കുറിച്യർ കലാപം

കുറിച്യ കലാപം (Kurichya Revolt in Malayalam)

പഴശ്ശി കലാപത്തെ അമർച്ച ചെയ്തതിനുശേഷം ബ്രിട്ടീഷുകാർ കുറിച്യരുടെയും കുറുമ്പരുടെയും നേരെ തിരിഞ്ഞു. വയനാട്ടിലെ ആദിവാസികളായിരുന്നു കുറിച്യരും കുറുമ്പരും. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശി രാജാവിനോടൊപ്പം അവർ പോരാടിയിരുന്നു. ഇതിന്റെ പേരിൽ കുറിച്യരേയും കുറുമ്പരേയും അടിച്ചമർത്താൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന ചെറിയ ഭൂമികളെല്ലാം ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. മാത്രമല്ല അവരുടെ പരമ്പരാഗത കൃഷിരീതിയായ വെട്ടിച്ചുട്ടു കൃഷി കാടുകളിൽ നടത്താനും അനുവദിച്ചില്ല. നികുതി സാധനങ്ങളായി നൽകുന്നതിനു പകരം പണമായി നൽകണമെന്ന് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടതും കുറിച്യരെ രോഷാകുലരാക്കി. 1812 മാർച്ചിൽ രാമനമ്പിയുടെ (രാമ മൂപ്പൻ) നേതൃത്വത്തിൽ കുറിച്യർ കലാപമാരംഭിച്ചു. വയനാട്ടിലെ ബ്രിട്ടീഷ് സേനയെ അവർ ആക്രമിച്ചു തുരത്തിയെങ്കിലും കലാപം പരാജയപ്പെട്ടു. 1812 മെയ് മാസത്തോടെ ബ്രിട്ടീഷുകാർ കലാപത്തെ അടിച്ചമർത്തി. പ്ലാക്ക ചന്തു, ആയിരംവീട്ടിൽ കോന്തപ്പൻ, രാമനമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും മറ്റൊരു പ്രമുഖ നേതാവായ വെൺകലോൻ കേളുവിനെ തൂക്കിലേറ്റുകയും ചെയ്തു. കുറിച്യ കലാപം ഒരു ഗോത്രവർഗ കലാപമായിരുന്നുവെങ്കിലും കൊളോണിയൽ ചൂഷണത്തെ എതിർത്തിരുന്ന സമൂഹത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങൾ അതിനെ പിന്തുണച്ചിരുന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. കുറിച്യർ കലാപം നടന്ന വർഷം - 1812 

2. കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക

3. കുറിച്യർ കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി

4. ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം - കുറിച്യർ സമരം

5. ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയതെന്ന് - 1812 മെയ് 8 

6. കുറിച്യരെ കലാപത്തിൽ സഹായിച്ച ആദിവാസിവിഭാഗം - കുറുമ്പർ 

Post a Comment

Previous Post Next Post