സിവില്‍ നിയമ ലംഘന പ്രസ്ഥാനം

സിവില്‍ നിയമ ലംഘന പ്രസ്ഥാനം (Civil Disobedience Movement in Malayalam)

ബ്രിട്ടീഷ്‌ ഭരണത്തിനെതിരെ ഗാന്ധിജി നയിച്ച രണ്ടാമത്തെ വന്‍ പ്രക്ഷോഭമാണ്‌ സിവില്‍ നിയമലംഘന പ്രസ്ഥാനം. ഉപ്പുനിയമം ലംഘിച്ചുകൊണ്ടാണ്‌ ഗാന്ധിജി സിവില്‍നിയമലംഘന പ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്‌. പ്രക്ഷോഭം ആരംഭിക്കുന്നതിനു മുമ്പ്‌ അതിനുള്ള വിശദമായ പരിപാടികള്‍ ഗാന്ധിജി തയ്യാറാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ കഴിഞ്ഞ ഉടനെതന്നെ അദ്ദേഹം “പതിനൊന്ന്‌ ആവശ്യങ്ങള്‍' ബ്രിട്ടീഷ്‌ ഗവണ്‍മെന്റിന്‌ മുന്നില്‍ സമര്‍പ്പിച്ചു, ഈ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഗവണ്‍മെന്റിനെതിരെ കോണ്‍ഗ്രസ്സ്‌ ഒരു സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കണമെന്ന്‌ അദ്ദേഹം മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു. എന്നാല്‍ വൈസ്രോയി ഈ ആവശ്യങ്ങളില്‍ ഒന്നുപോലും അംഗീകരിച്ചില്ല. 1930 ഫെബ്രുവരിയില്‍ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തക സമിതി സബര്‍മതിയില്‍ സമ്മേളിച്ച്‌ സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ ഗാന്ധിജിയെ അധികാരപ്പെടുത്തി.

ഗവണ്‍മെന്റിനെതിരെ പോരാടുന്നതിനുവേണ്ടി ഗാന്ധിജി പുതിയൊരു സമരായുധം സ്വീകരിച്ചു. ഉപ്പുനിയമം ലംഘിച്ച്‌ സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കുമെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. ഉപ്പുനിയമം ബ്രിട്ടീഷ്‌ ഇന്ത്യയിലെ വെറുക്കപ്പെട്ട നിയമങ്ങളില്‍ ഒന്നായിരുന്നു.  ഉപ്പു നികുതിയെ കേന്ദ്രപ്രശ്നമാക്കി സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാനുള്ള ഗാന്ധിജിയുടെ തീരുമാനം തികച്ചും തന്ത്രപരമായ ഒരു നീക്കമായിരുന്നു. ഇതിലൂടെ ജനരോഷം ബ്രിട്ടീഷുകാര്‍ക്കെതിരെ തിരിച്ചുവിടാന്‍ കഴിയുമെന്ന്‌ ഗാന്ധിജി കണക്കുകൂട്ടി. അങ്ങനെ ഉപ്പുനിയമം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു പ്രധാന പ്രശ്നമായിത്തീര്‍ന്നു.

സിവില്‍ നിയമലംഘന പ്രസ്ഥാനം അതിവേഗം നാടാകെ വ്യാപിച്ചു. സിവില്‍ നിയമലംഘനത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനം കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള തങ്ങളുടെ അമര്‍ഷം പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആവേശമേകി. സ്ത്രീകള്‍, കർഷകർ, തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, അഭിഭാഷകര്‍ തുടങ്ങിയ ജനവിഭാഗങ്ങള്‍ ഈ പ്രക്ഷോഭത്തില്‍ ആവേശത്തോടെ അണിനിരന്നു. നിയമലംഘനം, നികുതി നിഷേധം, മദ്യഷാപ്പുകള്‍ പിക്കറ്റു ചെയ്യല്‍, ഹർത്താലുകള്‍, സമരങ്ങള്‍ തുടങ്ങിയവ രാജ്യത്തെ ഇളക്കി മറിച്ചു. ഗവണ്‍മെന്റ്‌ സ്ഥാപനങ്ങളുടെ ബഹിഷ്കരണം ഈ പ്രസ്ഥാനത്തിന്റെ അവിഭാജ്യ ഘടകമായിത്തീര്‍ന്നു. ഗാന്ധിജിയുടേയും കോണ്‍ഗ്രസ്സിന്റേയും നേതൃത്വത്തിലുള്ള ഔദ്യോഗിക പരിപാടികള്‍ക്കു പുറമെ മറ്റു പ്രതിഷേധ രൂപങ്ങളും പ്രക്ഷോഭകാലത്ത്‌ ഉയര്‍ന്നുവന്നു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഷകര്‍ ബ്രിട്ടീഷുകാരുടെ വനനിയമങ്ങള്‍ ലംഘിച്ചു. ഈ നിയമങ്ങള്‍ കര്‍ഷകര്‍ക്കും അവരുടെ കന്നുകാലികള്‍ക്കും കാടുകളിലേക്കുള്ള പ്രവേശനം നിഷേധിച്ചിരുന്നു. കൂടാതെ ഭൂനികുതിയും പാട്ടവും നല്‍കാന്‍ അവര്‍ തയ്യാറായില്ല. നഗരങ്ങളില്‍ തൊഴിലാളികള്‍ പണിമുടക്കി. അഭിഭാഷകര്‍ ബ്രിട്ടിഷ്‌ കോടതികള്‍ ബഹിഷ്കരിച്ചു. വിദ്യാര്‍ത്ഥികള്‍ ഗവണ്‍മെന്റ്‌ നടത്തിയിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോകാന്‍ വിസമ്മതിച്ചു. സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാന സവിശേഷത സ്ത്രീകളുടെ വൻതോതിലുള്ള പങ്കാളിത്തമാണ്‌. ജാഥകളില്‍ പോലും അവര്‍ പുരുഷന്മാരോടൊപ്പം പങ്കെടുത്തു. 

സിവില്‍ നിയമലംഘനത്തെ അടിച്ചമര്‍ത്താനാണ്‌ ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്‌. കോണ്‍ഗ്രസ്സ്‌ സംഘടനയെ നിരോധിച്ചു. ഗാന്ധിജിയുള്‍പ്പെടെയുള്ള അനേകം നേതാക്കന്മാരെ അറസ്റ്റു ചെയ്തു. ഒരു മാസത്തിനുള്ളില്‍ 60,000ലേറെ ഇന്ത്യാക്കാരെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു. 1931 മാര്‍ച്ചില്‍ ഗാന്ധി-ഇർവിൻ കരാറിനെ തുടര്‍ന്ന്‌ സിവില്‍ നിയമലംഘന പ്രസ്ഥാനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രണ്ടാം വട്ടമേശ സമ്മേളനം പരാജയപ്പെട്ടതിനെത്തുടർന്ന് ഗാന്ധിജി സിവിൽ നിയമലംഘന പ്രസ്ഥാനം പുനരാരംഭിച്ചു. തുടർന്ന് അന്നത്തെ വൈസ്രോയിയായിയിരുന്ന വെല്ലിംഗ്ടൺ  പ്രഭു അതിനെ അടിച്ചമർത്താൻ കടുത്ത  നടപടികൾ സ്വീകരിച്ചു. ഗാന്ധിജിയെ അറസ്റ്റു ചെയ്യുകയും കോൺഗ്രസിനെ നിരോധിക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം തുടർന്നുകൊണ്ടു പോകാൻ കോൺഗ്രസിന് ബുദ്ധിമുട്ടായി. 1934 ഏപ്രിലിൽ കോൺഗ്രസ് സിവിൽ നിയമലംഘന പ്രസ്ഥാനം അന്തിമമായി പിൻവലിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്‌ സമ്മേളനം - 1929 ലെ ലാഹോര്‍ സമ്മേളനം

2. സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരം - ഉപ്പു സത്യാഗ്രഹം (1930)

3. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തിന്‌ നേതൃത്വം വഹിച്ചത് - റാണി ഗെയിഡിന്‍ല്യൂ

4. ഇന്ത്യയുടെ വടക്കു പടിഞ്ഞാറൻ പ്രവിശ്യകളില്‍ സിവില്‍ നിയമ ലംഘന പ്രസ്ഥാനത്തിന്‌ നേതൃത്വം നൽകിയത് - ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍

5. ഇന്ത്യയുടെ പടിഞ്ഞാറൻ പ്രവിശ്യകളില്‍ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട സംഘടന - ചുവന്ന കുപ്പായക്കാര്‍ (ഖുദായിഖിത്മത്ഗാര്‍)

6. സിവിൽ നിയമലംഘനം ആരംഭിക്കുന്നതിനുമുമ്പ് സമാധാനത്തിന്റെ ഒരു മാർഗം തുറന്നുകിട്ടും എന്ന ആഗ്രഹത്തോടെ ഗാന്ധിജി ഏത് വൈസ്രോയിക്കാണ് പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കത്തെഴുതിയത് - ഇർവിൻ പ്രഭു

7. ഗാന്ധിജിക്ക് സിവിൽ നിയമലംഘനം എന്ന ആശയം ആരിൽ നിന്നാണ് ലഭിച്ചത് - ഹെൻറി ഡേവിഡ് തോറോ

8. ഗാന്ധിജി സിവിൽ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ചപ്പോൾ വൈസ്രോയിയായിരുന്നത് - ഇർവിൻ പ്രഭു

9. ഗാന്ധിജി സിവിൽ ആജ്ഞാലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ദണ്ഡിയാത്ര നടത്തിയ വർഷം - 1930 

10. സിവിൽ ആജ്ഞാലംഘന പ്രസ്ഥാനം ആരംഭിച്ച വർഷം - 1930  

11. ഉപ്പു സത്യാഗ്രഹത്തിന്റെ ഭാഗമായി തമിഴ്നാട്ടില്‍ തൃശ്ശിനാപള്ളിയില്‍ നിന്ന്‌ വേദാരണ്യം കടപ്പുറത്തേയ്ക്ക്‌ മാര്‍ച്ച്‌ നടത്തിയത്‌ - സി. രാജഗോപാലാചാരി

Post a Comment

Previous Post Next Post