റൗലറ്റ് ആക്ട്

റൗലറ്റ് നിയമം (Rowlatt Act in Malayalam)

ഒന്നാം ലോകമഹായുദ്ധകാലത്ത് (1914-18) ദേശീയ പ്രസ്ഥാനത്തെ തകർക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ഗവൺമെന്റ് പത്രങ്ങളുടെമേൽ സെൻസർഷിപ്പ് ഏർപ്പെടുത്തി. ദേശീയ പ്രവർത്തകരെ വിചാരണ കൂടാതെ തടവിലാക്കാനുള്ള നിയമവും കൊണ്ടുവന്നു. 1919-ൽ ജനങ്ങളുടെ എതിർപ്പുകളെ അടിച്ചമർത്തുന്നതിനു വേണ്ടി ഗവൺമെന്റ് റൗലറ്റ് നിയമങ്ങൾ പാസ്സാക്കി. ജസ്റ്റിസ് സിഡ്‌നി റൗലറ്റിന്റെ അദ്ധ്യക്ഷതയിലുള്ള ഒരു കമ്മിറ്റിയുടെ ശുപാർശയനുസരിച്ചാണ് ഈ നിയമങ്ങൾ പാസ്സാക്കിയത്. ഏതൊരു വ്യക്തിയേയും അറസ്റ്റു ചെയ്യാനും വിചാരണ കൂടാതെ തടവിലടയ്ക്കാനുമുള്ള അധികാരം റൗലറ്റ് നിയമങ്ങൾ ഗവൺമെന്റിനു നൽകി. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെ ഫലപ്രദമായി നേരിടുന്നതിനുള്ള ഒരായുധമായിരുന്നു ബ്രിട്ടീഷ് അധികാരികൾക്ക് ഈ നിയമം. പത്രങ്ങളുടെമേലുള്ള സെൻസർഷിപ്പ് തുടരുകയും ചെയ്തു.


റൗലറ്റ് നിയമങ്ങൾ ഗാന്ധിജിക്കേറ്റ ഒരു പ്രഹരമായിരുന്നു. ഈ കരിനിയമങ്ങൾ ബ്രിട്ടീഷുകാരുടെ നീതിബോധത്തിലുള്ള അദ്ദേഹത്തിന്റെ വിശ്വാസത്തെ തകർത്തു. അദ്ദേഹത്തെ ദേശീയ പ്രസ്ഥാനത്തിലേക്ക് കൊണ്ടു വരികയും ചെയ്തു. റൗലറ്റ് നിയമങ്ങൾക്കെതിരെ ഗാന്ധിജി ശക്തമായൊരു പ്രക്ഷോഭമാരംഭിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ അത് രാജ്യമൊട്ടാകെ പടർന്നുപിടിച്ചു. റൗലറ്റ് നിയമത്തിനെതിരെ രാജ്യവ്യാപകമായൊരു പ്രക്ഷോഭത്തിനും ഹർത്താലിനും ഗാന്ധിജി ആഹ്വാനമേകി. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ ഏപ്രിൽ ആറിന് ഹർത്താൽ ആചരിച്ചുകൊണ്ട് കടകളും വിദ്യാലയങ്ങളും അടച്ചിട്ട് ജനങ്ങൾ പ്രതിഷേധിച്ചു. പണിമുടക്കുകളും പ്രകടനങ്ങളും വ്യാപകമായി സംഘടിപ്പിക്കപ്പെട്ടു. ജനജീവിതം പാടെ സ്തംഭിച്ചു. ഗാന്ധിജിയെ ഒരു യഥാർത്ഥ ദേശീയ നേതാവായി മാറ്റിയത് റൗലറ്റ് നിയമങ്ങളാണ്. 1922-ൽ ബ്രിട്ടീഷ് സർക്കാർ റൗലറ്റ് നിയമം റദ്ദുചെയ്യുകയുണ്ടായി.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പൗരാവകാശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിക്കൊണ്ട് 1919-ൽ ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം - റൗലറ്റ് നിയമം


2. റൗലറ്റ് നിയമം പാസാക്കിയ വർഷം - 1919


3. റൗലറ്റ് ആക്ട് പിൻവലിച്ച വൈസ്രോയി - റീഡിങ് പ്രഭു


4. റൗലറ്റ് ആക്ട് പിൻവലിച്ച വർഷം - 1922


5. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ ആക്ട് - റൗലറ്റ് ആക്ട്

0 Comments