കുരുമുളക് ഇനങ്ങൾ

അത്യുൽപാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ - പന്നിയൂർ - 1, 2, 3, 4, 5, 6, 7, ശ്രീകര, ശുഭകര, കരിമുണ്ടൻ, കൊറ്റനാടൻ, കുതിരവേലി

ലോകകമ്പോളത്തില്‍ ഏറ്റവും അധികം വില്‍ക്കുന്ന സുഗന്ധവിള കളിലൊന്നാണ്‌ കുരുമുളക്‌, മികച്ച ഔഷധസസ്യം കൂടിയായ കുരുമുളകിന്റെ ജന്മദേശം കേരളമാണെന്ന്‌ കരുതുന്നു. ഇന്ന്‌ വിവിധ രാജ്യങ്ങളില്‍ കുരുമുളക്‌ കൃഷിയുണ്ടെങ്കിലും തെക്കേ ഇന്ത്യയിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ്‌ ഇത്‌ ഏറ്റവും വ്യാപകം. ഇന്ത്യയിലെ കുരുമുളകിന്‍റെ ഭൂരിഭാഗവും കയറ്റുമതി ചെയ്യുന്നത് കേരളം, അസം, ആന്ധ്രാപ്രദേശ്‌, പശ്ചിമ ബംഗാള്‍, ആൻഡമാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ. ഇതിൽ കേരളമാണ് ഏറ്റവും മുന്നിൽ.


ലോകചരിത്രത്തില്‍ കുരുമുളകിനോളം ഇടം നേടിയ സുഗന്ധവ്യഞ്ജനം വേറെ കാണില്ല. 'കറുത്ത പൊന്ന്‌' എന്നറിയപ്പെടുന്ന കുരുമുളകാണ്‌ വിദേശികളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിച്ചത്‌. കേരളത്തിൽ കുരുമുളക്‌ ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ഇന്ത്യയുടെ ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു. കുരുമുളകിനു വേണ്ടിയാണ്‌ അറബികള്‍ ആദ്യമായി കേരളത്തിലെത്തിയത്‌. കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങളുടെ കുത്തക ഏറെക്കാലം അവർക്കായിരുന്നു. അതു തകർന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടെയാണ്‌. പോര്‍ച്ചുഗീസുകാര്‍ നമ്മുടെ കറുത്ത പൊന്നിനെ ലോകവിപണിയില്‍ ഒന്നാംസ്ഥാനത്തെത്തിച്ചു,


പോര്‍ച്ചുഗീസുകാര്‍ക്കു മുമ്പുതന്നെ ചൈനക്കാരും റോമാക്കാരും ഈജിപ്റ്റുകാരും കുരുമുളകിനുവേണ്ടി കേരളത്തിലെത്തിയിരുന്നു. ഈജിപ്റ്റിലെ മമ്മികളില്‍ പോലും കുരുമുളകിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇന്ന്‌ ലോകത്ത്‌ ഏറ്റവും കൂടുതല്‍ കുരുമുളക്‌ ഉല്‍പാദിപ്പിക്കുന്ന രാജ്യം വിയറ്റ്നാം ആണ്‌, ഇന്ത്യ കൂടാതെ ബ്രസീല്‍, ശ്രീലങ്ക, ചൈന, മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളിലും കുരുമുളക് കൃഷി നടക്കുന്നുണ്ട്. റോമിലെ പ്രഭുക്കന്മാരുടെ മണിമന്ദിരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു കുരുമുളക്‌. കുരുമുളകിനോടുള്ള അമിതമായ ഈ ഇഷ്ടം മൂലം റോമിലെ സാമ്പത്തികസ്ഥിതി മോശമായി. “കറുത്ത പൊന്നി"നു പകരമായി അവര്‍ നല്‍കിയിരുന്നത് ഒറിജിനൽ പൊന്ന് അഥവാ സ്വർണം തന്നെയായിരുന്നു. റോമിൽ നിന്ന്‌ ഒരുകാലത്ത് സ്വർണ്ണനാണയങ്ങള്‍ മഴവെള്ളം പോലെ ഒഴുകിയിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു.


റോമന്‍ പണ്ഡിതനായിരുന്ന പ്ലീനി തന്റെ 'നാച്ചുറൽ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിൽ കുരുമുളകിനെക്കുറിച്ച്‌ എഴുതിയത് ഇങ്ങനെയാണ് 'കുരുമുളകിന്റെ ഉപയോഗം ഒരു ഫാഷനായിത്തീര്‍ന്നത്‌ ആശ്ചരൃകരമാണ്‌. മറ്റു സാധനങ്ങളുടെ കാര്യത്തിലാണെങ്കിൽ ചിലപ്പോള്‍ അവയുടെ മധുരവും ഭംഗിയുമൊക്കെയാണ്‌ നമ്മെ ആകര്‍ഷിക്കുന്നത്‌. എന്നാല്‍, കുരുമുളകിന്‌ പഴം എന്ന നിലയിലോ കുരു എന്ന നിലയിലോ അത്തരം വിശേഷണങ്ങള്‍ ഒന്നുമില്ല. അതിനുള്ള ഏകഗുണം ഒരുതരം എരിവാണ്. എന്നിട്ടും ഈ എരിവിനുവേണ്ടി ഇന്ത്യ രാജ്യത്തു നിന്നും നാം ഇത് ഇറക്കുമതി ചെയ്യുന്നു. ഒരു കാട്ടുചെടി കേരളത്തിനു സ്വർണം നേടിക്കൊടുത്തു എന്നതല്ല പ്രധാനം. മറിച്ച്, നമ്മുടെ രാജ്യത്തിൻറെ ചരിത്രം തന്നെ മാറ്റിയെഴുതി എന്നതാണ്.


കുരുമുളകു നിറച്ച കപ്പലുകൾ വിദേശനദികളിലൂടെ പോകുമ്പോൾ നദിയുടെ ഇരുകരകളിലും ജനം ഓടിയെത്താറുണ്ടായിരുന്നതായി ചരിത്രരേഖകള്‍ പറയുന്നു. കുരുമുളകിന്റെ ഗന്ധം ശ്വസിക്കാന്‍ വേണ്ടിയായിരുന്നു ഇത്‌. പുരാതനകാലത്ത്‌ ചൈനയ്ക്ക് പ്രധാനമായും മൂന്നുതരം പായ്ക്കപ്പലുകൾ ഉണ്ടായിരുന്നതായി പ്രശസ്ത സഞ്ചാരിയായ മാർക്കോ പോളോ പറയുന്നു. ഈ മൂന്ന് പായ്ക്കപ്പലുകളും കേരളത്തിൽ കുരുമുളക് കയറ്റാൻ വേണ്ടി എത്തിയിരുന്നു. ഇക്കാലത്ത് ചൈനയിൽ നിന്ന് ധാരാളം പണം കേരളത്തിലേക്കെത്തി. തന്മൂലം അവിടെ സാമ്പത്തിക പ്രതിസന്ധിയുണ്ടായി. തുടർന്ന്, 1200-കളുടെ തുടക്കത്തിൽ ചൈന ഭരിച്ചിരുന്ന രാജാവ് വിദേശവ്യാപാരത്തിന് നാണയങ്ങളുടെ ഇടപാട് നിരോധിച്ചു. അതിനു ശേഷം സാധനങ്ങളാണ് കൈമാറിയിരുന്നത്.


കുരുമുളക് ഒരു വള്ളിചെടിയാണ്. പത്തു മുതൽ 30 മീറ്റർ വരെ നീളത്തിൽ ഇവ വളരുന്നുണ്ട്. പടർന്നു കയറാത്ത സങ്കരയിനങ്ങളും ഇപ്പോൾ വിപണിയിലെത്തിയിട്ടുണ്ട്. എഴുപതോളം ഇനം കുരുമുളക് ഇന്ന് ലോകത്തിലുണ്ടെന്നു കരുതുന്നു. കുരുമുളകിന്റെ പൂക്കാലം ജൂണ്‍-ജൂലൈ മാസങ്ങളാണ്‌. ഉരുണ്ട കായ്കള്‍ക്ക്‌ ആദ്യം നല്ല പച്ചനിറമായിരിക്കും. പാകമാകുമ്പോള്‍ ചുവപ്പു നിറമാകും. ഉണങ്ങുമ്പോള്‍ ഇവ കറുപ്പ്‌ നിറമാകും. ആ സമയം ഇവ ചുളുങ്ങാറുണ്ട്‌. പാകമായ കുരുമുളക്‌ കുലകളോടെ പറിച്ചെടുക്കുകയാണ്‌ പതിവ്‌. പിന്നീട്‌ ഇവ ഉണക്കിയെടുക്കുന്നു. ഇപ്പോൾ വെളുത്ത കുരുമുളകും വിപണിയിൽ ലഭ്യമാണെങ്കിലും കറുത്ത കുരുമുളകിനാണ് എരിവ്‌ കൂടുതല്‍.


കൂരുമുമകിന്റെ തൊലിയില്‍ 'പൈപ്പിറില്‍' എന്ന ആല്‍ക്കലോയിഡുകള്‍ അടങ്ങിയിരിക്കുന്നു. ഇത് അധികമുള്ളതാണ്‌ ഇവയുടെ കടുത്ത ഗന്ധത്തിനു കാരണം. ഇതോടൊപ്പം, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഫോസ്‌ഫേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ഒരുതരം ലഘുതൈലം എന്നിവയും കുരുമുളകിലുണ്ട്. ഇവയുടെ ഔഷധമൂല്യമുള്ള ഭാഗമാണ് ഫലവും വേരും. കുരുമുളക് പല രോഗങ്ങളും ശമിപ്പിക്കാനായി ഉപയോഗിക്കുന്നുണ്ട്. അതിലുപരി, ഭക്ഷണപദാർത്ഥങ്ങൾക്ക് രുചി വർദ്ധിപ്പിക്കാനായും ഇവയുപയോഗിക്കുന്നു. ചുമ, ജലദോഷം എന്നിവ ശമിപ്പിക്കാനായും രക്തശുദ്ധി വരുത്താനും അപസ്മാരരോഗികൾക്കുള്ള ഔഷധമായും കുരുമുളക്‌ ഉപയോഗിക്കുന്നു. എള്ളെണ്ണയിൽ കുരുമുളകിട്ട് കാച്ചി തേക്കുകയാണെങ്കില്‍ വാതരോഗത്തിന്‌ ആശ്വാസമുണ്ടാകും. കുരുമുളക്‌ വെളിച്ചെണ്ണയില്‍ കാച്ചിയത്‌ ത്വക്ക് രോഗങ്ങൾക്ക് നല്ലതാണ്.

   

കാലാവസ്ഥയ്ക്കും മണ്ണിനും അനുസരിച്ച് കുരുമുളക് വളർത്താവുന്നതാണ്. അധികം പടർന്ന് പിടിക്കാതെ ചെടിച്ചട്ടിയിൽ വളരുന്ന ഇനവും ലഭ്യമാണ്. കേരളത്തിൽ മാത്രം അറുപതിൽപരം കുരുമുളക് തരങ്ങൾ കൃഷി ചെയ്യുന്നുണ്ട്. തീരപ്രദേശത്തേക്കാൾ നന്നായി കുരുമുളക് വളരുക മലയോരത്താണ്. മഴയും ചൂടും ഒരുപോലെ ആവശ്യമായ സസ്യമാണിത്. ഇവയുടെ വളർച്ചയ്ക്ക് അന്തരീക്ഷത്തിലെ ഈർപ്പം ആവശ്യമാണ്. ഇന്നത്തെ സങ്കരയിനങ്ങൾ കൂടുതൽ വിളവ് നൽകുന്നതായി കണ്ടെത്തിയിട്ടുണ്ട്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. കേരളത്തിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സുഗന്ധ വ്യഞ്ജനം - കുരുമുളക്


2. കുരുമുളക് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം - വിയറ്റ്‌നാം


3. കുരുമുളക് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കേരളം


4. ഏറ്റവും കൂടുതൽ കുരുമുളക് ഉത്പാദിപ്പിക്കുന്ന ജില്ല - വയനാട്


5. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് - കുരുമുളക് 


6. കുരുമുളകിന്റെ ശാസ്ത്രീയ നാമം - പെപ്പര്‍ നൈഗ്രം


7. കറുത്ത പൊന്ന് എന്നറിയപ്പെടുന്ന സുഗന്ധ വ്യഞ്ജനം - കുരുമുളക് 


8. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു - പന്നിയൂർ


9. മഴയിലൂടെ പരാഗണം നടക്കുന്ന സുഗന്ധവ്യജ്ഞനം - കുരുമുളക്


10. കുരുമുളകിന് എരിവ് നൽകുന്ന രാസവസ്തു - കാരിയോഫിലിൻ


11. ജമൈക്കൻ പെപ്പർ എന്നറിയപ്പെടുന്നത് - സർവ്വ സുഗന്ധി


12. അത്യുത്പാദനശേഷിയുള്ള കുരുമുളക് ഇനങ്ങൾ - ശ്രീകര, പഞ്ചമി, ശുഭകര, പൗർണമി


13. ഏതു വിളയെ ബാധിക്കുന്ന രോഗമാണ് ദ്രുതവാട്ടം - കുരുമുളക്


14. പ്രാചീനകാലത്ത് യവനപ്രിയ എന്നറിയപ്പെട്ടത് - കുരുമുളക്


15. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെയാണ് - പന്നിയൂർ


16. പറ്റ് വേരുകളുള്ള സസ്യം - കുരുമുളക് ചെടി

0 Comments