ലാഹോർ സമ്മേളനം (1929)

ലാഹോർ സമ്മേളനം (1929)

1929 ഡിസംബറിൽ കോൺഗ്രസിന്റെ വാർഷിക സമ്മേളനം ലാഹോറിൽ നടന്നു. കോൺഗ്രസിന്റെ ലാഹോർ സമ്മേളനം ചരിത്രപ്രസിദ്ധമായിരുന്നു. അതിന്റെ പ്രാധാന്യത്തിലുള്ള കാരണങ്ങൾ ഇവയാണ്. ജവഹർലാൽ നെഹ്‌റു കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ നേതൃത്വം യുവതലമുറയിലേക്ക് കൈമാറുന്നതിന്റെ സൂചനയായിരുന്നു അത്. കോൺഗ്രസിന്റെ അന്തിമലക്ഷ്യം 'പൂർണ്ണ സ്വരാജ്' അഥവാ പൂർണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ചരിത്രപ്രസിദ്ധമായ ഒരു പ്രമേയം ലാഹോർ സമ്മേളനം പാസ്സാക്കി. 1930 ജനുവരി 26  സ്വാതന്ത്ര്യദിനമായി രാജ്യമെമ്പാടും കൊണ്ടാടാൻ ലാഹോർ സമ്മേളനം തീരുമാനിച്ചു. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഒരു സിവിൽ നിയമലംഘന പ്രസ്ഥാനമാരംഭിക്കാനും ലാഹോർ സമ്മേളനം തീരുമാനിച്ചു.

സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു ഗാന്ധിജി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചു.

1. സ്വാതന്ത്ര്യപ്രഖ്യാപനം എല്ലാ ഗ്രാമങ്ങളും എല്ലാ നഗരങ്ങളും ഒറ്റക്കെട്ടായി നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. എല്ലാ സ്ഥലങ്ങളിലും ഒരേ സമയം യോഗങ്ങൾ കൂടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2. യോഗങ്ങളുടെ സമയം പരമ്പരാഗതമായ രീതിയിൽ പെരുമ്പറകൊട്ടി വിളംബരം ചെയ്യണം.

3. സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടരേണ്ടത് ദേശീയ പതാക ഉയർത്തിക്കൊണ്ടായിരിക്കണം.

4. ആ ദിവസത്തിന്റെ ബാക്കിസമയം നൂൽനൂൽപ്പ്, അയിത്തജാതിക്കാരെ സേവിക്കൽ, ഹിന്ദു-മുസ്ലിം ഐക്യം, മദ്യനിരോധന പ്രവർത്തനം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവഴിക്കണം. സ്വാതന്ത്ര്യം ഇന്ത്യൻ ജനതയുടെ അധിഷേധ്യമായ അവകാശമാണെന്നും, അത് കവർന്നെടുക്കാനോ അടിച്ചമർത്താനോ ഏതെങ്കിലും ഗവൺമെന്റ് ശ്രമിക്കുകയാണെങ്കിൽ ആ ഗവൺമെന്റിനെ മാറ്റാനോ ഇല്ലാതാക്കാനോ ഉള്ള അവകാശം ജനങ്ങൾക്കുണ്ടെന്നും ഗാന്ധിജി പ്രഖ്യാപിച്ചു.

1930 ജനുവരി 26 നു ത്രിവർണ്ണ പതാക ഉയർത്തിക്കൊണ്ടും ദേശഭക്തി ഗാനങ്ങൾ പാടിയും സ്വാതന്ത്ര്യ ദിനം രാജ്യമെമ്പാടും ആഘോഷിച്ചു.

Post a Comment

Previous Post Next Post