പാലിയം സത്യാഗ്രഹം

പാലിയം സത്യാഗ്രഹം (Paliyam Sathyagraha)

കേരളത്തിൽ അയിത്തോച്ചാടനത്തിനുവേണ്ടിയുള്ള സമരം സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷവും തുടരേണ്ടിവന്നു. ഇത്തരത്തിലുള്ള ഒരു സമരമായിരുന്നു പാലിയം സത്യാഗ്രഹം. കൊച്ചിയിലെ ചില സവർണ്ണഹിന്ദുക്കളുടെ വീടുകൾക്ക് മുമ്പിലുള്ള ക്ഷേത്രങ്ങളിലേക്കും നിരത്തുകളിലേക്കും അവർണ്ണർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. കൊച്ചിയിലെ പ്രധാനമന്ത്രിയായിരുന്ന പാലിയത്തച്ചന്റെ ചേന്ദമംഗലത്തെ വീടിനുമുമ്പിലുള്ള നിരത്തിലൂടെ അവർണ്ണർ നടക്കാൻ ശ്രമിച്ചത് വലിയ സംഘർഷങ്ങൾക്കിടയാക്കി. ഈ സാഹചര്യത്തിലാണ് പാലിയം സത്യാഗ്രഹം ആരംഭിച്ചത്.

കൊച്ചിൻ സ്റ്റേറ്റ് പ്രജാമണ്ഡലം, കമ്മ്യൂണിസ്റ്റ് പാർട്ടി, എസ്.എൻ.ഡി.പി യോഗം തുടങ്ങിയ സംഘടനകൾ ഒത്തുചേർന്നാണ് പാലിയം സത്യാഗ്രഹം സംഘടിപ്പിച്ചത്. നിരത്തുകൾ എല്ലാവർക്കും തുറന്നുകിട്ടുന്നതിനുവേണ്ടി പാലിയം കുടുംബത്തിന്റെ മുന്നിൽ സത്യാഗ്രഹം ആരംഭിക്കാൻ അവർ തീരുമാനിച്ചു. 1947ഡിസംബർ 4 ന് സി.കേശവൻ സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്തു. സത്യാഗ്രഹികളെ നേരിടാൻ സർക്കാർ മർദ്ദനമുറകൾ സ്വീകരിച്ചു. സത്യാഗ്രഹനേതാക്കളിലൊരാളായ എ.ജി.വേലായുധൻ പോലീസ് മർദ്ദനത്തിൽ കൊല്ലപ്പെട്ടപ്പോൾ സത്യാഗ്രഹം താൽക്കാലികമായി നിർത്തിവെച്ചു (മാർച്ച് 1948). 1948 ഏപ്രിലിൽ കൊച്ചിയിൽ ക്ഷേത്രപ്രവേശനം അനുവദിച്ചുകൊണ്ട് ഗവൺമെന്റ് ഉത്തരവിറക്കി. ഇതോടെ പാലിയം റോഡിലൂടെ സഞ്ചരിക്കാൻ അവർണ്ണർക്കും അഹിന്ദുക്കൾക്കും സ്വാതന്ത്ര്യം ലഭിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. സ്വാതന്ത്ര്യാനന്തര കേരളത്തിൽ നടന്ന ആദ്യ സത്യാഗ്രഹം - പാലിയം സത്യാഗ്രഹം (1947-48)

2. 1940 കാലഘട്ടത്തിൽ പാലിയം ക്ഷേത്രത്തിന് മുന്നിലുള്ള ചേന്നമംഗലം റോഡുവഴിയുള്ള സഞ്ചാരസ്വാതന്ത്ര്യം അഹിന്ദുക്കൾക്കും താഴ്ന്ന ജാതിക്കാർക്കും നിഷേധിച്ചിരുന്നതിനെതിരെ നടന്ന സത്യാഗ്രഹം - പാലിയം സത്യാഗ്രഹം

3. കൊച്ചി മുഖ്യമന്ത്രിയായിരുന്ന പാലിയത്തച്ചന് ജനങ്ങൾ ഏതു സംബന്ധിച്ചുള്ള നിവേദനം സമർപ്പിക്കുകയുണ്ടായി - പാലിയം സത്യാഗ്രഹം

4. ഏതിന്റെ ഫലമായി കൊച്ചിയിലെ പാലിയത്തച്ചന്റെ വാസസ്ഥലത്തിനു മുന്നിലൂടെയുള്ള പ്രധാന വഴി തുറന്നുകൊടുക്കാൻ പാലിയത്തു കുടുംബം നിർബന്ധിതരായി - പാലിയം സത്യാഗ്രഹം

5. പാലിയം സത്യാഗ്രഹം ഉദ്‌ഘാടനം ചെയ്ത വ്യക്തി - സി.കേശവൻ (1947 ഡിസംബർ 4)

6. പാലിയം സത്യാഗ്രഹം നടന്ന ജില്ല - എറണാകുളം

7. അയിത്തോച്ചാടനത്തിനെതിരെ നടന്ന പോരാട്ടത്തിൽ സമരസേനാനി എ.ജി.വേലായുധൻ രക്തസാക്ഷിയായത് ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടാണ് - പാലിയം

8. പാലിയം സത്യാഗ്രഹത്തിനെത്തുടർന്ന് സൗഹൃദജാഥ നയിച്ച വനിത - കെ.കെ.കൗസല്യ

9. പാലിയം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകൾ - രമ, കൊച്ചിക്കാവ്, കുഞ്ഞൂട്ടി, ഇന്ദിര

10. കൊടുങ്ങല്ലൂർ കോവിലകത്തെ വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിദ്ധീകരണം - ശ്രീദേവി

11. പാലിയം സത്യാഗ്രഹത്തെത്തുടർന്ന് 'സ്ത്രീകളും സത്യാഗ്രഹം തുടങ്ങി' എന്ന തലക്കെട്ടോടുകൂടി ലേഖനം പ്രസിദ്ധീകരിച്ച ദിനപത്രം - മലയാള മനോരമ

Post a Comment

Previous Post Next Post