ജാലിയൻ വാലാബാഗ് കൂട്ടക്കൊല

ജാലിയൻ വാലാബാഗ് കൂട്ടക്കൊല (Jallianwala Bagh Massacre in Malayalam)

റൗലറ്റ് നിയമങ്ങൾക്കെതിരെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾ ഏറ്റവും തീവ്രമായത് പഞ്ചാബിലാണ്. പഞ്ചാബിൽ നിന്നുള്ള പലരും ബ്രിട്ടീഷുകാർക്കു വേണ്ടി ഒന്നാം ലോകമഹായുദ്ധത്തിൽ പോരാടിയിരുന്നു. സ്വാഭാവികമായും ഈ കരിനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനങ്ങൾ ശക്തമായി പ്രതികരിച്ചു. ദേശീയ നേതാക്കന്മാരെ അറസ്റ്റു ചെയ്തുകൊണ്ട് ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഗവൺമെന്റ് തീരുമാനിച്ചു. പഞ്ചാബിലേക്കു പുറപ്പെട്ട ഗാന്ധിജിയെ അവർ വഴിക്കുവെച്ച് അറസ്റ്റു ചെയ്ത തടവിലാക്കി. ധാരാളം പ്രാദേശിക കോൺഗ്രസ് നേതാക്കന്മാരും അറസ്റ്റു ചെയ്യപ്പെട്ടു. റൗലറ്റ് നിയമത്തിനെതിരെയുള്ള പ്രക്ഷോഭ കാലത്താണ് ചരിത്രത്തിലെ ഏറ്റവും നീചമായ രാഷ്ട്രീയക്കൊലപാതകങ്ങളിലൊന്നായ ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്.

1919 ഏപ്രിൽ 13ന് വലിയൊരു ജനക്കൂട്ടം അമൃത്സറിലെ ജാലിയൻ വാലാബാഗിൽ തടിച്ചുകൂടി. ദേശീയ നേതാക്കന്മാരായ ഡോ. കിച്ച്ലു, ഡോ. സത്യപാൽ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിക്കുന്നതിനു വേണ്ടിയാണ് അവർ ഒത്തുചേർന്നത്. യോഗം സമാധാനപരമായിരുന്നു. പ്രതിഷേധയോഗം നടന്നുകൊണ്ടിരിക്കെ അമൃത്സറിലെ പട്ടാള മേധാവിയായിരുന്ന ജനറൽ ഡയർ തന്റെ സൈന്യവുമായി വന്ന് നിരായുധരായ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. ഈ കൂട്ടക്കൊലയിൽ നാനൂറിലേറെ പേർ കൊല്ലപ്പെട്ടു. നൂറുക്കണക്കിനു പേർക്ക് മുറിവേറ്റു. 

ജാലിയൻ വാലാബാഗ് ദുരന്തം ഗാന്ധിജിയെ നടുക്കി. ബ്രിട്ടീഷുകാരിലുണ്ടായിരുന്ന അവശേഷിച്ച വിശ്വാസവും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. 'പൈശാചികമായ ഈ ഗവൺമെന്റിനോടുള്ള ഏതൊരു തരത്തിലുള്ള സഹകരണവും പാപകരമാണെന്ന്' അദ്ദേഹം പ്രഖ്യാപിച്ചു. നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ച ഒരു പ്രധാന കാരണം അമൃത്സർ ദുരന്തമായിരുന്നു. 

ജാലിയൻ വാലാബാഗ് സംഭവത്തെക്കുറിച്ചന്വേഷിക്കാൻ സർക്കാർ ഹണ്ടർ കമ്മീഷനെ നിയമിച്ചു. ഡയർ കുറ്റക്കാരനാന്നെന്നു കണ്ടെത്തിയെങ്കിലും ഡയർക്കെതിരെ ശിക്ഷാനടപടികൾക്കൊന്നും കമ്മിഷൻ ശുപാർശ ചെയ്തില്ല. പിൽക്കാലത്ത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിലെ പ്രധാന സൂത്രധാരനായ ഡയറിനെ ഉധംസിങ് വെടിവച്ചു കൊന്നു. 

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ടാഗോർ പ്രഭുസ്ഥാനം ഉപേക്ഷിച്ചതിനു കാരണം - ജാലിയൻ വാലാബാഗ് കൂട്ടക്കൊല

2. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല സമയത്തെ വൈസ്രോയി - ചെംസ്‌ഫോർഡ് പ്രഭു

3. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന നഗരം - അമൃത്സർ

4. ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല നടന്ന തീയതി - 1919 ഏപ്രിൽ 13

5. ജാലിയൻവാലാബാഗ് ഏതു സംസ്ഥാനത്താണ് - പഞ്ചാബ്

6. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കൽ ഒ ഡയറിനെ വധിച്ചത് - ഉധം സിങ്

7. ഇന്ത്യയിൽ അമർ ജ്യോതി തെളിയിച്ചിരിക്കുന്നത് - ജാലിയൻവാലാബാഗ് 

8. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ - ജനറൽ ഡയർ

9. ജാലിയൻവാലാബാഗ് കൂട്ടക്കൊല അന്വേഷിച്ച കമ്മിഷൻ - ഹണ്ടർ കമ്മിഷൻ

10. ഏത് സംഭവത്തിൽ പ്രതിഷേധിക്കാനാണ് ഗാന്ധിജി കൈസർ-ഇ-ഹിന്ദ് തിരിച്ചുനൽകിയത് - ജാലിയൻവാലാബാഗ് കൂട്ടക്കൊല

11. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമം - റൗലറ്റ് നിയമം

12. ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിക്കാനാണ് ജാലിയൻവാലാബാഗിൽ യോഗം ചേർന്നത് - ഡോ.സത്യപാൽ, ഡോ. കിച്ച്ലു

13. 'പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃത്സർ അത് ഇളക്കിയിരിക്കുന്നു' എന്ന് അഭിപ്രായപ്പെട്ടത് - ഗാന്ധിജി

14. 'ക്രോളിംഗ് ഓർഡർ', ബ്രിട്ടീഷ് ഗവൺമെന്റ് ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് പുറപ്പെടുവിച്ചത് - ജാലിയൻവാലാബാഗ്

15. ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് ഓഫീസർ - ജനറൽ റെജിനാൾഡ് ഡയർ

16. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടക്കുമ്പോൾ പഞ്ചാബ് ഗവർണർ - മൈക്കിൾ ഒ ഡയർ

17. ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ 'വളരെ ലജ്ജാകരമാണ്' എന്ന് വിശേഷിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി - ഡേവിഡ് കാമറൂൺ

18. ജാലിയൻ വാലാബാഗ് സംഭവത്തിൽ പ്രതിഷേധിച്ച് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും  രാജിവച്ച നേതാവ് - സി. ശങ്കരൻ നായർ

Post a Comment

Previous Post Next Post