കൂവ കിഴങ്ങ്

കൂവ കിഴങ്ങ് (Arrowroot in Malayalam)

കിഴങ്ങ്‌ വര്‍ഗത്തില്‍ പെട്ട പ്രമുഖ വിളസസ്യമാണ്‌ കൂവ. ഇംഗ്ലീഷിൽ ഇത്‌ 'ആരോറൂട്ട്‌' എന്നറിയപ്പെടുന്നു. കൂവയുടെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു. ഇന്ത്യയുടെ ഒട്ടുമിക്ക ഭാഗങ്ങളിലും ഇത്‌ കൃഷി ചെയ്യുന്നു. ഇവ ഏറ്റവും കൂടുതലായി കണ്ടുവരുന്നത്‌ ഹിമാലയന്‍ മേഖലകളിലാണ്‌. ഇന്ത്യയ്ക്കു പുറമേ മ്യാന്‍മര്‍, ബര്‍മുഡ, ഫിലിപ്പിന്‍സ്‌, ശ്രീലങ്ക, ഇന്തോനേഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലും ഇന്ന്‌ കൂവ കൃഷി ചെയുന്നുണ്ട്‌. കേരളത്തിലും ഇവയുടെ കൃഷി മികച്ച രീതിയില്‍ നടന്നുവരുന്നു.


കൂവയില്‍ ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്‌. അന്നജത്തിനായി നാം ഏറെ ആശ്രയിക്കുന്ന ഒരു സസ്യം കൂടിയാണ്‌ കൂവ. അതിനാല്‍ ഇതിനു വ്യാവസായിക പ്രാധാന്യവുമുണ്ട്‌. പഴുതാര, തേള്‍ എന്നിവയുടെ വിഷത്തിനുള്ള പ്രതിവിധിയായും കൂവ ഉപയോഗിക്കുന്നു. മഞ്ഞള്‍ച്ചെടിയോട്‌ സാമ്യമുള്ള ഒരു സസ്യമാണ്‌ കുവ. കൂട്ടമായി വളരുന്ന ഇവയ്ക്ക്‌ ഏതാണ്ട്‌ രണ്ടു മീറ്റര്‍ ഉയരമുണ്ടാകും. കൂവയുടെ പൂക്കള്‍ക്ക്‌ ഇളം വയലറ്റ്‌ നിറമാണ്‌. വെളുത്തതും നീണ്ടതുമായ കിഴങ്ങാണിവയ്ക്ക്‌. ഇതിന്‌ നല്ല ഔഷധഗുണമുണ്ട്‌.


നീര്‍വാര്‍ചയുള്ളതും പശിമ കുറഞ്ഞതുമായ മണ്ണാണ് കൂവക്കൃഷിയ്ക്ക്‌ അനുയോജ്യം. മരങ്ങള്‍ക്കിടയില്‍ ഇടവിളയായും കൃഷി ചെയ്യാവുന്നതാണ്‌. കിഴങ്ങ്‌ നട്ടാണ്‌ സസുമുണ്ടാക്കുന്നത്‌. കുവക്കിഴങ്ങിന്റെ പൊടി ദഹനത്തിന്‌ വളരെ നല്ലതാണ്‌. കൂവപ്പൊടി പാലില്‍ ചേര്‍ത്തുണ്ടാക്കുന്ന കുറുക്ക്‌ കൊച്ചുകുഞ്ഞുങ്ങള്‍ക്ക്‌ ഏറെ വിശേഷപ്പെട്ടതാണ്‌. മറ്റു കിഴങ്ങുകളെ പോലെ പുഴുങ്ങി ഭക്ഷണമായും കുവക്കിഴങ്ങ്‌ ഉപയോഗിക്കാം.


അന്നജത്തിനു പുറമേ മാംസ്യം, കൊഴുപ്പ്‌, ഫോസ്ഫറസ്‌, പഞ്ചസാര, നാരുകള്‍ എന്നിവയും കൂവയില്‍ അടങ്ങിയിരിക്കുന്നു. കൂവക്കിഴങ്ങിലെ അന്നജം വളരെ പെട്ടെന്ന്‌ ദഹിക്കുന്നതാണ്‌. വാതം, പിത്തം, ഉദരരോഗങ്ങള്‍, ദഹനക്കുറവ്‌, മൂത്രക്കുറവ്‌, അതിസാരം എന്നിവയ്ക്കും ഇത്‌ ഉത്തമമാണ്‌. ശാസ്ത്രീയ നാമം: മരാന്ത അരുണ്‍ഡിനാസിയേ

0 Comments