കടുകിന്റെ ജന്മദേശം

കടുകിന്റെ ജന്മദേശം - ഇന്ത്യ 

ഭക്ഷണത്തിന് രുചിയും മണവും വർധിപ്പിക്കാനായി ഉപയോഗിക്കുന്ന കടുക് ഇന്ത്യയിലെ പ്രധാന എണ്ണക്കുരുക്കളിലൊന്നാണ്. ഭക്ഷ്യ എണ്ണയായും കേശതൈലമായും പണ്ടുമുതലേ കടുകെണ്ണ ഉപയോഗിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടുമുതൽ യൂറോപ്പിൽ ഭക്ഷ്യാവശ്യങ്ങൾക്കായി കടുക് ഉപയോഗിച്ചിരുന്നതായി ചരിത്ര രേഖകൾ പറയുന്നു. ബൈബിളിലും ചില ഗ്രീക്ക്-റോമൻ ഗ്രന്ഥങ്ങളിലും കടുകിനെക്കുറിച്ച് പരാമർശമുണ്ട്.


വടക്കുപടിഞ്ഞാറൻ ഇന്ത്യയാണ് കടുകിന്റെ ജന്മദേശമെന്നു കരുതുന്നു. ഇന്ത്യയ്ക്കു പുറമേ ബംഗ്ലാദേശ്, ചൈന, ജപ്പാൻ, നേപ്പാൾ, പാക്കിസ്ഥാൻ, ബർമ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ന് കടുകു കൃഷിയുണ്ട്. ഏകദേശം ഒരു മീറ്റർ നീളമുള്ള കടുകുചെടികൾ ചെറുശാഖകളായാണ് വളരുക. പച്ചനിറമുള്ള ഇലകളും മഞ്ഞപ്പൂക്കളുമാണിവയ്ക്ക്. നീണ്ട കായ്ക്കുള്ളിലാണ് വിത്തുണ്ടാവുക. ഒരു കായ്ക്കുള്ളിൽ 10-12 വിത്തുകൾ ഉണ്ടായിരിക്കും. ഇതാണ് കടുകുമണിയായി അറിയപ്പെടുന്നത്. വിത്തുകൾ വളരെ ചെറുതും ഗോളാകൃതിയുമായിരിക്കും.


കടുകിൽ 25-35 ശതമാനം ഭക്ഷ്യ എണ്ണ അടങ്ങിയിരിക്കുന്നു. പ്രോട്ടീനും ഫൈബറുമൊക്കെ അടങ്ങിയ ഈ എണ്ണയ്ക്കുവേണ്ടി ഉത്തരേന്ത്യയിൽ കടുക് ധാരാളമായി കൃഷി ചെയ്യുന്നു. കടുകിന് ഔഷധഗുണമുണ്ട്. അതിനാൽ ഔഷധസസ്യമെന്ന പേരിലും ഇവ അറിയപ്പെടുന്നു. വാതരോഗം ശമിപ്പിക്കാനും വേദന കുറയ്ക്കാനും ഞെരമ്പുരോഗങ്ങളെ ഇല്ലാതാക്കാനും ഇതിനു സാധിക്കുന്നു. തണുപ്പിനെ ചെറുക്കാൻ കഴിവുള്ളതിനാൽ ഉത്തരേന്ത്യയിൽ ഇവയുടെ ഉപയോഗം കൂടുതലാണ്. കടുകിന്റെ തളിരില പോഷകസമ്പുഷ്ടമായ ഇലക്കറിയാണ്. നല്ല കാലിത്തീറ്റയായും ഇവ ഉപയോഗിക്കുന്നു. കാലിരോഗങ്ങൾക്കും നല്ല ഔഷധമാണ് കടുക്. കടുകിന്റെ വേരിനും തണ്ടിനും പോഷകഗുണവും ഔഷധഗുണവുമുണ്ട്‌. ശാസ്ത്രീയ നാമം : ബ്രാസിക്ക നിഗ്ര

0 Comments