ഖിലാഫത്ത് പ്രസ്ഥാനം

ഖിലാഫത്ത് പ്രസ്ഥാനം ചരിത്രം (Khilafat Movement in Malayalam)

നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച മറ്റൊരു സംഭവമാണ് ഖിലാഫത് പ്രസ്ഥാനം. മുസ്ലിങ്ങളിൽ നല്ലൊരു വിഭാഗവും അവരുടെ ആത്മീയ നേതാവായി അഥവാ 'ഖലീഫ'യായി കണ്ടിരുന്നത് തുർക്കിയിലെ സുൽത്താനായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സാമ്രാജ്യം വിഭജിക്കപ്പെടുകയും സുൽത്താന് അദ്ദേഹത്തിന്റെ അധികാരത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടുകയും ചെയ്തു. തുർക്കിയുടെ ശിഥിലീകരണവും സുൽത്താന്റെ പദവിയിലുണ്ടായ തകർച്ചയും മുസ്ലിങ്ങളെ വേദനിപ്പിച്ചു. 1919-ൽ ഇന്ത്യയിലെ മുസ്ലിങ്ങൾ തുർക്കിയിലെ സുൽത്താന്റെ നഷ്ടപ്പെട്ട അധികാരങ്ങൾ വീണ്ടെടുക്കുന്നതിനു വേണ്ടി ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു.

ഖിലാഫത് പ്രസ്ഥാനം (1919-1920) ഇന്ത്യൻ മുസ്ലിങ്ങളുടെ ഒരു പ്രസ്ഥാനമായിരുന്നു. 1919 സെപ്റ്റംബർ 21-ാം തീയതി ആദ്യത്തെ അഖിലേന്ത്യ ഖിലാഫത്‌ കോണ്‍ഫറന്‍സ്‌ ലഖ്‌നൗവില്‍ ചേര്‍ന്നു. മുഹമ്മദ് ആലി, ഷൗക്കത്ത് ആലി (ആലി സഹോദരന്മാർ), മൗലാനാ അബ്ദുൾകലാം ആസാദ് എന്നിവരായിരുന്നു അതിന്റെ പ്രധാന നേതാക്കന്മാർ. ഖിലാഫത് പ്രസ്ഥാനം മുന്നോട്ടുവെച്ച പ്രാധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്.

മുമ്പത്തെ ഒട്ടോമൻ സാമ്രാജ്യത്തിലെ മുസ്ലിങ്ങളുടെ പുണ്യ സ്ഥലങ്ങളുടെ നിയന്ത്രണം തുർക്കി സുൽത്താന് അഥവാ ഖലീഫയ്ക്ക് വിട്ടുകൊടുക്കണം. അറേബ്യ, സിറിയ, ഇറാക്ക്, പലസ്തീൻ എന്നിവ മുസ്ലിങ്ങളുടെ പരമാധികാരത്തിനു കീഴിൽ നിലനിർത്തണം. ഇസ്ലാമിക വിശ്വാസം സംരക്ഷിക്കുവാൻ ആവശ്യമായത്ര പ്രദേശങ്ങൾ ഖലീഫയ്ക്ക് വിട്ടുകൊടുക്കണം.1919 ഒക്ടോബര്‍ 17-ാം തീയതി അഖിലേന്ത്യ ഖിലാഫത് ദിനമായി ആചരിക്കുവാന്‍ അഖിലേന്ത്യ ഖിലാഫത് കോണ്‍ഫറന്‍സ്‌ തീരുമാനമെടുത്തു. ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കിയിരുന്നു.

Note: ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചു.  ഓൾ ഇന്ത്യ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. ഹിന്ദു-മുസ്ലിം ഐക്യം അരക്കിട്ടുറപ്പിക്കാനുള്ള ഒരു സുവർണ്ണാവസരമായാണ് അദ്ദേഹം ഖിലാഫത്ത് പ്രസ്ഥാനത്തെ കണ്ടത്. നിസ്സഹരണ പ്രസ്ഥാനത്തെ ഖിലാഫത്തുമായി ബന്ധിപ്പിച്ചാൽ ഇന്ത്യയിലെ രണ്ടു മതസമുദായങ്ങളായ ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഒത്തൊരുമിച്ച് നിന്ന് കൊളോണിയൽ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു. 1920-ൽ ഖിലാഫത്ത് പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് ഒരു നിസ്സഹകരണ പരിപാടി ഗാന്ധിജി ഔപചാരികമായി പ്രഖ്യാപിച്ചു.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ലോകമെമ്പാടുമുള്ള മുസ്ലിങ്ങളുടെ ആത്മീയ നേതാവായ തുർക്കിയിലെ സുൽത്താനെ (ഖലീഫ) ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ബ്രിട്ടൺ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ മുസ്ലിങ്ങൾ രൂപം നൽകിയ സംഘടന - ഖിലാഫത്ത് പ്രസ്ഥാനം (1919)

2. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷം - 1919

3. ഖിലാഫത് പ്രസ്ഥാനത്തിന്റെ സ്ഥാപകർ - മുഹമ്മദ് ആലി, ഷൗക്കത്ത് ആലി, മൗലാനാ അബ്ദുൾകലാം ആസാദ്

4. ഖിലാഫത് പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് - ആലി സഹോദരന്മാർ

5. ഓൾ ഇന്ത്യ ഖിലാഫത് കമ്മിറ്റിയുടെ പ്രസിഡന്റ് - മഹാത്മാഗാന്ധി

6. ആരോടൊപ്പം ചേർന്നാണ് ഗാന്ധിജി ഖിലാഫത്ത് പ്രസ്ഥാനത്തിനു നേതൃത്വം നൽകിയത് - മുഹമ്മദലിയും ഷൗക്കത്തലിയും

7. ഗാന്ധിജിയുടെ അദ്ധ്യക്ഷതയിൽ ഓൾ ഇന്ത്യ ഖിലാഫത് കോൺഫറൻസ് നടന്ന സ്ഥലം - ഡൽഹി

8. അഖിലേന്ത്യ ഖിലാഫത് കോൺഫറൻസ് നടന്ന വർഷം - 1919 സെപ്റ്റംബർ 21

9. ഏതു രാജ്യത്തിനെതിരെ ഉണ്ടായ നടപടിയാണ് ഖിലാഫത് പ്രസ്ഥാനത്തിനു കാരണമായത് - തുർക്കി

10. കേരള ഖിലാഫത്ത് കമ്മിറ്റിയുടെ ആദ്യത്തെ പ്രസിഡന്റ് - കുഞ്ഞിക്കോയ തങ്ങൾ

11. അഖിലേന്ത്യ ഖിലാഫത് ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ച ദിനം - 1919 ഒക്ടോബർ 17

Post a Comment

Previous Post Next Post