പല്ലവ രാജവംശം

പല്ലവ സാമ്രാജ്യം (pallava dynasty in malayalam)

ദക്ഷിണേന്ത്യ ഭരിച്ച രാജവംശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ കാഞ്ചിയിലെ പല്ലവന്മാര്‍, പല്ലവന്മാരുടെ ഉത്ഭവത്തെപറ്റി ചരിത്രകാരന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല. പല്ലവന്മാര്‍ വിദേശീയരായ പാര്‍ഥിയന്മാരുടെ ഒരു ശാഖയാന്നെന്ന്‌ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു, എന്നാല്‍ പാര്‍ഥിയന്മാര്‍ ദക്ഷിണേന്ത്യയിലേക്ക്‌ കുടിയേറിയതിനെ സംബന്ധിച്ച്‌ യാതൊരു തെളിവുകളുമില്ല. പല്ലവന്മാര്‍ ഡക്കാനിലെ ബ്രാഹ്മണ രാജവംശമായിരുന്ന വാകാടകന്മാരുടെ ഒരു ശാഖയാണെന്ന്‌ മറ്റൊരു വിഭാഗം വാദിക്കുന്നു, ഈ സിദ്ധാന്തത്തിനും തെളിവുകളുടെ പിന്‍ബലമില്ല. പല്ലവന്മാര്‍ ഇക്ഷ്വാകു രാജ്യത്തിൻറെ തകര്‍ച്ചക്കുശേഷം ഉയര്‍ന്നുവന്ന ഒരു പ്രാദേശിക രാജവംശമാണ് എന്ന മറ്റൊരഭിപ്രായമുണ്ട്. ഈ സിദ്ധാന്ത പ്രകാരം പല്ലവന്മാര്‍ നാഗന്മാരാണ്‌.


പല്ലവന്മാര്‍ തൊണ്ടൈമണ്ഡലത്തിലെ യഥാര്‍ത്ഥ നിവാസികളായിരുന്നു എന്ന്‌ പൊതുവെ വിശ്വസിക്കുപ്പെടുന്നു. തൊണ്ടൈമണ്ഡലം അശോകന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയായിരുന്നു. 'തൊണ്ടയര്‍' എന്ന തമിഴ് പദത്തിന്റെ സംസ്‌കൃത രൂപമാണ്‌ 'പല്ലവന്‍', അതിനാല്‍ തൊണ്ടൈമണ്ഡലത്തിലെ നിവാസികള്‍ പല്ലവന്മാര്‍ എന്നറിയപ്പെട്ടു. പല്ലവന്മാരുടെ അധികാരം കൃഷ്ണ മുതല്‍ കാവേരി വരെ വ്യാപിച്ചിരുന്നു. തെക്കന്‍ ആന്ധ്രയും വടക്കന്‍ തമിഴ്നാടും അതില്‍ ഉള്‍പ്പെട്ടിരുന്നു.


എ.ഡി. മൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ്‌ പല്ലവ രാജവംശം രാഷ്ട്രീയാധികാരം നേടിയത്‌. എങ്കിലും ആറാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ അവരുടെ പ്രതാപകാലം ആരംഭിച്ചത്‌. പല്ലവന്മാരെ ഒരു പ്രബലശക്തിയാക്കി ഉയര്‍ത്തിയത്‌ സിംഹവിഷ്ണുവാണ്‌ (575-600). പല്ലവന്മാരുടെ അധികാരം അദ്ദേഹം കാവേരി വരെ വ്യാപിപ്പിച്ചു, സിംഹവിഷ്ണുവിനുശേഷം പന്ത്രണ്ടോളം രാജാക്കന്മാര്‍ പല്ലവരാജ്യം ഭരിക്കുകയുണ്ടായി. മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍, നരസിംഹവര്‍മ്മന്‍ എന്നിവരായിരുന്ന അവരില്‍ പ്രമുഖര്‍.


മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ (600-630)


സിംഹവിഷ്ണവിന്റെ മകനും പിന്‍ഗാമിയുമായ മഹേന്ദ്രവര്‍മ്മന്‍ ഒന്നാമന്‍ പല്ലവരാജവംശത്തിലെ പ്രഗദ്ഭനായ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന്റെ കാലത്താണ്‌ ദീര്‍ഘകാലം നീണ്ടുനിന്ന പല്ലവ-ചാലൂക്യ സംഘട്ടനം ആരംഭിച്ചത്. ചാലൂക്യ രാജാവായ പുലകേശി രണ്ടാമന്‍ മഹേന്ദ്രവര്‍മ്മനെ തോൽപിക്കുകയും പല്ലവരാജ്യത്തിലെ ചില പ്രദേശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ചാലൂക്യ സൈന്യത്തെ നേരിടുന്നതില്‍ മഹേന്ദ്രവര്‍മ്മന്‍ പരാജയപ്പെടുകയാണുണ്ടായത്‌.


മഹേന്ദ്രവര്‍മ്മനെ പ്രസിദ്ധനാക്കിയത്‌ അദ്ദേഹത്തിന്റെ സാംസ്‌കാരിക സംഭാവനകളാണ്‌. അദ്ദേഹം ഒരു എഴുത്തുകാരനും ഗായകനും ശില്പകലാ വിദഗ്ധനുമായിരുന്നു. “മത്തവിലാസ പ്രഹസനം" എന്ന സംസ്‌കത നാടകത്തിന്റെ രചിയിതാവ്‌ അദ്ദേഹമാണ്‌. പാറ തുരന്ന്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന പല്ലവ വാസ്തുശില്പ ശൈലിയുടെ ഉപജ്ഞാതാവ് മഹേന്ദ്ര വര്‍മ്മനാണ്‌. വാസ്തുശില്പകലയില്‍ 'മഹ്രേന്ദശൈലി' എന്ന പേരില്‍ ഇതറിയപ്പെടുന്നു. തിരുച്ചിറപ്പള്ളി, വല്ലം, മഹേന്ദ്രവാഡി, ആര്‍ക്കോട്ട്‌ തുടങ്ങിയ സ്ഥലങ്ങളില്‍ അനേകം ശിവ- വിഷ്ണു ക്ഷേത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി


മഹേന്ദ്രവർമ്മൻ ചിത്രകലയെ പ്രോത്സാഹിപ്പിച്ചിരുന്നു. ശിത്തനവാസലിലെ (പുതുക്കോട്ട ജില്ല) ജൈന ഗുഹാചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കാലത്ത്‌ രചിക്കപ്പെട്ടവയാണ്‌. 'ചിത്രകാരപ്പുലി', 'വിചിത്രചിത്തന്‍' എന്നീ സ്ഥാനപ്പേരുകള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു. ഒരു ജൈനമത വിശ്വാസിയായിരുന്ന മഹേന്ദ്രവര്‍മ്മന്‍ പില്‍ക്കാലത്ത്‌ ശൈവ സന്യാസിയായ അപ്പരുടെ സ്വാധീനത്താല്‍ ശൈവമതം സ്വീകരിച്ചുവെന്ന്‌ കരുതപ്പെടുന്നു.


നരസിംഹവര്‍മ്മന്‍ (630-668)


മഹേന്ദ്ര വര്‍മ്മന്റെ പിന്‍ഗാമിയായ നരസിംഹവര്‍മ്മന്‍ പല്ലവരാജാക്കന്മാരില്‍ ഏറ്റവും പ്രബലനായിരുന്നു. സമർത്ഥനായ യോദ്ധാവും പടനായകനുമായിരുന്ന അദ്ദേഹം ചോള-ചേര-പാണ്ഡ്യ രാജാക്കന്മാരെ തോല്പിച്ച് ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു. ചാലൂക്യന്മാരെ അദ്ദേഹം തറപറ്റിച്ചു. ചാലൂക്യ രാജാവായ പുലകേശിയെ തോല്‍പിച്ച്‌ അദ്ദേഹം വാതാപി പിടിച്ചെടുത്തു. ഈ വിജയത്തെ തുര്‍ന്ന്‌ നരസിംഹവര്‍മ്മന്‍ “വാതാപികൊണ്ട” എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. സിലോണിലെ സിംഹാസനത്തില്‍ നിന്ന്‌ നിഷ്കാസിതനായ മാനവര്‍മ്മനെ സഹായിക്കുന്നതിന്‌ അദ്ദേഹം ഒരു നാവികസേനയെ അയച്ചു. പല്ലവ സൈന്യത്തിന്റെ സഹായത്തോടെ മാനവര്‍മ്മന്‍ അധികാരം വീണ്ടെടുത്തു.


മഹാബലിപുരം സ്ഥാപിച്ചത്‌ നരസിംഹവര്‍മ്മനാണെന്ന്‌ കുരുതപ്പെടുന്നു. അദ്ദേഹം മഹാബലിപുരത്ത്‌ സ്ഥാപിച്ച ഒരു തുറമുഖം വലിയൊരു കച്ചവടകേന്ദ്രമായി വളരുകയുണ്ടായി. തലസ്ഥാന നഗരിയായ കാഞ്ചിയില്‍ അദ്ദേഹം ചില ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചു. മഹാബലിപുരത്തെ രഥക്ഷേത്രങ്ങൾ നിര്‍മ്മിച്ചതും അദ്ദേഹമാണ്‌. നരസിംഹവര്‍മ്മന്റെ കാലത്താണ്‌ ഹ്യുയാന്‍സാങ്ങ്‌ കാഞ്ചി സന്ദര്‍ശിച്ചത്‌. മനോഹരവും സമ്പന്നവുമായ ഒരു നഗരമാണ്‌ കാഞ്ചിയെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്‌.


നരസിംഹവര്‍മ്മന്റെ മരണത്തിനുശേഷം പല്ലവരാജ്യം ക്ഷയിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ മഹേന്ദ്രവര്‍മ്മന്‍ രണ്ടാമന്‍, പരമേശ്വരവര്‍മ്മന്‍ തുടങ്ങിയ രാജാക്കന്മാര്‍ക്കൊന്നും പല്ലവ രാജ്യത്തെ തകര്‍ച്ചയില്‍ നിന്നു രക്ഷിക്കാന്‍ കഴിഞ്ഞില്ല. അവസാനത്തെ പല്ലവ രാജാവായിരുന്ന അപരാജിതനെ ചോള രാജാവായ ആദിത്യ ചോളന്‍ പരാജയപ്പെടുത്തിയതോടെ പല്ലവ രാജവംശത്തിന്റെ ഭരണം അവസാനിച്ചു


പല്ലവ ക്ഷേത്രവാസ്തുവിദ്യ


വാസ്തുവിദ്യയിലെ ദ്രാവിഡരീതിക്ക്‌ ജന്മം നല്‍കിയത്‌ പല്ലവന്മാരാണ്‌. എ.ഡി. 7-ാം നൂറ്റാണ്ടു മുതല്‍ പല്ലവന്മാര്‍ ക്ഷേത്രനിര്‍മ്മാണം ആരംഭിച്ചിരുന്നു. പല്ലവക്ഷേത്രങ്ങളെ പൊതുവെ രണ്ടായി തിരിക്കാം; (1) പാറ തുരന്നുണ്ടാക്കിയ ക്ഷേത്രങ്ങള്‍, (2) കല്ലുകൊണ്ട്‌ കെട്ടി നിര്‍മ്മിച്ച ക്ഷേത്രങ്ങള്‍.


മഹാബലിപുരത്തെ ഏഴു “രഥ” ക്ഷേത്രങ്ങള്‍ പാറതുരന്നുണ്ടാക്കിയ ക്ഷേത്രങ്ങള്‍ക്ക്‌ ഏറ്റവും നല്ല മാതൃകയാണ്‌. 7-ാം നൂറ്റാണ്ടില്‍ നരസിംഹവര്‍മ്മന്‍ ഒന്നാമനാണ്‌ ഇതു നിര്‍മ്മിച്ചത്‌. ഇവയില്‍ ഏറ്റവും പ്രസിദ്ധമായത്‌. “പഞ്ചപാണ്ഡവ രഥങ്ങളാ” ണ്‌. പഞ്ചപാണ്ഡവ രഥങ്ങളില്‍ വലുത് ധര്‍മ്മരാജ രഥമാണ്‌.


കല്ലുകൊണ്ട്‌ നിര്‍മ്മിച്ച ക്ഷേത്രങ്ങളില്‍ രണ്ടെണ്ണം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു: മഹാബലിപുരത്തെ “കടല്‍ത്തീരക്ഷേത്രവും",  കാഞ്ചിയിലെ “കൈലാസനാഥ ക്ഷ്രേതവും". ശിവന സമര്‍പ്പിതമായ കടല്‍ത്തീരക്ഷേത്രം നിര്‍മ്മിച്ചത്‌ രാജസിംഹനാണ്‌. പല്ലവക്ഷേത്രങ്ങളില്‍ ഏറ്റവും വലുത്‌ കൈലാസനാഥ ക്ഷേത്രമാണ്‌. കാഞ്ചിയിലെ വൈകുണ്ഠപെരുമാള്‍ ക്ഷേത്രവും ഏറെ പ്രസിദ്ധമാണ്‌. പല്ലവകാലത്ത് നാലു പ്രത്യേക ക്ഷേത്രശില്പകലാരീതികൾ രൂപംകൊണ്ടു. മഹേന്ദ്രരീതി, മാമല്ലരീതി, രാജസിംഹരീതി, അപരാജിത രീതി എന്നിവയാണവ. ഇവയിൽ ഓരോ രീതിക്കും അതിന്റേതായ പ്രത്യേക സവിശേഷതകൾ ഉണ്ടായിരുന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. പല്ലവരാജാക്കന്മാരുടെ വാസ്തുശില്പകലയുടെ പ്രധാന കേന്ദ്രം - മഹാബലിപുരം


2. പല്ലവന്മാരുടെ തലസ്ഥാനമായിരുന്നതും പട്ടുവ്യവസായത്തിനു പേര് കേട്ടതുമായ നഗരം - കാഞ്ചീപുരം


3. പല്ലവ വംശത്തിലെ രാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ - നരസിംഹവർമ്മൻ ഒന്നാമൻ


4. പല്ലവവംശം സ്ഥാപിച്ചത് - സിംഹവിഷ്ണു


5. ചാലൂക്യരാജാവ് പുലകേശി രണ്ടാമനെ തോൽപിച്ച പല്ലവ രാജാവ് - നരസിംഹവർമ്മൻ 


6. പല്ലവരുമായി യുദ്ധം ചെയ്ത എ.ഡി 611-ൽ വേങ്ങി കൈവശപ്പെടുത്തിയ ചാലൂക്യരാജാവ് - പുലകേശി രണ്ടാമൻ


7. പല്ലവ രാജാവായ നരസിംഹവർമ്മൻ വാതാപി കീഴടക്കി യുദ്ധത്തിൽ കൊലപ്പെടുത്തിയ ചാലൂക്യ രാജാവ് - പുലകേശി രണ്ടാമൻ


8. 'വാതാപികൊണ്ട' എന്ന സ്ഥാനപ്പേര് സ്വീകരിച്ച പല്ലവ രാജാവ് -  നരസിംഹവർമ്മൻ ഒന്നാമൻ


9. 'മഹാമല്ല' എന്നറിയപ്പെട്ട പല്ലവ രാജാവ് -  നരസിംഹവർമ്മൻ ഒന്നാമൻ


10. നരസിംഹവർമ്മന്റെ കാലത്ത് കാഞ്ചി സന്ദർശിച്ച ചൈനീസ് സഞ്ചാരി - ഹുയാൻ സാങ്


11. മഹാബലിപുരത്തെ പഞ്ചപാണ്ഡവ രഥക്ഷേത്ര ശില്പങ്ങൾ നിർമിച്ച പല്ലവ രാജാവ് - നരസിംഹവർമ്മൻ ഒന്നാമൻ


12. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവ രാജാവ് - നരസിംഹ വർമ്മൻ രണ്ടാമൻ


13. പല്ലവന്മാരുടെ തലസ്ഥാനം - കാഞ്ചീപുരം

0 Comments