ക്ലോണിങ്

ക്ലോണിങ് (Cloning in Malayalam)

ജീവശാസ്ത്രത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ക്ലോണിംഗ്. ഒരു ജീവിയുടെ സമാന ജനിതകഘടനയുള്ള നിരവധി ജീവികളെ കൃതിമമായി സൃഷ്ടിക്കുവാൻ കഴിയുന്ന വിദ്യയാണ് ക്ലോണിങ്. സാധാരണയായി ഒരു ജീവിയുടെ സമാന ജനിതകഘടന അതിന്റെ സന്തതികളിലാണ് കാണപ്പെടുന്നത്. ലൈംഗിക പുനരുൽപാദനത്തിലൂടെയാണ് സ്വാഭാവികമായി ഇത് സാധ്യമാകുന്നത്. എന്നാൽ ഒരു അലൈംഗിക പുനരുല്പാദന പ്രക്രിയയാണ് ക്ലോണിംഗ്. ക്ലോണിങിലൂടെ രൂപപ്പെടുന്ന ജീവികളുടെ പകർപ്പ് 'ക്ലോണുകൾ' എന്നാണ് അറിയപ്പെടുന്നത്.


ക്ലോണിങ് നടത്തുന്നതെങ്ങനെയെന്ന് നോക്കാം. ക്ലോണിങിനായി ഒരു ജീവിയുടെ കോശത്തിൽ നിന്നും കോശകേന്ദ്രം വേർതിരിച്ച് എടുക്കുന്നു. ഇത് കോശകേന്ദ്രം നീക്കം ചെയ്ത ഒരു അണ്ഡവുമായി സംയോജിപ്പിക്കുന്നു. ഇങ്ങനെ പുതിയ കോശകേന്ദ്രം കടത്തിയ അണ്ഡത്തെ ഭ്രൂണമായി വളർത്തിയെടുക്കുന്നു. ഇതിൽ നിന്ന് ജനിക്കുന്ന ജീവി, കോശകേന്ദ്രം എടുത്ത ജീവിയുടെ തനി ജനിതകപ്പകർപ്പായിരിക്കും.


വംശനാശം സംഭവിച്ചതും നാശോന്മുഖവുമായ ജീവികളെ പുനഃസൃഷ്ടിക്കുക എന്നത് ജീവശാസ്ത്രജ്ഞരുടെ സ്വപ്നങ്ങളിൽ ഒന്നാണ്. സ്വപ്നം യാഥാർഥ്യമാക്കുവാൻ ക്ലോണിംഗ് അവർക്ക് വഴി തുറന്നിരിക്കുന്നു. ഇത്തരം ജീവികളിൽ നിന്നോ അവയുടെ ഫോസിലുകളിൽ നിന്നോ പ്രവർത്തനക്ഷമമായ ഒരു ഡി.എൻ.എ പുനർനിർമിക്കാൻ കഴിഞ്ഞാൽ ആ ജീവികളുടെ എത്ര 'പകർപ്പുകൾ' വേണമെങ്കിലും ക്ലോണിങിലൂടെ സൃഷ്ടിക്കാൻ കഴിയും. ഈ അറിവാണ് ശാസ്ത്രജ്ഞർക്ക് പ്രതീക്ഷ നൽകുന്നത്. ഇതിൽ ശ്രദ്ധേയമായ വിജയങ്ങൾ ജീവശാസ്ത്ര ലോകം ഇതിനകം നേടിയിട്ടുണ്ട്.


1996 ൽ ക്ലോണിങിലൂടെ ആദ്യത്തെ സസ്തനി പിറന്നു; ഡോളി എന്ന ചെമ്മരിയാട്. ഡോക്ടർ ഇയാൻ വിൽമുട്ടിന്റെ നേതൃത്വത്തിലാണ് ക്ലോണിങ് നടന്നത്. സ്കോട്ട്ലൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഡോളി പിറന്നത്. 2003 വരെയേ ഡോളി ജീവിച്ചിരുന്നുള്ളൂ. 2003 ഫെബ്രുവരി 12 ന് ആർത്രൈറ്റിസ് രോഗബാധയെത്തുടർന്ന് ഡോളിയെ ദയാവധത്തിന് വിധേയമാക്കി. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ 


1. ക്ലോണിംഗിന്റെ പിതാവ് - ഇയാൻ വിൽമുട്ട് 


2. ആദ്യ ജീവിയെ വികസിപ്പിച്ചെടുത്ത സ്ഥാപനം - സ്കോട്ട്ലൻഡിലെ റോസ്‌ലിൻ ഇൻസ്റ്റിറ്റ്യൂട്ട് 


3. ക്ലോണിംഗിലൂടെ സൃഷ്ടിച്ച ആദ്യ ജീവി - ഡോളി എന്ന ചെമ്മരിയാട് (1996)


4. ക്ലോണിംഗിലൂടെ പിറന്ന ഡോളിയെ ബാധിച്ച രോഗം - ആർത്രൈറ്റിസ്


5. ചുണ്ടെലിയുടെ ചർമ്മകോശങ്ങൾ ഉപയോഗിച്ച് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ ചുണ്ടെലി - ദിനി 


6. ക്ലോണിങ്ങിലൂടെ ആദ്യമായി എരുമക്കിടാവ് ജനിച്ച രാജ്യം - ഇന്ത്യ (സംരൂപ)


7. സംരൂപയെ സൃഷ്ടിച്ചത് (2009 ഫെബ്രുവരി 6) - നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഹരിയാന)


8. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച രണ്ടാമത്തെ എരുമ - ഗരിമ 


9. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യത്തെ കുതിര - പ്രൊമിത്യ 


10. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യത്തെ ഒട്ടകം - ഇൻജാസ് 


11. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ കാശ്മീരി പാശ്‌മിന ആട് - നൂറി 


12. ക്ലോണിങ്ങിലൂടെ പിറന്ന ആദ്യ ചെന്നായ്ക്കൾ - സ്നുവൾഫും, സ്നുവൾഫിയും


13. ക്ലോണിംഗ് നടത്തിയ ആദ്യ ഇസ്ലാമിക രാജ്യം - ഇറാൻ 


14. ഷാങ്ഹായിലെ ചൈനീസ് അക്കാദമി ഓഫ് സയൻസിലെ ഗവേഷകർ, ക്ലോണിംഗിലൂടെ സൃഷ്ടിച്ച ജനിതക സാമ്യമുള്ള രണ്ട് കുരങ്ങുകൾ - സോങ് സോങ്, ഹുവ ഹുവ (ഉപയോഗിച്ച സാങ്കേതികവിദ്യ - സൊമാറ്റിക് സെൽ ന്യൂക്ലിയർ ട്രാൻസ്‌ഫർ)


15. ആദ്യമായി ക്ലോണിങ്ങിലൂടെ പിറന്ന നായ - സ്‌നപ്പി


16. ആദ്യമായി ക്ലോണിങ്ങിലൂടെ പിറന്ന പൂച്ച - കോപ്പി ക്യാറ്റ് (കാർബൺ കോപ്പി)


17. ആദ്യമായി ക്ലോണിങ്ങിലൂടെ പിറന്ന എലി - റാൽഫ്


18. ആദ്യമായി ക്ലോണിങ്ങിലൂടെ പിറന്ന കുരങ്ങ് - ടെട്ര 


19. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്‌ടിച്ച പശു - വിക്ടോറിയ 


20. ക്ലോണിങ്ങിലൂടെ ആദ്യമായി സൃഷ്‌ടിച്ച കോവർ കഴുത - ഇദാഹോജെ

0 Comments