റസിയ സുൽത്താന

റസിയ സുൽത്താന (Razia Sultana)

ഇൽത്തുമിഷിന്റെ അവസാന നാളുകളിൽ പിന്തുടർച്ചാവകാശിയെ ചൊല്ലി അദ്ദേഹം വേവലാതിപ്പെട്ടിരുന്നു. തന്റെ പുത്രന്മാർക്ക് സുൽത്താനാകാനുള്ള പ്രാപ്തിയുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നില്ല. ഒടുവിൽ പുത്രിയായ റസിയയെ അനന്തരാവകാശിയായി നിര്‍ദ്ദേശിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനം അംഗീകരിക്കാന്‍ പ്രഭുക്കളേയും മതപണ്ഡിതരേയും അദ്ദേഹം പ്രേരിപ്പിക്കുകയും ചെയ്തു. പുത്രന്മാരെ അവഗണിച്ചുകൊണ്ട് ഒരു പുത്രിയെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്‌ പുതുമയുള്ള ഒരു നടപടിയായിരുന്നു. അങ്ങനെ ഡല്‍ഹിയില്‍ ഭരണം നടത്തിയ ഏക വനിതാഭരണാധികാരിയായി റസിയ മാറുകയും ചെയ്തു.


റസിയയുടെ ഭരണകാലം സംഘര്‍ഷഭരിതമായിരുന്നു. തന്റെ സഹോദരന്മാരുമായും തുര്‍ക്കി പ്രഭുക്കന്മാരുമായും അവര്‍ക്കു മല്ലിടേണ്ടിവന്നു. രാജാധികാരവും തുര്‍ക്കി പ്രമാണിമാരും (ചഹല്‍ഗാനി) തമ്മില്‍ അധികാര വടംവലിക്ക്‌ തുടക്കം കുറിച്ചത്‌ ഇക്കാലത്താണ്‌. ഇല്‍ത്തുമിഷ്‌ തുര്‍ക്കി പ്രമാണിമാരോട്‌ ഉയര്‍ന്ന ആദരവ്‌ കാണിച്ചിരുന്നു. അഹങ്കാരികളായ ഈ പ്രഭുക്കന്മാര്‍ ഇല്‍ത്തുമിഷിന്റെ മരണത്തിനുശേഷം തങ്ങളുടെ നിയന്ത്രണത്തിനു വിധേയമാവുന്ന ഒരു പാവയെ അധികാരത്തിലേറ്റാന്‍ ആഗ്രഹിച്ചു. റസിയ അവരുടെ കളിപ്പാവയാകാന്‍ ഒരുക്കമായിരുന്നില്ല. സ്ത്രീ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച അവര്‍ മൂടുപടമണിയാതെ രാജസദസ്സില്‍ പങ്കെടുത്തു. കൂടാതെ, റസിയ നായാട്ടിനു പോവുകയും യുദ്ധത്തില്‍ സൈന്യത്തെ നയിക്കുകയും ചെയ്തു.


റസിയ തനിക്കനുകൂലമായ പ്രഭുക്കളുടെ ഒരു കക്ഷി രൂപീകരിക്കാന്‍ ശ്രമിക്കുകയുണ്ടായി. തുര്‍ക്കി വംശജരല്ലാത്തവരെ അവര്‍ ഉന്നത ഉദ്യോഗങ്ങളില്‍ നിയമിക്കുകയും ചെയ്തു. ഈ നടപടികളെല്ലാം എതിര്‍പ്പിനു കാരണമായി. അബിസീനിയന്‍ അടിമയായ യാക്കൂതിനോട്‌ റസിയയ്ക്കുണ്ടായിരുന്ന സൗഹൃദം ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. റസിയയുടെ നടപടികളെ പ്രഭുക്കളും യാഥാസ്ഥിതികരായ മുസ്ലീങ്ങളും കഠിനമായി എതിര്‍ക്കുകയും അവരെ സ്ഥാനഭ്രഷ്ടയാക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. ലാഹോറിലും സിര്‍ഹിന്ദിലും റസിയക്കെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപം അമര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടയില്‍ യാക്കൂത്‌ കൊല്ലപ്പെടുകയും റസിയ തബര്‍ഹിന്ദയില്‍ തടവിലാക്കപ്പെടുകയും ചെയ്തു. എന്നാല്‍ തന്നെ പിടികുടിയ അല്‍തുനിയയെ റസിയ സ്വാധീനിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ആധിപത്യം പുന:സ്ഥാപിക്കാന്‍ ഇരുവരും ചേര്‍ന്ന്‌ നടത്തിയ പോരാട്ടങ്ങള്‍ പരാജയത്തില്‍ കലാശിച്ചു. 1246-ല്‍ രണ്ടുപേരും ദാരുണമായി വധിക്കപ്പെട്ടു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഡൽഹി സിംഹാസനത്തിൽ അവരോധിതയായ ആദ്യ വനിത - റസിയാ ബീഗം


2. റസിയാ സുൽത്താന വധിക്കപ്പെട്ട വർഷം - 1240


3. ഇൽത്തുമിഷ് തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തത് - റസിയ


4. സുൽത്താന റസിയയെ വിവാഹം കഴിച്ചത് - അൽത്തുനിയ


5. സുൽത്താന റസിയ അമിതമായ ദാക്ഷിണ്യം കാണിച്ച അബിസീനിയൻ അടിമ - ജലാലുദ്ദീൻ യാക്കൂത്ത്


6. സുൽത്താന റസിയയുടെ വിശ്വസ്തനായിരുന്ന ജലാലുദ്ദീൻ യാക്കൂത്ത് ഏത് രാജ്യക്കാരനായിരുന്നു - എത്യോപ്യ


7. ഡൽഹി ഭരിച്ച ഏക വനിത ഭരണാധികാരി - റസിയ സുൽത്താന (1236-1240)

0 Comments