നിസ്സഹകരണ പ്രസ്ഥാനം

നിസ്സഹകരണ പ്രസ്ഥാനം (Non Cooperation Movement in Malayalam)

ബ്രിട്ടീഷ് ഭരണത്തിനെതിരെ ഗാന്ധിജി നടത്തിയ ആദ്യത്തെ വൻ സമരമാണ് നിസ്സഹകരണ പ്രസ്ഥാനം. 'നിസ്സഹകരണം' ഗാന്ധിജിയുടെ സത്യാഗ്രഹ സങ്കൽപത്തിന്റെ ഒരു ഘടകമായിരുന്നു. തുടക്കത്തിൽ ബ്രിട്ടീഷുകാരുമായി സഹകരിക്കുന്ന ഒരു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ബ്രിട്ടീഷുകാരുടെ നീതി ബോധത്തിൽ അദ്ദേഹത്തിന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ജനങ്ങളോട് സൈന്യത്തിൽ ചേരാൻ അഭ്യർത്ഥിച്ചുകൊണ്ട് അദ്ദേഹം ബ്രിട്ടീഷുകാരോടുള്ള തന്റെ കൂറ് പ്രകടിപ്പിച്ചു. എന്നാൽ 1919-ലെ ചില സംഭവങ്ങൾ - റൗലറ്റ് നിയമങ്ങൾ, ജാലിയൻ വാലാബാഗ് ദുരന്തം, ഖിലാഫത്ത് പ്രസ്ഥാനം എന്നിവ ഗാന്ധിജിക്ക് ബ്രിട്ടീഷുകാരോടുള്ള മനോഭാവത്തിൽ വലിയ മാറ്റം വരുത്തി. ഒരു പോരാളിയായി മാറാനും ബ്രിട്ടീഷുകാരോട് നിസ്സഹകരിക്കാനും ഗാന്ധിജിയെ പ്രേരിപ്പിച്ചത് ഈ സംഭവങ്ങളാണ്. നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഇതേ സംഭവങ്ങൾ തന്നെയായിരുന്നു.

നിസ്സഹകരണ പ്രസ്ഥാനത്തിനു മൂന്ന് ലക്ഷ്യങ്ങളുണ്ടായിരുന്നു - പഞ്ചാബ് പ്രശ്നത്തിനു പരിഹാരം കാണുക, ഖിലാഫത്ത് പ്രശ്നം തീർക്കുക, സ്വരാജ് നേടുക. നിസ്സഹകരണ പ്രസ്ഥാനം അഹിംസയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ പരിപാടിയായിരുന്നു. ഇതിൽ ക്രിയാത്മകവും നിഷേധാത്മകവുമായ പരിപാടികൾ ഉണ്ടായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിലെ ക്രിയാത്മക പരിപാടികൾ ഇവയായിരുന്നു - സ്വദേശി പ്രചാരണം, അയിത്തോച്ഛാടനം, ഹിന്ദു-മുസ്ലിം മൈത്രി വളർത്തൽ, മദ്യ നിരോധനം, വിദ്യാഭ്യാസത്തിന്റെ ദേശസാൽക്കരണം, ചർക്കയും ഖാദിയും പ്രചരിപ്പിക്കൽ. നിസ്സഹകരണ പ്രസ്ഥാനത്തിലെ  നിഷേധാത്മക പരിപാടികൾ പൊതുവെ തീവ്ര സ്വഭാവമുള്ളവയായിരുന്നു. ബഹിഷ്കരണമായിരുന്നു അതിന്റെ മുഖമുദ്ര. അവ ഇവയായിരുന്നു - ഗവൺമെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, നിയമനിർമ്മാണ സഭകൾ, ഔദ്യോഗിക ചടങ്ങുകൾ, വിദേശ വസ്ത്രങ്ങളും മറ്റു ഉൽപന്നങ്ങളും ബഹിഷ്കരിക്കുക. കൂടാതെ ഗവൺമെന്റ് ഉദ്യോഗങ്ങൾ, കീർത്തി മുദ്രകൾ, പദവികൾ, സ്ഥാനമാനങ്ങൾ എന്നിവ ഉപേക്ഷിക്കുക, നികുതി നിഷേധിക്കുക തുടങ്ങിയവയാണ്.

1920 ൽ തുടങ്ങി 1922 വരെ നീണ്ടുനിന്ന നിസ്സഹകരണ പ്രസ്ഥാനത്തിന്റെ കാലത്ത് ആയിരക്കണക്കിന് ഇന്ത്യക്കാരെ ബ്രിട്ടീഷ് ഗവൺമെന്റ് അറസ്റ്റ് ചെയ്തു തടവിലാക്കി. 1922 മാർച്ചിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി ഗാന്ധിജിയേയും അറസ്റ്റ് ചെയ്തു. ചരിത്രപ്രസിദ്ധമായ ഒരു വിചാരണയ്ക്കു ശേഷം അദ്ദേഹത്തെ ആറുവർഷത്തെ തടവിന് ശിക്ഷിച്ചു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം - 1920

2. നിസ്സഹരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ ദേശീയ നേതാവ് - മഹാത്മാഗാന്ധി

3. ഏതു വർഷമാണ് ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചത്? - 1920

4. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിസഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയതെന്ന് - 1920 സെപ്റ്റംബറിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ

5. 1920ൽ നിസ്സഹകരണ പ്രസ്ഥാനം അംഗീകരിച്ച പ്രത്യേക കോൺഗ്രസ് സമ്മേളനം - കൽക്കട്ട

6. നിസ്സഹരണ പ്രസ്ഥാനത്തിന് അംഗീകാരം നൽകിയ വാർഷിക കോൺഗ്രസ് സമ്മേളനം - നാഗ്‌പൂർ സമ്മേളനം (1920)

7. 1920ലെ കോൺഗ്രസ് സമ്മേളനത്തിൽ നിസ്സഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രധാന പ്രമേയം പാസാക്കിയത് ആര് - സി.ആർ.ദാസ്

8. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ യൂണിഫോം ഖാദി ആയിത്തീർന്നത് - 1921

9. നിസഹകരണ പ്രസ്ഥാനത്തെ സഹായിക്കാനായി ഗാന്ധിജി രൂപീകരിച്ച ഫണ്ട് - തിലക്-സ്വരാജ് ഫണ്ട്

10. നിസ്സഹകരണ പ്രസ്ഥാനം അവസാനിച്ച തീയതി - 1922 ഫെബ്രുവരി 12

11. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം പിൻവലിച്ചത് ഏതു വൈസ്രോയിയുടെ കാലത്താണ് - റീഡിങ് പ്രഭു

12. നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം - ചൗരി-ചൗരാ സംഭവം (1922)

13. തിരുവിതാംകൂറിൽ നിസഹകരണ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - എ.കെ.പിള്ള

14. നിസകരണ പ്രസ്ഥാനം രൂപംകൊണ്ടതിന്റെ ഭാഗമായി തുടങ്ങിയ സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങൾ - ജാമിഅ മിലിയ ഇസ്ലാമിക സർവകലാശാല, കാശി വിദ്യാപീഠ, ബീഹാർ വിദ്യാപീഠ, ഗുജറാത്ത് വിദ്യാപീഠ

Post a Comment

Previous Post Next Post