ഒട്ടകം

ഒട്ടകം (Camel)

“മരുഭൂമിയിലെ കപ്പല്‍” - ഒട്ടകത്തിനാണ്‌ ഈ വിശേഷണം. മരുഭൂമിയില്‍ ജീവിക്കാന്‍ സഹായിക്കുന്ന ശരീരഘടനയാണ്‌ ഇവയ്ക്കുള്ളത്‌. മരുഭൂമികളില്‍ മനുഷ്യന്റെ ഏറ്റവും വലിയ സഹായിയും ഈ മൃഗം തന്നെ. നിലമുഴുന്നതിനു മുതല്‍ ഭാരം വലിക്കുന്നതിനു വരെ ഒട്ടകങ്ങളെ ഉപയോഗിക്കാറുണ്ട്‌. മരുപ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ പ്രധാന ആഹാരം ഒട്ടകങ്ങളുടെ പാലും മാംസവുമാണ്‌. ഒട്ടകങ്ങളില്‍ രണ്ടിനങ്ങളുണ്ട്‌. മുതുകില്‍ ഒറ്റ മുഴയുള്ള അറേബ്യന്‍ ഒട്ടകവും രണ്ടു മുഴകളുള്ള ബാക്ട്രിയ ഒട്ടകവും. ഇന്ത്യ, അറേബ്യ, ആഫ്രിക്ക എന്നിവിടങ്ങളിലുള്ളത്‌ അറേബ്യന്‍ ഒട്ടകമാണ്‌. മധ്യേഷ്യയിലാണ് ഇരട്ടമുഴയുള്ള ബാക്ട്രിയന്‍ ഒട്ടകങ്ങളെ കാണുന്നത്. ഇവ എണ്ണത്തില്‍ കുറവാണ്‌.

ഒട്ടകത്തിന്റെ ശരീരത്തിന്‌ ഇരുണ്ട തവിട്ടു നിറമാണ്‌. ശരീരത്തെ പൊതിഞ്ഞുകൊണ്ട്‌ രോമാവരണമുണ്ട്‌. കാലുകള്‍ നീണ്ടുമെലിഞ്ഞതാണ്‌. കാല്‍വിരലുകള്‍ മരുഭൂമിയിലെ മണലില്‍ പുതഞ്ഞു പോകാത്ത വിധത്തിലുള്ളവയാണ്‌. കടുത്ത ചൂടില്‍നിന്നു കണ്ണുകളെ സംരക്ഷിക്കാനായി വലിയ കണ്‍പോളയുണ്ട്‌. നീണ്ട കഴുത്താണ്‌ ഒട്ടകത്തിന്‌. ഗന്ധം തിരിച്ചറിയുന്ന കാര്യത്തില്‍ കേമനാണ്‌ ഒട്ടകം. മരുഭൂമിയിലെ ഉയര്‍ന്ന ചൂടൊന്നും ഒട്ടകങ്ങള്‍ക്ക്‌ പ്രശ്നമല്ല. ഏത്‌ ചൂടുകാലത്തും ജീവിക്കാന്‍ പറ്റുന്ന ശരീരഘടനയാണ്‌ ഇവയ്ക്കുള്ളത്‌. ഏറ്റവും കുറച്ച്‌ ഭക്ഷണവും വെള്ളവും കൊണ്ട്‌ കൂടുതല്‍ കാലം കഴിച്ചുകൂട്ടാന്‍ ഒട്ടകങ്ങള്‍ക്കു കഴിയും. ആഹാരവും ജലവുമില്ലാതെ വളരെ ദൂരം ഒട്ടകങ്ങള്‍ മരുഭൂമിയിലൂടെ സഞ്ചരിക്കാറുണ്ട്‌. എന്നാല്‍, ഇവയുടെ യാത്ര സാവധാനത്തിലാണ്‌.

മരുഭൂമിയിലെ കള്ളിച്ചെടിയും ധാന്യങ്ങളും ഈത്തപ്പഴവുമാണ്‌ ഒട്ടകത്തിന്റെ ഭക്ഷണം. കൂര്‍ത്ത മുള്ളും കമ്പുകളും ചവച്ചിറക്കാന്‍ സാധിക്കും വിധം ഇവയുടെ ചുണ്ടും നാക്കും വായുമെല്ലാം കട്ടിയേറിയതാണ്‌. ഉളിപ്പല്ലുകളും കോമ്പല്ലുകളും ഇവയ്ക്കുണ്ട്‌. ഒട്ടകങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത മുതുകിലെ മുഴ തന്നെ. ഈ മുഴയിലെ പ്രധാന ഘടകം കൊഴുപ്പാണ്‌. ആഹാരവും വെള്ളവും ധാരാളമായി കിട്ടുമ്പോള്‍ മുതുകിലെ മുഴയില്‍ കൊഴുപ്പ് അടിയുന്നു. പിന്നീട്‌ മരുഭൂമിയില്‍ ആഹാരവും വെള്ളവുമില്ലാതെ അലയുമ്പോള്‍ ഈ കൊഴുപ്പ്‌ ജലമായി മാറ്റി ശരീരം ഉപയോഗിക്കുന്നു. മുതുകിലെ മുഴയില്‍നിന്നും ലഭിക്കുന്ന ജലമുപയോഗിച്ച്‌ രണ്ടാഴ്ചയോളം ഇവയ്ക്കു കഴിയാന്‍ സാധിക്കും. ഒരു അറേബ്യന്‍ ഒട്ടകത്തിന്റെ മുതുകില്‍ 50 കിലോഗ്രാം കൊഴുപ്പുണ്ടാകുമത്രേ.

മധ്യേഷ്യയാണ്‌ ഒട്ടകത്തിന്റെ ജന്മദേശമെന്ന്‌ കരുതുന്നു. വടക്കേ അമേരിക്കയില്‍നിന്നും ധാരാളം ഫോസിലുകള്‍ ഒട്ടകത്തിന്റെതായി ലഭിച്ചിട്ടുണ്ട്‌. ഇക്കൂട്ടത്തില്‍ നീണ്ട കഴുത്തുള്ളവയും കുറുകിയ കഴുത്തുള്ളവയുമുണ്ട്‌. ഒട്ടകത്തിന്‌ ഏതാണ്ട്‌ 3.25 മീറ്റർ വരെ പൊക്കമുണ്ടാകും. വാലിന് അര മീറ്റര്‍ നീളം കാണും. പെണ്‍ഒട്ടകം ആണിനേക്കാള്‍ ചെറുതാണ്‌. അമ്മ ഒട്ടകം ഒരു തവണ ഒരു കുഞ്ഞിനാണ്‌ ജന്മം നല്‍കാറ്‌. 3-4 വയസ്സാകുന്നതുവരെ അമ്മയോടൊപ്പം തന്നെയാണ്‌ കുഞ്ഞുങ്ങള്‍. ഒട്ടകക്കുഞ്ഞിന്‌ മുതുകിലെ മുഴ ഉണ്ടാവില്ല. ഇന്ത്യയില്‍ രാജസ്ഥാനില്‍ ഒട്ടകങ്ങള്‍ ധാരാളമുണ്ട്‌. പണ്ടുകാലത്ത്‌ രജപുത്രരാജാക്കന്മാര്‍ക്ക്‌ ഒട്ടക സൈന്യങ്ങളുണ്ടായിരുന്നു. ഒട്ടകങ്ങളുടെ പരമാവധി ആയുസ്‌ നാല്‍പതു വര്‍ഷമാണ്‌. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്നത് - ഒട്ടകം 

2. ഏത് മൃഗമാണ് മുതുകത്തെ മുഴയിൽ കൊഴുപ്പുശേഖരിച്ചു വച്ചിരിക്കുന്നത് - ഒട്ടകം 

3. ലാമ ഏത് മൃഗകുടുംബത്തിലെ അംഗമാണ് - ഒട്ടകം 

4. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവി - ഒട്ടകം 

5. കുവൈറ്റിന്റെ ദേശീയ മൃഗം - ഒട്ടകം 

6. ഒട്ടകത്തിന്റെ ഒരു കാലിലെ വിരലുകളുടെ എണ്ണം - രണ്ട് 

7. അരുണരക്താണുക്കളിൽ ന്യൂക്ലിയസ് കാണപ്പെടുന്ന ഏക സസ്തിനി - ഒട്ടകം 

8. മുതുകിൽ രണ്ടു മുഴകളുള്ള ഒട്ടകം - ബാക്ട്രിയൻ ഒട്ടകം (ഇവ ഗോബി മരുഭൂമിയിൽ മാത്രമാണ് കാണപ്പെടുന്നത്)

9. ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആദ്യ ഒട്ടകം - ഇൻജാസ്

10. ഒട്ടകത്തിന്റെ ശാസ്ത്രീയ നാമം - കാമലസ്

Post a Comment

Previous Post Next Post