ക്യാബിനറ്റ് മിഷൻ

ക്യാബിനറ്റ് മിഷൻ (Cabinet Mission in Malayalam)

1946 മാര്‍ച്ചില്‍ ഇന്ത്യന്‍ നേതാക്കളുമായി അധികാര കൈമാറ്റത്തിന്റെ വ്യവസ്ഥകളെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ്‌ ക്യാബിനറ്റിലെ മൂന്നു അംഗങ്ങളടങ്ങിയ ഒരു ദൗത്യസംഘത്തെ ബ്രിട്ടന്‍ ഇന്ത്യയിലേക്കയച്ചു. പാഥിക്‌ ലോറന്‍സ്‌, സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സ്‌, എ.വി. അലക്സാണ്ടര്‍ എന്നിവരായിരുന്നു അതിലെ അംഗങ്ങള്‍. ഇന്ത്യന്‍ നേതാക്കന്മാരുമായുള്ള ദീര്‍ഘ ചര്‍ച്ചകള്‍ക്കുശേഷം കാബിനറ്റ് മിഷന്‍ അതിന്റെ പദ്ധതി മുന്നോട്ടു വെച്ചു. താഴെ പറയുന്ന നിര്‍ദ്ദേശങ്ങളാണ്‌ അതിലുണ്ടായിരുന്നത്‌.

■ ബ്രിട്ടീഷ്‌ പ്രവിശ്യകളേയും നാട്ടുരാജ്യങ്ങളേയും ഉള്‍പ്പെടുത്തി ഒരു ഇന്ത്യന്‍ യൂണിയന്‍ രൂപീകരിക്കണം. ഇന്ത്യ ഏകീകൃതമായിതന്നെ നിലനില്‍ക്കണം.

■ പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ വിനിമയം എന്നിവ യൂണിയന്‍ കൈകാര്യം ചെയ്യണം. മറ്റു വിഷയങ്ങള്‍ പ്രവിശ്യകളും നാട്ടുരാജ്യങ്ങളുമാണ്‌ ഭരിക്കേണ്ടത്‌.

■ നിലവിലുള്ള പ്രവിശ്യകളെ എ, ബി, സി എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിക്കും. എ ഗ്രുപ്പില്‍ ഹിന്ദു ഭൂരിപക്ഷമുള്ള പ്രവിശ്യകളാണ്‌ ഉണ്ടായിരിക്കുക. ബി. ഗ്രൂപ്പില്‍ വടക്കു പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളെ ഉള്‍പ്പെടുത്തും. സി. ഗ്രൂപ്പില്‍ വടക്കു കിഴക്കു ഭാഗത്തെ ആസാം ഉള്‍പ്പെടെയുള്ള മുസ്ലിം ഭൂരിപക്ഷ പ്രവിശ്യകളെ ഉള്‍പ്പെടുത്തും.

■ സ്വതന്ത്ര ഇന്ത്യന്‍ യൂണിയനുവേണ്ടി ഒരു ഭരണഘടനാ നിര്‍മ്മാണ സമിതിയെ വിളിച്ചുകൂട്ടും. ഈ സമിതിയെ പ്രവിശ്യാ അസംബ്ലികള്‍ തെരഞ്ഞെടുക്കും.

■ ഭരണഘടന തയ്യാറാക്കുന്നതുവരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു ഇടക്കാല ഗവൺമെന്റ് കേന്ദ്രത്തില്‍ രൂപികരിക്കും.

തുടക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ക്യാബിനറ്റ് മിഷന്റെ പദ്ധതി അംഗീകരിച്ചു. എന്നാല്‍ ഈ യോജിപ്പ്‌ അധികകാലം നിലനിന്നില്ല. കാരണം കോണ്‍ഗ്രസ്സും ലീഗും പദ്ധതിയിലെ നിര്‍ദ്ദേശങ്ങളെ പരസ്പര വിരുദ്ധമായാണ്‌ വ്യാഖ്യനിച്ചത്‌. പ്രവിശ്യകളുടെ “ഗ്രൂപ്പിങ്” നിര്‍ബ്ബന്ധിതമാണെന്ന്‌ ലീഗ്‌ വ്യാഖ്യാനിച്ചു. ബി, സി എന്നീ ഗ്രൂപ്പുകളിലുള്ള പ്രവിശ്യകള്‍ക്ക്‌ ഭാവിയില്‍ യൂണിയനില്‍ നിന്നു വിട്ടുപോകാനുള്ള അവകാശമുണ്ടെന്നും ലീഗ്‌ വാദിച്ചു. എന്നാല്‍ ഗ്രൂപ്പിങ് ഐച്ഛികമാണെന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ വ്യാഖ്യാനം. ഏതെങ്കിലും ഗ്രൂപ്പില്‍ ചേരാനുള്ള അവകാശം പ്രവിശ്യകള്‍ക്ക്‌ വിട്ടുകൊടുക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വാദിച്ചു. ലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും ഈ വിരുദ്ധ നിലപാടുകള്‍ കാബിനറ്റ്‌ മിഷന്‍ പദ്ധതിയുടെ അന്തിമ പരാജയത്തിന്‌ വഴിയൊരുക്കി. പദ്ധതിക്കു നല്‍കിയിരുന്ന പിന്തുണ അധികം താമസിയാതെ ലീഗ്‌ പിന്‍വലിച്ചു. ഇതോടെ ഇന്ത്യയെ വിഭജിക്കാതെ ഇന്ത്യന്‍ പ്രശ്‌നം പരിഹരിക്കാനുള്ള കാബിനറ്റ്‌ മിഷന്റെ അന്തിമ ശ്രമം പരാജയപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. അധികാര കൈമാറ്റം സംബന്ധിച്ച ചർച്ചകൾ ഇന്ത്യൻ നേതാക്കളുമായി നടത്തിയത് - ക്യാബിനറ്റ് മിഷൻ

2. ക്യാബിനറ്റ് മിഷന്റെ പ്രധാന ശുപാർശ - ഇടക്കാല ദേശീയ ഗവൺമെന്റ് രൂപീകരിക്കാൻ

3. ക്യാബിനറ്റ് മിഷന്‍ നയിച്ചത് - പെത്വിക് ലോറന്‍സ്‌ (ചെയർമാൻ)

4. ക്യാബിനറ്റ് മിഷന്‍ ഇന്ത്യയിൽ വന്ന വർഷം - 1946 

5. ക്യാബിനറ്റ് മിഷനെ നിയമിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ക്ലമന്റ് ആറ്റ്ലി 

6. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ - പെത്വിക് ലോറന്‍സ്‌, സര്‍ സ്റ്റാഫോര്‍ഡ്‌ ക്രിപ്സ്‌, എ.വി. അലക്സാണ്ടര്‍

7. ഇടക്കാല ദേശീയ ഗവൺമെന്റ് സ്ഥാപിതമായത് - 1946 സെപ്റ്റംബർ 2

8. പെത്വിക് ലോറന്‍സിന്റെ നേതൃത്വത്തിൽ ക്യാബിനറ്റ് മിഷൻ 1946 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ വൈസ്രോയി - വേവൽ പ്രഭു 

Post a Comment

Previous Post Next Post