മുട്ടയിടുന്ന സസ്തനി

മുട്ടയിടുന്ന സസ്തനികൾ 

കുഞ്ഞുങ്ങളെ പ്രസവിച്ച് പാലൂട്ടി വളർത്തുന്ന ജീവികളാണല്ലോ സസ്തനികൾ. എന്നാൽ സസ്തനികളുടെ ഈ നിർവചനം പൊളിച്ചെഴുതിയ രണ്ടുപേർ അവർക്കിടയിലുണ്ട്. പ്ലാറ്റിപ്പസും എകിഡ്നയും. ഇവ പ്രസവിക്കുകയല്ല, മുട്ടയിടുകയാണ്. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾ അമ്മയുടെ പാൽ കുടിച്ച് വളരുകയും ചെയ്യും! ഓസ്ട്രേലിയ, ടാസ്മാനിയ, ന്യൂഗിനിയ എന്നിവിടങ്ങളിൽ മാത്രമേ ഈ ജീവികളുള്ളൂ. അതും വളരെ കുറച്ചുമാത്രം.

പ്ലാറ്റിപ്പസിന് ഡക്ക് - ബിൽഡ് പ്ലാറ്റിപ്പസ് എന്നും എക്കിഡ്‌നയ്ക്ക് സ്പൈനി ആൻറ് ഈറ്റർ എന്നും പേരുണ്ട്. ഡക്ക്  - ബിൽഡ് പ്ലാറ്റിപ്പസിന്റേത് താറാവിന്റേതുപോലെ പരന്ന കൊക്കാണ്. താൽപാദവും താറാവിന്റേതുപോലെ തന്നെ. വാല് ബീവറിന്റേതുപോലെ. ദേഹം മൂടിയ രോമക്കുപ്പായം ചിലയിനം എലികളുടേതുപോലെ. മൊത്തത്തിൽ പല ജീവികളെ ചേർത്തുവച്ചതുപോലിരിക്കും ഇതിനെ കണ്ടാൽ! ഒന്നാന്തരം നീന്തൽക്കാർ കൂടിയായ ഇവയെ പ്രധാനമായും കണ്ടുവരുന്നത് പുഴകളുടെയും മറ്റു ജലാശയങ്ങളുടെയും തീരത്താണ്. മത്സ്യമാണ് ഇഷ്ടഭക്ഷണം.

പക്ഷികൾ അടയിരിക്കുന്നതുപോലെ മുട്ടകൾ ശരീരത്തോട് ചേർത്തുവച്ച് ചൂട് നൽകിയാണ് പെൺ പ്ലാറ്റിപ്പസുകൾ മുട്ട വിരിയിക്കുക. പത്തു ദിവസം കൊണ്ട് മുട്ട വിരിയും. ഏറ്റവുമടുത്ത ബന്ധുക്കളാണെങ്കിലും കാഴ്ചയിൽ ഏറെ വ്യത്യസ്തരാണ് പ്ലാറ്റിപ്പസും എക്കിഡ്‌നയും. ട്യൂബു പോലെ നീണ്ട 'കൊക്കും' മുള്ളുകൾ നിറഞ്ഞ രോമക്കുപ്പായവുമുള്ള ചെറുജീവിയാണ് എക്കിഡ്‌ന. പ്രധാന ഭക്ഷണം ചിതലും ഉറുമ്പും. ശരീരത്തിലെ പ്രത്യേക അറയിൽ സൂക്ഷിക്കുന്ന മുട്ട വിരിഞ്ഞാണ് ഇവയുടെ കുഞ്ഞ് പുറത്തുവരിക.  

Post a Comment

Previous Post Next Post