ജൈവരസതന്ത്രം (ബയോകെമിസ്ട്രി)

ജൈവരസതന്ത്രം (ബയോകെമിസ്ട്രി)

ജീവികളിൽ നിരവധി രാസപ്രക്രിയകൾ നടക്കുന്നുണ്ട്. ഭക്ഷണം ഊർജ്ജമാക്കി മാറ്റുന്നത് ഒരു രാസപ്രക്രിയയാണ്. ഇത്തരം രാസപ്രക്രിയകളെ കുറിച്ച് പഠിക്കുന്ന ജീവശാസ്ത്രശാഖയാണ് ജൈവരസതന്ത്രം (ബയോകെമിസ്ട്രി). ശരീരകോശങ്ങളില്‍ നടക്കുന്ന അതിസൂക്ഷമമായ പ്രവര്‍ത്തനങ്ങളിലേക്കു വരെ ഈ ശാസ്ത്രശാഖ വെളിച്ചം വീശുന്നുണ്ട്‌.

ഭക്ഷണത്തിലെ ചില പ്രത്യേക ജീവശാസ്ത്രപരമായ കണികകളെ 'ജീവശക്തി' എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ കണികകളെ ജീവശക്തിക്ക് ആധാരമായ പ്രത്യേക കണികകളാക്കി മാറ്റാനുള്ള കഴിവ് ജീവികൾക്ക് മാത്രമാണെന്ന് വളരെക്കാലം ജീവശാസ്ത്രം വിശ്വസിച്ചിരുന്നു. ഈ വിശ്വാസം തെറ്റാണെന്ന് 1828 ൽ ജർമൻ രസതന്ത്രജ്ഞൻ ഫ്രഡറിക് വോഹ്‌ലർ തെളിയിച്ചു. അദ്ദേഹം യൂറിയ അജൈവപ്രക്രിയയിലൂടെ സംശ്ലേഷണം ചെയ്തതോടെയായിരുന്നു ഇത്. ഇതോടെ ജീവശാസ്ത്രത്തിൽ ഒരു പുതിയ ശാഖയായി ജൈവരസതന്ത്രം സ്ഥാനം പിടിച്ചു.

പാല്‍ പുളിപ്പിച്ചു തൈരാക്കാനും യീസ്റ്റ്‌ ഉപയോഗിച്ച്‌ റൊട്ടിയുടെ മാവ്‌ പുളിപ്പിക്കാനും ഫെര്‍മന്റേഷൻ വിദ്യയിലൂടെ വീഞ്ഞ്‌ നിര്‍മ്മിക്കാനും പുരാതനകാലത്തുതന്നെ മനുഷ്യന്‌ അറിയാമായിരുന്നു. 1857-ല്‍ ലൂയി പാസ്റ്റര്‍ ആണ്‌ ഈ ഫെര്‍മന്റേഷൻ വിദ്യയ്ക്കു കാരണമാവുന്നത്‌ ഒരു തരം സുക്ഷ്മജീവികളാണെന്ന്‌ കണ്ടെത്തിയത്‌.

ബയോ കെമിസ്ട്രിയിലെ ആചാര്യന്മാരില്‍ ഒരാളാണ്‌ ജര്‍മന്‍ ശാസ്ത്രജ്ഞനായ എമില്‍ ഫിഷര്‍. 1857-ല്‍ അദ്ദേഹം വിവിധ തരം പഞ്ചസാരകളെ വേര്‍തിരിച്ചെടുക്കുകയും ശുദ്ധീകരിക്കുകയും ചെയ്തു. പ്രോട്ടീനുകളില്‍ അമിനോ ആസിഡുകള്‍ എങ്ങനെ കൂടിച്ചേര്‍ന്നിരിക്കുന്നു എന്നതിനെക്കുറിച്ചും ന്യൂക്ലിക്‌ ആസിഡുകളെക്കുറിച്ചും അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ ബയോകെമിസ്ട്രിയിലെ നാഴികക്കല്ലായി മാറി.

1899-ല്‍ എഡ്വേഡ്‌ ബുക്ക്നര്‍ എന്ന ശാസ്ത്രജ്ഞന്‍ ടെസ്റ്റ്‌ ട്യൂബില്‍ നടത്തിയ ഫെര്‍മന്റേഷൻ പരിക്ഷണത്തോടെയാണ്‌ എന്‍സൈമുകളുടെ രഹസ്യങ്ങളും വെളിച്ചത്തു വരാന്‍ തുടങ്ങിയത്‌. വിവിധ വൈറ്റമിനുകളുടെയും ഹോര്‍മോണുകളുടെയും പ്രോട്ടീനുകളുടെയുമൊക്കെ പങ്കിനെക്കുറിച്ചുള്ള രഹസ്യങ്ങളും ക്രമേണ ചുരുള്‍ നിവരാന്‍ തുടങ്ങി.

കോശങ്ങളിലെ ശ്വസനപ്രവര്‍ത്തനങ്ങളിലെ രാസമാറ്റങ്ങളെക്കുറിച്ച്‌ ധാരാളം കണ്ടെത്തലുകള്‍ നടത്തിയ പ്രമുഖ ശാസ്ത്രജ്ഞനാണ്‌ ഹാന്‍സ്‌ ക്രെബ്സ്. ജനിതക എഞ്ചിനീയറിംഗ്‌, ഔഷധ നിർമ്മാണം തുടങ്ങിയ വിവിധ മേഖലകളുടെ വളർച്ചയിൽ ബയോകെമിസ്ട്രി എന്ന ശാസ്ത്രശാഖ നടത്തിയ സംഭാവനകള്‍ മാനവരാശിക്ക് വലിയ സഹായമായി.

Post a Comment

Previous Post Next Post