പരപ്പനാട് രാജവംശം

പരപ്പനാട് രാജവംശം (Parappanad)


വെട്ടത്തുനാടിന് സമീപമുണ്ടായിരുന്ന മറ്റൊരു രാജവംശമാണ് പരപ്പനാട്. ഇതിന് തെക്കേ പരപ്പനാടെന്നും വടക്കേ പരപ്പനാടെന്നും രണ്ടു ശാഖകളുണ്ടായിരുന്നു. വടക്കേ പരപ്പനാട്ടിൽ കോഴിക്കോട് താലൂക്കിലെ പന്നിയങ്കരയും ബേപ്പൂരും ചെറുവണ്ണൂരും ഉൾപ്പെട്ടിരുന്നു. ഈ ശാഖയ്ക്ക് ബേപ്പൂർ ശാഖയെന്നും പേരുണ്ട്. ബേപ്പൂരിലെ കോവിലകത്തിന് കരിപ്പാ കോവിലകം എന്നായിരുന്നു പേര്. ഇതിന്റെ മറ്റൊരു ശാഖയാണ് പഴഞ്ചേരി കോവിലകം, ഈ ശാഖയ്ക്ക് ബേപ്പൂർ ആലിയാർ കോട്ട എന്നും പേരുണ്ട്. തെക്കേ പരപ്പനാട്ടിൽ തിരൂർ താലൂക്കിന്റെ ഏതാനും ഭാഗങ്ങൾ ഉൾപ്പെട്ടിരുന്നു.


ടിപ്പുവിന്റെ പടയോട്ടം വരെ പരപ്പനാട് രാജവംശം സാമൂതിരിയുടെ സാമന്തരായിരുന്നു. പടയോട്ടക്കാലത്ത്, മതം മാറ്റുമോയെന്നു ഭയന്ന് ആലിയക്കോട്ട് കോവിലകത്തെ അഞ്ചു തമ്പുരാട്ടിമാരും മൂന്നു തമ്പുരാക്കന്മാരും തിരുവിതാംകൂറിൽ അഭയംപ്രാപിച്ചു. തിരുവിതാംകൂർ രാജാവ് അവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. 

പരപ്പനാട്, മൈസൂർ സുൽത്താന്മാരുടെ പിടിയിൽനിന്ന് മോചിപ്പിക്കപ്പെട്ടിട്ടും കുറേപേർ തിരുവിതാംകൂറിൽതന്നെ സ്ഥിരതാമസമാക്കി. അവരുടെ സന്തതിപരമ്പരകളാണത്രേ കിളിമാനൂർ രാജവംശം. മാവേലിക്കര (ലക്ഷ്മിപുരം), ചെറുകോൽ, പള്ളം, പാലിയക്കര എന്നിവിടങ്ങളിൽ താമസിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിലെ തമ്പുരാട്ടിമാരെ വിവാഹം ചെയ്യുന്നത് പരപ്പനാട് രാജാക്കന്മാരാണ്. മയൂരസന്ദേശമെഴുതിയ കേരളവർമ വലിയ കോയിത്തമ്പുരാൻ തിരുവിതാംകൂറിൽ അഭയം തേടിയ ഒരു പരപ്പനാട് തമ്പുരാട്ടിയുടെ പുത്രനാണ്.

0 Comments