കോശ സിദ്ധാന്തം

കോശസിദ്ധാന്തം (Cell Theory)

ജീവശാസ്ത്രത്തിലെ ആധാരശിലകളിലൊന്നാണ് കോശ സിദ്ധാന്തം. കോശത്തിന്റെ പ്രത്യേകതകൾ വിവരിക്കുന്ന ശാസ്ത്രസിദ്ധാന്തമാണിത്. 1839 ലാണ് കോശസിദ്ധാന്തം ആവിഷ്കരിക്കപ്പെട്ടത്. ജീവശാസ്ത്രകാരന്മാരായ മത്യാസ് ജേക്കബ് സ്ളീഡൻ, തിയഡോർ ഷ്വാൻ എന്നിവർ ചേർന്നാണ് കോശസിദ്ധാന്തം ആവിഷ്കരിച്ചത്. 

കോശസിദ്ധാന്തം മൂന്ന് വസ്തുതകളാണ് വ്യക്തമാക്കിയത്. അവ ഇനി പറയുന്നു: എല്ലാ ജീവികളും ഒന്നോ അതിലധികമോ കോശങ്ങൾ കൊണ്ട് നിർമിക്കപ്പെട്ടവയാണ്, കോശങ്ങൾ നേരത്തേ ഉണ്ടായിരുന്ന കോശങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത് (പഴയ കോശങ്ങൾ രണ്ടായി മുറിഞ്ഞ് പുതിയവ ഉണ്ടാകുന്നു), എല്ലാ ജീവികളുടേയും ജീവന് ആധാരമായ ധർമങ്ങൾ (Vital Functions) കോശങ്ങളിലാണ് നടക്കുന്നത്.

മത്യാസ് ജേക്കബ് സ്ളീഡൻ

ജർമൻ സസ്യശാസ്ത്രജ്ഞനായിരുന്നു മത്യാസ് ജേക്കബ് സ്ളീഡൻ. വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനിടയിലാണ് സ്ളീഡന് സസ്യശാസ്ത്രത്തിൽ കമ്പം കയറിയത്. അങ്ങനെ അദ്ദേഹം മുഴുവൻ സമയ സസ്യശാസ്ത്രപഠനം തുടങ്ങി. സൂക്ഷ്മദർശിനിയിലൂടെ സസ്യങ്ങളുടെ ഘടന നിരീക്ഷിക്കുന്നതിലായിരുന്നു സ്ളീഡന് താൽപര്യം. ജീന സർവകലാശാലയിൽ സസ്യശാസ്ത്ര പ്രഫസർ ആയിരിക്കെയാണ് കോശസിദ്ധാന്തത്തിന് ആധാരമായ കണ്ടെത്തൽ അദ്ദേഹം നടത്തിയത്. സസ്യങ്ങളുടെ വിവിധഭാഗങ്ങൾ കോശങ്ങളാൽ നിർമ്മിതമാണെന്നായിരുന്നു അത്. 

തിയഡോർ ഷ്വാൻ

1837 ൽ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷണങ്ങൾ ആധാരമാക്കി എല്ലാ ജീവികളും കോശങ്ങളോ കോശോല്പന്നങ്ങളോ കൊണ്ട് നിർമിച്ചതാണെന്ന് അദ്ദേഹം കണ്ടെത്തി. ഈ കണ്ടെത്തലാണ് സ്ളീഡനുമായി ചേർന്ന് കോശസിദ്ധാന്തം ആവിഷ്കരിക്കാൻ ഇടയാക്കിയത്. മറ്റ് ചില ഗവേഷണങ്ങളും ഷ്വാൻ നടത്തിയിരുന്നു. അതിലൊന്നാണ് 'ഷ്വാൻ കോശം'. സ്വാനിന്റെ പേരിൽ തന്നെയുള്ള ഇത് പെരിഫറൽ നാഡീവ്യൂഹത്തിലെ കോശങ്ങളാണ്. 'മെറ്റബോളിസം' എന്ന പദം കണ്ടെത്തിയതും ഇദ്ദേഹമാണ്.

ആധുനിക കോശ സിദ്ധാന്തം

■ ഒന്നോ അതിലധികമോ കോശങ്ങൾ കൊണ്ടാണ് എല്ലാ ജീവികളും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. എല്ലാ ജീവനുള്ള കോശങ്ങളും നേരത്തെ ഉണ്ടായിരുന്ന കോശങ്ങൾ വിഭജിച്ചാണ് ഉണ്ടാകുന്നത്. 

■ എല്ലാ ജീവികളുടെയും ഘടന, പ്രവർത്തനം എന്നിവയുടെ അടിസ്ഥാനഘടകം കോശമാണ്.

■ ഒരു ജീവിയുടെ പ്രവർത്തനം ആ ജീവിയുടെ സ്വാതന്ത്രകോശങ്ങളുടെ ആകെ പ്രവർത്തനത്തിൽ അധിഷ്ഠിതമാണ്. കോശത്തിനുള്ളിൽ ഊർജത്തിന്റെ ഒഴുക്കുണ്ട്.

■ കോശത്തിൽ പാരമ്പര്യ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. അവ കോശവിഭജനത്തിൽ ഒരു കോശത്തിൽ നിന്നും മറ്റൊരു കോശത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. സമാന വർഗങ്ങളിലെ ജീവികളുടെ കോശങ്ങളിലെ അടിസ്ഥാന രാസഘടന ഒന്നു തന്നെയാണ്.

PSC ചോദ്യങ്ങൾ 

1. കോശ സിദ്ധാന്തം ആവിഷ്കരിച്ചത് - ജേക്കബ് സ്ളീഡൻ, തിയഡോർ ഷ്വാൻ

2. കോശ സിദ്ധാന്തം പരിഷ്കരിച്ചത് - റുഡോൾഫ് വിർഷോ 

3. കോശങ്ങൾ നേരത്തേ ഉണ്ടായിരുന്ന കോശങ്ങളിൽ നിന്നു മാത്രമേ പുതിയവ ഉണ്ടാകുന്നുള്ളൂ എന്ന് പ്രസ്താവിച്ചത് - റുഡോൾഫ് വിർഷോ 

4. കോശ സിദ്ധാന്തം ബാധകമല്ലാത്ത ജീവവിഭാഗം - വൈറസ് 

5. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത് - ആന്റൺ വാൻ ല്യുവാൻഹോക്ക്

6. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര് - ജേക്കബ് സ്ളീഡൻ

7. ജന്തു ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത് ആര് - തിയഡോർ ഷ്വാൻ

Post a Comment

Previous Post Next Post