ക്രിപ്സ് മിഷൻ

ക്രിപ്സ് മിഷൻ (Cripps Mission in Malayalam)

1942 ൽ ബ്രിട്ടനിൽ ഒരു കൂട്ടുകക്ഷി മന്ത്രിസഭയാണ് ഉണ്ടായിരുന്നത്. യാഥാസ്ഥിതിക കക്ഷിയുടെ നേതാവായിരുന്ന വിൻസ്റ്റൺ ചർച്ചിലായിരുന്നു പ്രധാന മന്ത്രി. ചർച്ചിൽ കറകളഞ്ഞൊരു സാമ്രാജ്യവാദിയായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കാൻ അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. അതിനാൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകുന്നതിന് അദ്ദേഹത്തിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. എന്നാൽ കൂട്ടുമന്ത്രിസഭയിലെ ലേബർ കക്ഷിയിലെ അംഗങ്ങൾക്ക് ഇന്ത്യയോട് അനുഭാവമുണ്ടായിരുന്നു. ഇന്ത്യക്കാരുമായി ചർച്ചകൾ നടത്തി അവരുടെ പ്രശ്നത്തിന് ഒരു പരിഹാരമുണ്ടാക്കാൻ അവർ ചർച്ചിലിനെ പ്രേരിപ്പിച്ചു. ഇതിനിടെ ജപ്പാന്റെ യുദ്ധ പ്രവേശനം ബ്രിട്ടീഷുകാർക്ക് വലിയ ഭീഷിണി ഉയർത്തി. തെക്കു-കിഴക്കേ ഏഷ്യയിലെ ധാരാളം രാജ്യങ്ങൾ ജപ്പാൻ പിടിച്ചെടുത്തു. ഇതോടെ യുദ്ധം ഇന്ത്യയുടെ  പടിവാതിൽക്കലെത്തി. ഈ സാഹചര്യത്തിൽ യുദ്ധശ്രമങ്ങൾക്ക് ഇന്ത്യക്കാരുടെ പിന്തുണയും സഹകരണവും നേടിയെടുക്കാൻ ബ്രിട്ടീഷുകാർ ആത്മാർത്ഥമായി ആഗ്രഹിച്ചു.

1942 ൽ ഗാന്ധിജിയും കോൺഗ്രസുമായി ഒരു ഒത്തുതീർപ്പ് ഉണ്ടാക്കുന്നതിനു വേണ്ടി തന്റെ മന്ത്രിസഭാംഗമായ സ്റ്റാഫോർഡ് ക്രിപ്സിന്റെ നേതൃത്വത്തിലുള്ള ഒരു ദൗത്യ സംഘത്തെ ചർച്ചിൽ ഇന്ത്യയിലേയ്ക്കയച്ചു. എന്നാൽ ക്രിപ്‌സും കോൺഗ്രസും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെടുകയാണുണ്ടായത്. യുദ്ധാനന്തരം ഇന്ത്യയ്ക്ക് പുത്രികാരാജ്യ പദവി നൽകാമെന്ന ക്രിപ്സിന്റെ വാഗ്ദാനം കോൺഗ്രസ് തള്ളിക്കളഞ്ഞു. 'തകർന്ന ബാങ്കിൽ മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക്' എന്നാണ് ഗാന്ധിജി ഈ വാഗ്ദാനത്തെ വിശേഷിപ്പിച്ചത്. വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗൺസിലിൽ ഡിഫൻസ് അംഗമായി ഒരു ഇന്ത്യക്കാരനെ നിയമിച്ചാൽ ബ്രിട്ടീഷുകാരുമായി സഹകരിക്കാമെന്ന് കോൺഗ്രസ് നിർദേശിച്ചുവെങ്കിലും അത് സ്വീകരിക്കപ്പെട്ടില്ല. അങ്ങനെ ക്രിപ്‌സ് ദൗത്യം പരാജയപ്പെട്ടു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ 

1. ക്രിപ്സ് മിഷൻ ഇന്ത്യയിലെത്തിയ വർഷം - 1942 മാർച്ച് 22 

2. ക്രിപ്സ് മിഷന്റെ ചെയർമാൻ - സർ സ്റ്റാഫോർഡ് ക്രിപ്സ്

3. ക്രിപ്സ് മിഷൻ ഇന്ത്യയിൽ വന്നപ്പോൾ വൈസ്രോയി - ലിൻലിത്ഗോ പ്രഭു

4. 'പിൻ തീയ്യതി വെച്ച ചെക്ക്' എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് - ക്രിപ്സ് മിഷനെ 

5. മുസ്ലിം ലീഗ് ക്രിപ്സ് മിഷനെ അംഗീകരിക്കാത്തതിന് കാരണം - പാകിസ്ഥാൻ വാദം അംഗീകരിക്കാത്തതിനാൽ 

6. ക്രിപ്‌സ് മിഷൻ ഇന്ത്യയിൽ നിന്ന് മടങ്ങിയതെന്ന് - 1942 ഏപ്രിൽ 12 

7. ക്രിപ്‌സ് മിഷൻ പരാജയപ്പെട്ടതിനെത്തുടർന്ന് കോൺഗ്രസ് ആവിഷ്‌കരിച്ച സമരം - ക്വിറ്റിന്ത്യ സമരം 

Post a Comment

Previous Post Next Post