന്ത്യയില്‍ ഇന്തോ ഗ്രീക്കുകാരുടെ ഭരണം സുസ്ഥിരമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മെനാന്‍ഡര്‍ ബുദ്ധമതം സ്വീകരിച്ചുവെന്ന്‌ രേഖകള്‍ പറയുന്നു. നാഗസേനന്‍ എന്ന ബുദ്ധസന്യാസിയാണ്‌ അദ്ദേഹത്തെ ബുദ്ധമതത്തിലേക്കു പരിവര്‍ത്തനം ചെയ്തത്‌. ബുദ്ധമതത്തെക്കുറിച്ച്‌ മെനാന്‍ഡര്‍ ചോദിച്ച ചോദ്യങ്ങളും അവയ്ക്ക്‌ നാഗസേനന്‍ നല്‍കിയ ഉത്തരങ്ങളും പുസ്തകരൂപത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. 'മിലിന്ദ പാന്‍ഹ' അഥവാ "മിലിന്ദന്റെ ചോദ്യങ്ങള്‍" എന്നാണ്‌ ആ പുസ്തകത്തിന്റെ പേര്. 


ബി.സി. ഒന്നാം നൂറ്റാണ്ടിലുണ്ടായ ശകന്മാരുടെ ആക്രമണത്തോടെ ഇന്തോ ഗ്രീക്ക് രാജ്യങ്ങള്‍ തകരാന്‍ തുടങ്ങി. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ഇന്തോ-ഗ്രീക്ക് ഭരണം ഇന്ത്യന്‍ കലയിലും നാണയ വ്യവസ്ഥയിലുമെല്ലാം സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഗ്രീക്ക് ഭരണം ഇന്ത്യയില്‍ ഹെല്ലനിസ്റ്റിക്‌ കലകള്‍ അവതരിപ്പിച്ചു, അനേകം പടുകൂറ്റന്‍ കെട്ടിടങ്ങള്‍ അവര്‍ പണി കഴിപ്പിച്ചു. ഒപ്പം അവരുടെ കൈവിരുത്‌ പ്രദര്‍ശിപ്പിച്ച ചെറുതും മനോഹരവുമായ വസ്തുക്കളും ഇവിടെ അവതരിപ്പിച്ചു.


ഇന്തോ ഗ്രീക്കുകാരുടെ നാണയങ്ങളാണ്‌ അവരെ ചരിത്ര പ്രാധാനികളാക്കുന്നത്‌. ഇന്ത്യയില്‍ ആദ്യമായി സ്വര്‍ണ്ണനാണയങ്ങള്‍ പുറത്തിറക്കിയത്‌ ഇന്തോ ഗ്രീക്കുകാരാണ്‌. നാണയങ്ങള്‍ രാജാക്കന്മാരുടെ പേരിലാണ്‌ പുറത്തിറക്കിയിരുന്നത്‌, നാണയങ്ങളില്‍ രാജാക്കന്മാരുടേയും ദൈവങ്ങളുടേയും ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്തോ ഗ്രീക്കുകാരുടെ ചരിത്രം പുനര്‍നിര്‍മ്മിക്കുന്നത്‌ മുഖ്യമായും അവരുടെ നാണയങ്ങളെ അടിസ്ഥാനമാക്കിയാണ്‌.


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. പാടലീപുത്രം വരെ അതിർത്തി ഉണ്ടായിരുന്ന ഇന്തോ-ഗ്രീക്ക് രാജാവ് ആര്? - മെനാന്‍ഡര്‍


2. മെനാന്‍ഡറിന്റെ നാണയങ്ങൾ കണ്ടത് എവിടെയെല്ലാം? - കാബൂളിലും മധുരയിലും


3. പ്രശസ്തനായ ഇന്തോ-ഗ്രീക്ക് രാജാവ് മെനാന്‍ഡര്‍ ഏതു കുടുംബത്തിൽപ്പെട്ട ആളാണ്? - യൂതി ഡെമസ്സിൽ


4. മെനാന്‍ഡറിനെ ബുദ്ധമതത്തിലേക്ക് മാറ്റിയത് ആര്? - നാഗസേനന്‍


5. രാജാക്കന്മാരുടെ പേരിലുള്ള നാണയങ്ങൾ ആദ്യമായി പുറത്തിറക്കിയത് ആര്? - ഇന്തോ-ഗ്രീക്കുകാർ


6. ഇന്തോ-ഗ്രീക്കുകാർ കൈയേറുന്നതിനു മുമ്പ് തക്ഷശില ഭരിച്ചിരുന്നത് ആര്? - വ്യവസായികളുടെ ഒരു കമ്പനി


7. ഇന്തോ-ഗ്രീക്കുകാർ അവതരിപ്പിച്ച സ്ഥാനനാമങ്ങൾ ഏതൊക്കെ ആയിരുന്നു? - ഉത്കൃഷ്ടമായ രാജാവ്, ദൈവതുല്യയായ രാജ്ഞി, മെരിഡാർച്ച് മുതലായവ

0 Comments