പഴശ്ശി കലാപം

പഴശ്ശി കലാപം (Pazhassi Revolt in Malayalam)

ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ ഉയർന്നുവന്ന കലാപങ്ങളിൽ ഏറ്റവും ഗൗരവമാർന്ന ഒന്നായിരുന്നു പഴശ്ശി കലാപം. മലബാറിൽ ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷുകാരുടെ തെറ്റായ നികുതി നയമാണ് ഈ കലാപത്തിനു വഴിയൊരുക്കിയത്. കേരള വർമ്മ പഴശ്ശി രാജ മലബാറിലെ കോട്ടയം രാജവംശത്തിലെ ഒരംഗമായിരുന്നു. ബ്രിട്ടീഷുകാരും പഴശ്ശിയും തമ്മിലുള്ള ബന്ധം തുടക്കത്തിൽ സൗഹാർദ്ദപരമായിരുന്നു. മൈസൂർ യുദ്ധങ്ങളിൽ അദ്ദേഹം ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നു. ഇതിനുപകരമായി ജനങ്ങളിൽ നിന്ന് കരം പിരിക്കാനുള്ള അധികാരം പഴശ്ശിരാജാവിന് നൽകാമെന്ന് ബ്രിട്ടീഷുകാർ വാഗ്‌ദാനം നൽകി. എന്നാൽ മലബാർ തങ്ങളുടെ അധീനതയിൽ വന്നപ്പോൾ ബ്രിട്ടീഷുകാർ ഈ വാഗ്‌ദാനം മറന്നു. നികുതി പിരിക്കാനുള്ള അധികാരം അവർ പഴശ്ശിയുടെ അമ്മാവൻ കുറുമ്പ്രനാട് രാജാവിനാണ് നൽകിയത്. അദ്ദേഹമാകട്ടെ ജനങ്ങളിൽ നിന്ന് ഉയർന്ന നികുതി പിരിച്ചെടുക്കുകയും നികുതിപ്പിരിവിനായി എല്ലാ കടുത്ത മാർഗ്ഗങ്ങൾ ഉപയോഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പഴശ്ശി രാജാവ് ബ്രിട്ടീഷുകാർക്കെതിരെ കലാപത്തിനൊരുങ്ങിയത്.


ഒന്നാം പഴശ്ശി വിപ്ലവം


പഴശ്ശി കലാപത്തിന് രണ്ടു ഘട്ടങ്ങളുണ്ടായിരുന്നു. 1793 മുതൽ 1797 വരെയുള്ള കാലഘട്ടമാണ് കലാപത്തിന്റെ ഒന്നാം ഘട്ടം. ബ്രിട്ടീഷുകാർക്കുള്ള നികുതി പിരിവ് തടഞ്ഞുകൊണ്ടാണ് പഴശ്ശി രാജാവ് കലാപത്തിന് തുടക്കം കുറിച്ചത്. മുസ്ലിം-നായർ കർഷകരും ഗോത്രവർഗ്ഗക്കാരായ കുറിച്യരും ഉൾപ്പെടുന്ന പഴശ്ശിയുടെ സൈന്യം കമ്പനിയുടെ സേനക്കെതിരെ അതിശക്തമായ ചെറുത്തുനിൽപ്പു നടത്തി. ബ്രിട്ടീഷുകാരെ വയനാട്ടിൽ നിന്നും തുരത്തുന്നതിന് അദ്ദേഹം മൈസൂറിന്റെ സഹായവും അഭ്യർത്ഥിച്ചു. നിരന്തരമായി പരാജയമേറ്റുവാങ്ങിയ ബ്രിട്ടീഷുകാർ 1797 ൽ വയനാട്ടിൽ നിന്ന് പിൻവാങ്ങുകയും, പഴശ്ശി രാജാവുമായി സമാധാനസന്ധിയിൽ ഒപ്പുവെക്കുകയും ചെയ്തു. ഇതോടെ കലാപത്തിന്റെ ഒന്നാം ഘട്ടം അവസാനിച്ചു.


രണ്ടാം പഴശ്ശി വിപ്ലവം


1800 ൽ പഴശ്ശി കലാപത്തിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. വയനാട് കയ്യടക്കാനുള്ള ബ്രിട്ടീഷുകാരുടെ നീക്കമാണ് രണ്ടാം പഴശ്ശികലാപത്തിനു കാരണമായത്. തന്റെ സൈന്യത്തിലെ പ്രധാന വിഭാഗമായിരുന്നു കുറിച്യരുടെയും കുറുമ്പരുടെയും സഹായത്തോടെ പഴശ്ശിരാജാവ് ബ്രിട്ടീഷുകാരുടെ ഈ നീക്കത്തെ ശക്തമായി എതിർത്തു. ബ്രിട്ടീഷുകാർക്കെതിരെ ഒരു അന്തിമ പോരാട്ടത്തിനൊരുങ്ങിയ പഴശ്ശിരാജാവിനെ കേണൽ വെല്ലസ്ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം തുടർച്ചയായി പരാജയപ്പെടുത്തി. ഒടുവിൽ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബർ കോൽക്കാരുടെ (ഒരു പ്രാദേശിക സൈന്യം) സഹായത്തോടെ പഴശ്ശിയെ പുൽപള്ളിയിൽ വെച്ച് ആക്രമിച്ചു. 1805 നവംബർ 30-ന് വയനാട്ടിലെ മാവിലത്തോട് എന്ന സ്ഥലത്തുവെച്ച് നടന്ന ഏറ്റുമുട്ടലിൽ പഴശ്ശിരാജാവ് കൊല്ലപ്പെട്ടു.


പഴശ്ശി കലാപം അടിച്ചമർത്താൻ തലശ്ശേരിയിലെ സബ് കളക്ടറായിരുന്ന തോമസ് ഹാർവി ബേബറെയാണ് ചുമതലപ്പെടുത്തിയിരുന്നത്. പഴശ്ശിരാജാവിന്റെ മൃതശരീരം സ്വന്തം പല്ലക്കിൽ കയറ്റി മാനന്തവാടിയിൽ കൊണ്ടുവന്ന് എല്ലാ ആചാരമര്യാദകളോടും കൂടി അദ്ദേഹം സംസ്കരിച്ചു. മുഖ്യ കളക്ടർക്കെഴുതിയ റിപ്പോർട്ടിൽ ബേബർ പഴശ്ശിയെ ഒരു വീരനായകനായാണ് ചിത്രീകരിച്ചിരിക്കുന്നത്. മരണത്തിനുപോലും മായ്ച്ചുകളയാനാവാത്ത ആദരവ് ജനങ്ങൾക്ക് പഴശ്ശിരാജാവിനോടുണ്ടായിരുന്നുവെന്നും ബേബർ കത്തിൽ പറയുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ - പഴശ്ശി വിപ്ലവങ്ങൾ


2. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ജനങ്ങളെ സംഘടിപ്പിച്ച് പ്രക്ഷോഭം നടത്താനുള്ള കാരണം - കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകാത്തതും വായനാടിനുമേൽ അവകാശവാദം ഉന്നയിച്ചതും


3. ബ്രിട്ടുഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല - പുരളി മല


4. പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചത് - ഹരിശ്ചന്ദ്ര പെരുമാൾ


5. 'പുരളിശെമ്മൻ' എന്നറിയപ്പെട്ടിരുന്നത് - പഴശ്ശിരാജ


6. ബ്രിട്ടീഷ് രേഖകളിൽ പഴശ്ശിരാജയെ വിശേഷിപ്പിക്കുന്നത് - പൈച്ചിരാജ, കൊട്ട്യോട്ട് രാജ


7. ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1793-1797


8. രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം - 1800-1805


9. ഒന്നാം പഴശ്ശി കലാപം നിർത്തലാക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായത് - ചിറയ്ക്കൽ രാജാവ് (1797)


10. രണ്ടാം പഴശ്ശി കലാപത്തിന്റെ പെട്ടെന്നുണ്ടായ കാരണം - ബ്രിട്ടീഷ് സേന വയനാട് പിടിച്ചെടുക്കാൻ ശ്രമിച്ചത്


11. പഴശ്ശിരാജയ്ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേന - കോൽക്കാർ


12. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ - ആർതർ വെല്ലസ്ലി പ്രഭു


13. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്‌ക്കരിച്ച യുദ്ധതന്ത്രം - ഗറില്ലാ യുദ്ധം (ഒളിപ്പോര്)


14. ഒളിപ്പോര് നടത്താൻ പഴശ്ശിയെ സഹായിച്ചത് - ചെമ്പൻപോക്കർ, കൈതേരി അമ്പു നായർ, എടച്ചേന കുങ്കൻ നായർ, വയനാട്ടിലെ കുറിച്യർ നേതാവായ തലയ്ക്കൽ ചന്തു


15. പഴശ്ശിരാജയുടെ പ്രധാനമന്ത്രി - കണ്ണവത്ത് ശങ്കരൻ നമ്പ്യാർ


16. പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ - കൈതേരി അമ്പു നായർ


17. എടച്ചേന കുങ്കൻ, തലയ്ക്കൽ ചന്തു എന്നിവർ ചേർന്ന് പനമരംകോട്ട പിടിച്ചെടുത്ത വർഷം - 1802

0 Comments