ഉഴുന്ന്

ഉഴുന്ന് (Vigna Mungo in English)

പയർ വർഗത്തിൽപ്പെട്ട ഒരു ചെടിയാണിത്. ഇതിന്റെ ജന്മദേശം ഇന്ത്യയാണെന്ന് കരുതുന്നു. നമ്മുടെ ആയുർവേദഗ്രന്ഥങ്ങളിലും മറ്റും ഉഴുന്നിനെക്കുറിച്ചുള്ള പരാമർശമുണ്ട്. പുരാതനകാലത്ത് ഇവിടെ ഉഴുന്ന് കൃഷി ചെയ്തിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. ഇന്ത്യ കൂടാതെ, നേപ്പാൾ, ജപ്പാൻ, ബംഗ്ലാദേശ്, തായ്‌ലൻഡ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ ഉഴുന്നുകൃഷി വൻ തോതിൽ നടക്കുന്നുണ്ട്.


ഏതാണ്ട് മുക്കാൽ മീറ്ററോളം ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന്റെ തണ്ടിലും ഇലകളിലും തവിട്ടുനിറത്തിലുള്ള രോമങ്ങൾ നിറഞ്ഞിരിക്കും. ഇലകളും, വള്ളികളും ചേർന്ന് കെട്ടുപിണഞ്ഞ രീതിയിലാണ് കാണപ്പെടുന്നത്. പൂക്കൾ കുലകളായിട്ട് ഉണ്ടാകുന്നു. ഇതിന് മഞ്ഞനിറമാണ്. ഈ പൂങ്കുലകൾ റസീം എന്നാണ് അറിയപ്പെടുന്നത്. ഫലം നീളമുള്ളതും ഉരുണ്ടതുമാണ്. ഇതിന് 6-8 സെന്റിമീറ്റർ നീളമുണ്ടായിരിക്കും. ഒരു കായിൽ 8-15 വിത്ത് ഉണ്ടാവും. വിത്തിന്റെ തൊലിക്ക് കറുപ്പ് നിറവും പരിപ്പിന് വെള്ളനിറവുമാണ്.


കർണാടകം, ആന്ധ്രാ, പശ്ചിമ ബംഗാൾ, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഇത് നന്നായി കൃഷി ചെയ്യുന്നുണ്ട്. ഉഴുന്നിന്റെ ഭക്ഷ്യയോഗ്യമായ ഭാഗം അതിന്റെ കായാണ്. ദീർഘവൃത്താകൃതിയിൽ ഉരുണ്ട രൂപത്തിലാണ് ഉഴുന്ന് വിത്തുകൾ ഉണ്ടാകുന്നത്. വിത്തുകളിൽ ഒരു വെളുത്ത അടയാളം ഉണ്ടായിരിക്കും. ഉഴുന്ന് അരച്ച് പലഹാരങ്ങളും മറ്റും ഉണ്ടാക്കുന്നു. പുറന്തോട് മാറ്റിയ ഉഴുന്നാണ് ആഹാരത്തിന് ഉപയോഗിക്കുന്നത്. ഉഴുന്നിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്നത് പ്രോട്ടീനാണ്. പ്രോട്ടീൻ കൂടാതെ, ജലാംശം, കൊഴുപ്പ്, അന്നജം, കാൽസ്യം എന്നിവയുമുണ്ട്.


നല്ല നീരൊഴുക്കുള്ള ഫലഭൂയിഷ്ഠമായ മണ്ണിലാണ് ഇവ നന്നായി വളരുന്നത്. മെയ്-ജൂൺ മാസത്തിലോ കാലവർഷം കഴിഞ്ഞ് സെപ്റ്റംബർ-ഒക്ടോബർ മാസത്തിലോ വിത്ത് വിതയ്ക്കും. ഉഴുന്നിന്റെ വിളവെടുപ്പ് കഴിഞ്ഞശേഷം ഇതിന്റെ ഇലയും തണ്ടുമെല്ലാം വയലിൽ തന്നെ ഉഴുതു ചേർക്കും. മികച്ച വളമാണ് ഉഴുന്നിലകൾ. വിത്തു വിതച്ച് 10 ദിവസത്തിനകം മുളയുണ്ടാകുന്നു. ഏഴാഴ്ചകൾക്കകം പൂക്കും. മൂന്നുമാസത്തിനകം കായ് വിളയും. വിളഞ്ഞ ചെടികൾ പിഴുതെടുത്ത് വടികൊണ്ട് അടിച്ച് വിത്തുകൊഴിക്കുന്നു. ഇന്ന് ഇന്ത്യയിലെ ഭക്ഷ്യവിഭവങ്ങളിൽ മുഖ്യമായ ഒന്നാണ് ഉഴുന്ന്. ശാസ്ത്രീയ നാമം - ഫാസിയോളസ്‌ മുംഗോ.

0 Comments