രക്തചംക്രമണം

രക്ത ചംക്രമണം

കരളാണ്‌ ഭക്ഷണത്തില്‍ നിന്ന്‌ രക്തം നിര്‍മിച്ച്‌ ഹൃദയത്തിന്‌ നല്‍കുന്നത്‌. വില്യം ഹാര്‍വി രക്ത ചംക്രമണം കൃത്യമായി കണ്ടെത്തുന്നതിനു മുന്‍പുള്ള വിശ്വാസമായിരുന്നു ഇത്‌. റോമന്‍ വൈദൃശാസ്ത്രജ്ഞനായിരുന്ന ഗാലന്റെ നിഗമനമായിരുന്നു ഇത്‌. ഗാലന്റെ സിദ്ധാന്തങ്ങളാണ്‌ രക്തചംക്രമണവുമായി ബന്ധപ്പെട്ട്‌ ശാസ്ത്രലോകം അംഗീകരിച്ചിരുന്നത്‌. ഗാലന്റെ ഈ സിദ്ധാന്തം 1,400 വര്‍ഷത്തോളം ശാസ്ത്രലോകത്ത്‌ ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു. ഹാര്‍വിയുടെ സിദ്ധാന്തം വന്നതോടെ ഗാലന്റെ നിഗമനത്തിന്‌ പ്രസക്തിയില്ലാതായി.

ശരീരത്തില്‍ എല്ലായിടത്തും രക്തം പമ്പ് ചെയ്യുന്നത്‌ ഹൃദയമാണെന്ന്‌ വില്യം ഹാര്‍വി കണ്ടെത്തി. അദ്ദേഹം മനുഷ്യശരീരത്തിന്‌ മാതൃകയാക്കിയത്‌ സൗരയുഥത്തെയാണ്‌. സൂര്യനെ ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നതുപോലെ ശരീരത്തിനുള്ളില്‍ രക്തം ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. രക്തം പമ്പ്‌ ചെയ്യുന്നത്‌ ഹൃദയമാണെന്നും ഹൃദയത്തിലേക്ക്‌ രക്തം തിരിച്ചെത്തിക്കുന്നതില്‍ ധമനികള്‍ക്കും സുക്ഷ്മ രക്തക്കുഴലുകള്‍ക്കും ബന്ധമുണ്ടെന്നും ഹാര്‍വി കണ്ടെത്തിയിരുന്നു. എന്നാല്‍, ആ ബന്ധം വിശദീകരിക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞില്ല.

പാമ്പുകളടക്കമുള്ള ചില ജീവികളിലും ഹാര്‍വി പരീക്ഷണങ്ങള്‍ നടത്തി. അവയുടെ ഹൃദയം രക്തം പമ്പ്‌ ചെയ്യുന്നതിനെക്കുറിച്ചും അദ്ദേഹം പഠിച്ചു. രക്തചംക്രമണം കൃത്യമായി രേഖപ്പെടുത്തിയതോടെ വില്യം ഹാര്‍വി 17ാം നൂറ്റാണ്ടിലെ ഏറ്റവും തലയെടുപ്പുള്ള ഫിസിഷ്യന്‍ ആയി മാറി. ഇംഗ്ലണ്ടിലെ അക്കാലത്തെ രാജാവ്‌ ചാള്‍സ്‌ ഒന്നാമനും ഹാര്‍വിയുടെ കണ്ടെത്തലില്‍ താല്‍പര്യം തോന്നി. ഹാര്‍വി, രാജാവിന്‌ മുന്നില്‍ രക്തചംക്രമണം ഉദാഹരണസഹിതം വിവരിച്ചു കാട്ടി. ഈ സംഭവം റോബര്‍ട്ട്‌ ഹന്ന എന്ന ചിത്രകാരന്‍ 1848-ല്‍ ഒരു ചിത്രത്തിന്‌ വിഷയമാക്കുകയും ചെയ്തു.

Post a Comment

Previous Post Next Post