ഉപ്പ് സത്യാഗ്രഹം

ഉപ്പ് സത്യാഗ്രഹം (Salt Satyagraha in Malayalam)

ഉപ്പുനിയമം ബ്രിട്ടീഷ്‌ ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളില്‍ ഒന്നായിരുന്നു. ഈ നിയമപ്രകാരം ഉപ്പു നിര്‍മ്മിക്കാനും വില്‍ക്കാനുമുള്ള അധികാരം ഗവണ്‍മെന്റിന്റെ കുത്തകയായിരുന്നു. ഉപ്പ്‌ ജനങ്ങളുടെ ഭക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്നു. അതിനാല്‍ ഓരോ ഇന്ത്യന്‍ കുടുംബത്തിനും അത്‌ അതൃന്താപേക്ഷിതമായിരുന്നു. എന്നാല്‍ വീട്ടാവശ്യത്തിനു പോലും ഉപ്പുണ്ടാക്കാന്‍ ബ്രിട്ടീഷുകാര്‍ അവരെ അനുവദിച്ചില്ല. അതുകൊണ്ട്‌ കടകളില്‍ നിന്ന്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഉപ്പ്‌ വാങ്ങാന്‍ അവര്‍ നിര്‍ബ്ബന്ധിതരായി. മാത്രമല്ല ഗവണ്‍മെന്റ്‌ ഉപ്പുനികുതി ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. സ്വാഭാവികമായും ഉപ്പുനിര്‍മ്മാണത്തിലുള്ള ഗവണ്‍മെന്റ്‌ കുത്തകയ്‌ക്കെതിരെ ജനരോഷം ആളിപ്പടര്‍ന്നു. അങ്ങനെ ഉപ്പുനിയമം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു. ഉപ്പുനികുതി മറ്റു നികുതികളെക്കാള്‍ ജനദ്രോഹപരമാണെന്ന്‌ മനസ്സിലാക്കിയ ഗാന്ധിജി ഉപ്പ് സത്യാഗ്രഹം ആരംഭിക്കാൻ തീരുമാനിച്ചു.

ഗാന്ധിജി ഉയര്‍ത്തിയ വെല്ലുവിളിയുടെ പ്രാധാന്യം തിരിച്ചറിയാന്‍ ബ്രിട്ടീഷുകാര്‍ക്ക്‌ കഴിഞ്ഞില്ല. തന്റെ ദണ്ഡി യാത്രയെക്കുറിച്ച്‌ ഗാന്ധിജി വൈസ്രോയിയായ ഇര്‍വിന്‍ പ്രഭുവിന്‌ മുന്‍കൂര്‍ നോട്ടീസ്‌ നല്‍കിയിരുന്നെങ്കിലും അദ്ദേഹം അത്‌ അവഗണിക്കുകയാണ്‌ ചെയ്തത്‌. 1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ ദണ്ഡിയാത്ര ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 78 അനുയായികളോടൊപ്പം അദ്ദേഹം സബര്‍മതി ആശ്രമത്തില്‍ നിന്നും ഏതാണ്ട്‌ 200 മൈല്‍ ദൂരെയുള്ള ദണ്ഡിയിലേക്കു മാര്‍ച്ച്‌ ചെയ്തു. 24 ദിവസത്തെ കാല്‍നടയാത്രയ്ക്കുശേഷം അദ്ദേഹം ഗുജറാത്തിലെ കടലോര ഗ്രാമമായ ദണ്ഡിയിലെത്തി. 1930 ഏപ്രില്‍ 6 ന്‌ ഗാന്ധിജിയും അനുയായികളും ദണ്ഡി കടപ്പുറത്തു വെച്ച്‌ ഉപ്പു നിയമം ലംഘിച്ച്‌ ഉപ്പുണ്ടാക്കി. അങ്ങനെ നിയമത്തിന്റെ മുന്നില്‍ അദ്ദേഹം സ്വയം ഒരു കുറ്റവാളിയായി മാറി. ഇതിനിടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങള്‍ ഉപ്പുനിയമം ലംഘിച്ചു. ദണ്ഡി യാത്രയ്ക്ക് ജനപ്രീതി അനുദിനം വര്ധിക്കുന്നതിൽ ഭയചകിതരായ ബ്രിട്ടീഷ് ഭരണകൂടം ഗാന്ധിജിയേയും ജവാഹർലാൽ നെഹ്രുവിനെയും ജയിലിലടച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കേരളത്തിൽ ഉപ്പു സത്യാഗ്രഹക്കാലത്തെ പടയണിഗാനമായ വരിക വരിക സഹചരെ രചിച്ചത് - അംശി നാരായണപിള്ള 

2. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദിയായിരുന്നത് - പയ്യന്നൂർ 

3. ഉപ്പ് സത്യാഗ്രഹം തമിഴ്‌നാട്ടിൽ സി.രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ നടന്നപ്പോൾ അതിൽ പങ്കെടുത്ത മലയാളി - ജി.രാമചന്ദ്രൻ 

4. കേരളത്തിൽ കെ.കേളപ്പൻ നയിച്ച ഉപ്പ് സത്യാഗ്രഹ ജാഥയിൽ അദ്ദേഹമുൾപ്പടെ എത്ര പേരുണ്ടായിരുന്നു - 32 

5. ഉപ്പ് സത്യാഗ്രഹത്തിന് ഗാന്ധിജിയെ അറസ്റ്റുച്ചെയ്യപ്പെട്ടപ്പോൾ അടയ്ക്കപ്പെട്ട ജയിൽ - യെർവാദ

6. ഉപ്പ് സത്യാഗ്രഹത്തിൽ ഗാന്ധിജിക്കൊപ്പം പങ്കെടുത്ത സന്നദ്ധഭടന്മാരുടെ എണ്ണം - 78 

7. ഉപ്പ് സത്യാഗ്രഹം നടന്ന വർഷം - 1930

8. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് - കെ.കേളപ്പൻ 

9. ഗാന്ധിജി ഉപ്പുനിയമം ലംഘിക്കാൻ തിരെഞ്ഞെടുത്ത സ്ഥലം - ദണ്ഡി 

10. ഗാന്ധിജി ദണ്ഡി കടപ്പുറത്ത്‌ എത്തിച്ചേര്‍ന്ന ദിവസം - 1930 ഏപ്രില്‍ 5

11. ഗാന്ധിജി ഉപ്പുനിയമം ലംഘിച്ചത് - 1930 ഏപ്രിൽ 6 

12. ഉപ്പുനിയമത്തെ ആക്രമിച്ച ആദ്യത്തെ ദേശീയ നേതാവ് - ഗോപാലകൃഷ്ണ ഗോഖലെ 

13. തമിഴ്‌നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന്റെ വേദി - വേദാരണ്യം കടപ്പുറം 

14. അതിർത്തി പ്രവിശ്യയിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം നൽകിയത് - ഖാൻ അബ്ദുൽ ഗാഫർ ഖാൻ

15. ഏതു മലയാളപത്രമാണ് ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ചാണ് ദിനപ്പത്രമായി മാറിയത് - മാതൃഭൂമി  

16. ഉപ്പുസത്യാഗ്രഹ സമരം അവസാനിപ്പിക്കാൻ ഗാന്ധിജിയും ഏതു വൈസ്രോയിയുമാണ് കരാറിലേർപ്പെട്ടത് - ഇർവിൻ പ്രഭു

17. ഉപ്പ്‌ സത്യാഗ്രഹ യാത്ര ആരംഭിച്ചത്‌ - 1930 മാര്‍ച്ച 12

18. ഗാന്ധിജി ദണ്ഡി മാർച്ച് ആരംഭിച്ച സ്ഥലം - സബർമതി ആശ്രമം (അഹമ്മദാബാദ്)

19. ഗാന്ധിജി ദണ്ഡിയാത്രയിൽ സഞ്ചരിച്ച ദൂരം - 390 കിലോമീറ്റർ 

20. 1930 മാര്‍ച്ച്‌ 12 ന്‌ ഗാന്ധിജി ഏത്‌ ആശ്രമത്തില്‍ നിന്നാണ്‌ ഉപ്പുനിയമം ലംഘിക്കാന്‍ ദണ്ഡിയിലേക്ക്‌ തിരിച്ചത്‌ - സബര്‍മതി

21. ദണ്ഡി മാര്‍ച്ചില്‍ ഗാന്ധിജിയും സന്നദ്ധഭടന്മാരും ആലപിച്ച ഗാനം - രഘുപതി രാഘവ രാജാറാം

22. 'ഒന്നുകില്‍ ലക്ഷ്യം നേടി ഞാന്‍ തിരിച്ചു വരും പരാജയപ്പെട്ടാല്‍ ഞാനെന്റെ ജഡം സമുദ്രത്തിന്‌ സംഭാവന നല്‍കും.' എന്ന് പ്രഖ്യാപിച്ചത് - ഗാന്ധിജി

23. ഈ ഒരു പിടി ഉപ്പ് ശക്തിയുടെ പ്രതീകമാണ്, ഉപ്പു പിടിച്ച ഈ മുഷ്ടി തകർത്തേക്കാം, എന്നാലും ഈ ഉപ്പ് വിട്ടുകൊടുക്കില്ല എന്ന് പറഞ്ഞത് - ഗാന്ധിജി 

24. ദണ്ഡിയാത്രയിൽ ഗാന്ധിജിയോടൊപ്പം പങ്കെടുത്ത മലയാളികൾ - സി.കൃഷ്ണൻ നായർ, ശങ്കരൻ എഴുത്തച്ഛൻ, ടൈറ്റസ്, രാഘവപ്പൊതുവാൾ 

25. ഗാന്ധിജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌ - അബ്ബാസ്‌ തിയാബ്ജി

26. അബ്ബാസ്‌ തിയാബ്ജിയുടെ അറസ്റ്റിനുശേഷം ഉപ്പു സത്യാഗ്രഹത്തിന്‌ നേതൃത്വം നല്‍കിയത്‌ - സരോജിനി നായിഡു

27. ഉപ്പു സത്യാഗ്രഹത്തില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തണമെന്ന്‌ ഗാന്ധിജിയോട്‌ ആവശ്യപ്പെട്ടത്‌ - കമലാദേവി ചതോപാധ്യായ

28. ഗുജറാത്തിലെ ധരാസനയില്‍ ഉപ്പുസത്യാഗ്രഹത്തിന്‌ നേതൃത്വം കൊടുത്തത്‌ - സരോജിനി നായിഡു

29. 'എല്‍ബയില്‍ നിന്നും നെപ്പോളിയന്റെ പാരീസിലേക്കുള്ള മടക്കം' എന്ന്‌ ദണ്ഡിയാത്രയെ വിശേഷിപ്പിച്ച സ്വാതന്ത്ര്യ സമര നേതാവ് - സുഭാഷ്‌ ചന്ദ്ര ബോസ്

30. മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയെ ശ്രീരാമന്റെ ലങ്കയിലേക്കുള്ള യാത്ര എന്നു വിശേഷിപ്പിച്ചത്‌ - മോത്തിലാല്‍ നെഹ്റു

31. ദണ്ഡിയാത്രയെ “ചായക്കോപ്പയിലെ കൊടുങ്കാറ്റ്‌” എന്ന്‌ വിശേഷിപ്പിച്ചത്‌ - ഇര്‍വിന്‍ പ്രഭു

32. ഗാന്ധജിയുടെ ദണ്ഡി മാർച്ച് നടന്ന കാലം - 1930 മാർച്ച് 12 - ഏപ്രിൽ 6

Post a Comment

Previous Post Next Post