സാമൂതിരി രാജവംശം

സാമൂതിരി രാജവംശം (Samoothiri History in Malayalam)

കുലശേഖരസാമ്രാജ്യത്തിലെ പ്രധാനപ്പെട്ട നാല്‌ സ്വരൂപങ്ങളില്‍ ഒന്നായിരുന്നു ഏറനാട്. കോലത്തിരി, വേണാട്‌, പെരുമ്പടപ്പ്‌ എന്നിവയാണ്‌ മറ്റു സ്വരൂപങ്ങള്‍. ഏറനാടിനെ നെടിയിരുപ്പ്‌ എന്നും വിളിക്കപ്പെട്ടിരുന്നു. ഭാസ്കര രവിവര്‍മ്മയുടെ ജൂതശാസനത്തിൽ ഒപ്പിട്ട നാടുവാഴികളില്‍ ഒരാള്‍ 'ഏർനാട്ടുടയ മാനവപാല മാനനീയ'നാണ്‌. പിൽക്കാലത്ത്‌ കോഴിക്കോട്‌ സാമൂതിരിമാർ എന്ന പേരില്‍ പ്രശസ്തരായ ഭരണാധികാരികള്‍ ഇദ്ദേഹത്തിന്റെ പിന്‍ഗാമികളാണ്‌. പതിമൂന്നാം നൂറ്റാണ്ടിനു ശേഷമാണ്‌ കോഴിക്കോട്‌ ചരിത്രത്തില്‍ സ്ഥാനം നേടുന്നത്‌. പ്രമുഖ തുറമുഖമായി കോഴിക്കോട്‌ വളര്‍ന്നതും ഇക്കാലത്താണ്‌. അതുവരെ പോളനാടിന്റെ ഭാഗമായിരുന്ന ഇവിടം ഭരിച്ചിരുന്നത്‌ പോര്‍ളാതിരി എന്നു വിളിക്കപ്പെടുന്ന ഭരണാധികാരിയായിരുന്നു. വിദേശവാണിജ്യം കൊണ്ട്‌ കേരളീയ രാജാക്കന്മാര്‍ മിക്കവരും സമ്പന്നരായിത്തീര്‍ന്നു. എന്നാല്‍ ഏറനാടിന് കടൽത്തീരം ഉണ്ടായിരുന്നില്ല. സമുദ്രത്തിലേക്കുള്ള പ്രവേശനമാർഗത്തിനായി കൊതിച്ചു കൊണ്ടിരുന്ന ഏറാൾപ്പാട് പോർളാതിരിയുടെ അധീനതയിലുണ്ടായിരുന്ന കടൽത്തീരം ആക്രമിച്ച് കൈവശപ്പെടുത്തി. പ്രാണഭയം കൊണ്ട് പോർളാതിരി നാടുവിട്ടോടി. 


പോളനാട് കീഴടക്കിയ്തിനു ശേഷം ഏറാള്‍പ്പാട്‌ തങ്ങളുടെ ആസ്ഥാനം കോഴിക്കോട്ടേയ്ക്ക്‌ മാറ്റി. വേളാപുരം എന്ന സ്ഥലത്ത് ഒരു കോട്ടയും കോവിലകവും നിർമ്മിച്ച് നെടിയിരുപ്പ് സ്വരൂപം അവിടേയ്ക്ക് മാറ്റി. അതിനുശേഷം കോഴിക്കോട്ടെ രാജാക്കന്മാർ, സാമൂതിരിമാർ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. സാമൂതിരി എന്ന പേര് പല പ്രകാരത്തിലും ചരിത്രകാരന്മാർ പ്രയോഗിച്ചു കാണുന്നുണ്ട്. സാമൂരി, താമൂരി, താമൂതിരി, എന്നിങ്ങനെ. സാമുദ്രി എന്ന വാക്കിൽ നിന്നായിരിക്കും സാമൂതിരിയുടെ ഉദ്ഭവം. സാമുദ്രി എന്ന വാക്കിന് സമുദ്രങ്ങളുടെ രാജാവ് എന്നാണ് അർഥം. പതിനാലാം നൂറ്റാണ്ടു മുതലാണ് മുസ്ലീം സഞ്ചാരികളും ചരിത്രകാരന്മാരും ഈ പേര് പ്രയോഗിച്ചുകാണുന്നത്‌. ആദ്യമായി ഈ പേര് ഉപയോഗിച്ചുകാണുന്നത്‌ ഇബ്നു ബത്തുത്തയുടെ സഞ്ചാരക്കുറിപ്പുകളിലാണ്‌. പോര്‍ച്ചുഗീസ്സുകാര്‍ സാമുതിരിമാരെ ആദ്യം സമൂര്‍ എന്നും പിന്നീട്‌ സമോറിന്‍ എന്നും വിളിക്കാൻ തുടങ്ങി. സാമന്തന്മാരില്‍ പ്രധാനി എന്ന അര്‍ഥമാണ്‌ സാമൂതിരിക്കെന്നും ഒരു അഭിപ്രായമുണ്ട്‌. മല മുതല്‍ അലയാഴി വരെയുള്ള ദേശങ്ങള്‍ക്ക്‌ അധിപന്മാര്‍ എന്നർഥമുള്ള കുന്നലക്കോനാതിരിമാർ എന്നും ഇവർക്ക് പേരുണ്ട്. പൂന്തുറകോൻ എന്നും ചില രേഖകളിൽ സാമൂതിരിമാരെ വിശേഷിപ്പിച്ചുകാണുന്നു.


സാമൂതിരിമാരുടെ ഭരണത്തിനു കീഴിൽ കോഴിക്കോട്‌ ഭാരതത്തിലെ തന്നെ മികച്ച തുറമുഖമായി വളര്‍ന്നു. വിദേശ വ്യാപാരികള്‍ക്ക്‌ ലഭിച്ചിരുന്ന സുരക്ഷിതത്വവും ആനുകൂല്യങ്ങളും കാരണം ധാരാളം വിദേശക്കപ്പലുകള്‍ കോഴിക്കോട്ടേയ്‌ക്കെത്തി. അറബികളും ചൈനാക്കാരുമായിരുന്നു കോഴിക്കോടുമായി വ്യാപാരം നടത്തിയിരുന്നവരില്‍ പ്രമുഖര്‍. ഇവരില്‍ അറബികളോടായിരുന്നു സാമൂതിരിക്ക്‌ കൂടുതല്‍ ഇഷ്ടം. ഇതുമൂലം കോഴിക്കോട്ടെ ഇറക്കുമതിയുടേയും കയറ്റുമതിയുടേയും പ്രധാന കുത്തക അറബികള്‍ക്കായി. സാമൂതിരിയുടെ ശക്തി വടക്ക്‌ കണ്ണൂര്‍ മുതല്‍ തെക്ക്‌ പുറക്കാടു വരെ വ്യാപിച്ചു. അതിവേഗത്തിലായിരുന്നു, ഈ വളര്‍ച്ച. പശ്ചിമതീരത്തെ ഏറ്റവും വലിയ വാണിജ്യകേന്ദ്രമായി കോഴിക്കോട്‌. ഏറ്റവും സമ്പന്നനായ ഭരണാധികാരി എന്ന പദവി സാമൂതിരിയും നേടി. കുറഞ്ഞ നാള്‍ കൊണ്ട് നേടിയ ഈ വളര്‍ച്ച അവരെ അഹങ്കാരികളാക്കി മാറ്റി. അയല്‍രാജാക്കന്മാരെ അവര്‍ നിരന്തരം ശല്യപ്പെടുത്തുകയും ഭരണം തങ്ങളുടെ കാല്‍ക്കീഴില്‍ ഒതുക്കാന്‍ ശ്രമിക്കുകയും ചെയ്തു.


വിദേശസഞ്ചാരിയായിരുന്ന ഇബ്നു ബത്തൂത്ത കോഴിക്കോടിന്റെ വളര്‍ച്ചയെ കുറിച്ച്‌ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ മാത്രമല്ല, ശ്രീകണ്ഠപുരം, ഏഴിമല, ധര്‍മ്മടം, വളപട്ടണം, പന്തലായിനി, ചാലിയം, കൊല്ലം തുടങ്ങി അക്കാലത്തെ എല്ലാ പ്രമുഖ പട്ടണങ്ങളേയും തുറമുഖങ്ങളേയും അദ്ദേഹം തന്റെ കുറിപ്പുകളിലൂടെ പരിചയപ്പെടുത്തുന്നു. 1342-47 കാലഘട്ടങ്ങളില്‍ ഇബ്‌നു ബത്തൂത്ത ആറു തവണ കോഴിക്കോട്‌ സന്ദര്‍ശിച്ചിട്ടുണ്ട്‌. “ഭാരതത്തിന്റെ മഹത്തായ വാണിജ്യ കേന്ദ്രം” എന്നാണ്‌ ഇറ്റാലിയന്‍ സഞ്ചാരി ആയ നിക്കോളോ കോണ്ടി കോഴിക്കോടിനെ വിശേഷിപ്പിക്കുന്നത്‌. വളരെയേറെ ജനങ്ങള്‍ താമസിക്കുന്ന, ഒട്ടേറെ കെട്ടിടങ്ങളുള്ള തുറമുഖനഗരമായിരുന്നു കോഴിക്കോട്. അബിസിനിയ, സഞ്ചുബാര്‍, സേർബാദ്‌, മലാക്ക, മക്ക, ഹിജാസ്‌ എന്നിവിടങ്ങളിൽ നിന്നുള്ള ധാരാളം വ്യാപാരികള്‍ ഇവിടെ തമമസിക്കുന്നുണ്ടെന്നും ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും സാധനങ്ങള്‍ ഇവിടെ വില്‍ക്കുന്നുണ്ടെന്നും പതിനഞ്ചാം നൂറ്റാണ്ടില്‍ കോഴിക്കോട്‌ സന്ദർശിച്ച അറബി സഞ്ചാരിയായ അബ്ദുൾ റസാഖ് രേഖപ്പെടുത്തിയിരിക്കുന്നു.


സാമൂതിരിവംശത്തില്‍ സാമൂതിരി, ഏറാൾപ്പാട്, മൂന്നാള്‍പ്പാട്,നെടുത്രാല്‍പ്പാട്‌ എന്നിങ്ങനെ മൂപ്പനുസരിച്ച്‌ നാലു സ്ഥാനങ്ങളുണ്ട്. ഇവരില്‍ നെടുങ്ങാട്ടെ ഭരണാധിപനാണ്‌ ഏറാൾപ്പാട്. സേനാനായക പദവി മൂന്നാള്‍പ്പാടിനാണ്‌. മങ്ങാട്ടച്ചനാണ്‌ പ്രധാനമന്ത്രി. ധര്‍മ്മോത്ത് പണിക്കര്‍ കളരി ഗുരുനാഥന്റെ സ്ഥാനത്തും. തിനയഞ്ചേരി ഇളയതും വാറയ്ക്കല്‍ പാറനമ്പിയുമാണ്‌ മറ്റു മന്ത്രിമാര്‍, തലച്ചേര്‍ന്നവരാണ്‌ കാലാള്‍പ്പടയുടെ സ്ഥിരസൈസന്യാധിപന്‍. നാവികസേനയാകട്ടെ മരയ്ക്കാര്‍മാരുടെ നിയന്ത്രണത്തിലായിരുന്നു. അതിന്റെ നായകരാണ്‌ കുഞ്ഞാലി മരയ്ക്കാര്‍മാര്‍.


സാമൂതിരി കുടുംബത്തിലെ സ്ത്രീകള്‍ക്ക്‌ ശ്രീദേവി, മഹാദേവി എന്നിങ്ങനെയും പുരുഷന്മാര്‍ക്ക്‌ മാനവിക്രമന്‍, മാനവേദന്‍ എന്നിങ്ങനെയുമാണ്‌ പേരുകള്‍. സാമൂതിരിമാര്‍ ഒന്നരനുറ്റാണ്ടോളം പോര്‍ട്ടുഗീസുകാരുമായി യുദ്ധം ചെയ്തു. കുഞ്ഞാലി മരയ്ക്കാര്‍ നയിച്ചിരുന്ന സാമൂതിരിയുടെ നാവികപ്പട സാമ്രാജ്യമോഹികളായ പോര്‍ച്ചുഗീസുകാരുടെ നട്ടെല്ലൊടിച്ചില്ലായിരുന്നുവെങ്കില്‍ ഭാരതചരിത്രത്തിന്റെ ഗതിതന്നെ മറ്റൊന്നാകുമായിരുന്നു. ഡച്ചുകാരുമായും പല യുദ്ധങ്ങളും നടത്തിയിട്ടുണ്ടെങ്കിലും സാമൂതിരിയുടെ അധികാരം നഷ്ടപ്പെട്ടത്‌ മൈസൂര്‍ സുല്‍ത്താന്മാരുടെ ആക്രമണത്തിലാണ്‌. പതിമൂന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ അധികാരം നഷ്ടപ്പെടുന്നതുവരെ മാമാങ്കമഹോത്സവത്തില്‍ രക്ഷാപുരുഷസ്ഥാനം അലങ്കരിച്ചിരുന്നത്‌ സാമൂതിരിമാരാണ്‌. ഓരോ പ്രാവശ്യവും വള്ളുവക്കോനാതിരിയുടെ ചാവേറുകള്‍ സാമൂതിരിയെ വധിക്കാന്‍ കിണഞ്ഞുശ്രമിച്ചിരുന്നു. എന്നാല്‍ ഒരിക്കലും അവര്‍ക്കതിന്‌ കഴിഞ്ഞിരുന്നില്ല,


മൂന്നാം മൈസൂര്‍ യുദ്ധത്തെ തുടര്‍ന്ന്‌ ടിപ്പു സുല്‍ത്താനും ബ്രിട്ടിഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി അധികാരികളും തമ്മില്‍ 1792-ല്‍ ശ്രീരംഗപട്ടണത്തുവെച്ച്‌ ഒരു ഉടമ്പടി ഒപ്പുവെച്ചു. അതേത്തുടര്‍ന്നാണ്‌ കോഴിക്കോട്‌ അടക്കമുള്ള മലബാറിലെ എല്ലാ നാട്ടുരാജ്യങ്ങളും ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്കു ലഭിച്ചു.

0 Comments