ഗിയാസുദ്ദീന്‍ തുഗ്ലക്ക്

ഗിയാസുദ്ദീന്‍ തുഗ്ലക്ക് (Ghiyasuddin Tughlaq)

അലാവുദ്ദീൻ ഖിൽജിയുടെ മരണത്തിനുശേഷം ദുർബലരായ ഭരണാധികാരികളാണ് അധികാരത്തിലെത്തിയത്. അധികാര വടംവലികളും മറ്റു പ്രശ്നങ്ങളും ഖിൽജികളുടെ ശക്തിയെ ശിഥിലീകരിക്കാൻ തുടങ്ങി. ഈ സന്ദർഭമുപയോഗിച്ച് 1320-ൽ ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ഉദ്യോഗസ്ഥർ കലാപക്കൊടി ഉയർത്തി. തുടർന്നുണ്ടായ യുദ്ധത്തിൽ അവസാനത്തെ ഖിൽജി ഭരണാധികാരിയായ ഖുസ്‌റോ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. വിജയശ്രീലാളിതനായി ഗിയാസുദ്ദീൻ തുഗ്ലക്ക് സുൽത്താനേറ്റിലെ പുതിയ ഭരണാധികാരിയായി അധികാരമേറ്റു. അങ്ങനെ ഒരു പുതിയ രാജവംശത്തിന് അദ്ദേഹം രൂപം നൽകി. മൂന്ന് പ്രമുഖ ഭരണാധികാരികൾ തുഗ്ലക്ക് വംശത്തിലുണ്ടായിരുന്നു. ഗിയാസുദ്ദീൻ, പുത്രൻ മുഹമ്മദ് ബിൻ തുഗ്ലക്ക്, അദ്ദേഹത്തിന്റെ മരുമകൻ ഫിറോസ് ഷാ തുഗ്ലക്ക്


ഗിയാസുദ്ദീൻ തുഗ്ലക്ക് (1320-1325) സാമ്രാജ്യവികസന മോഹങ്ങൾ വെച്ചു പുലർത്തിയ ഭരണാധികാരിയായിരുന്നു. ദൂരെയുള്ള രാജ്യങ്ങളെ പിടിച്ചെടുക്കാതെ അവരെക്കൊണ്ട് തന്റെ മേൽക്കോയ്മ അംഗീകരിപ്പിച്ചിരുന്ന അലാവുദ്ദീന്റെ നയത്തെ ഗിയാസുദ്ദീൻ നിരാകരിച്ചു. ഡക്കാനും ദക്ഷിണേന്ത്യയും കീഴടക്കാനുള്ള ദൗത്യം അദ്ദേഹം പുത്രനായ മുഹമ്മദ് ബിൻ തുഗ്ലക്കിനെ ഏല്പിക്കുകയും ചെയ്തു. അവരുടെ ഭരണകാലത്ത് തുഗ്ലക്ക് സാമ്രാജ്യം വാറംഗൽ, മബാർ (കോറമണ്ടൽ), മധുര, ദ്വാരസമുദ്രം (കർണ്ണാടകം) എന്നിവിടങ്ങളിലേക്കു വ്യാപിക്കുകയുണ്ടായി.


ജനക്ഷേമകരവും മാനുഷികവുമായ ഒരു നയമാണ് ഗിയാസുദ്ദീൻ പിന്തുടർന്നത്. കൃഷിയിലും കാർഷികവൃത്തിയുടെ വ്യാപനത്തിലും അദ്ദേഹം താല്പര്യമെടുത്തു. അലാവുദ്ദീന്റെ കുടുംബത്തോട് അദ്ദേഹം ഉദാരമായാണ് പെരുമാറിയത്. അവർക്ക് ഉന്നത ഉദ്യോഗങ്ങളും ഇക്താറും അദ്ദേഹം നൽകുകയുണ്ടായി. 1325-ൽ ഒരു മരപ്പന്തൽ തകർന്നുവീണ് ഗിയാസുദ്ദീൻ മരണമടഞ്ഞു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. തുഗ്ലക്ക് വംശത്തിന്റെ (1320-1414) സ്ഥാപകൻ - ഗിയാസുദ്ദീൻ തുഗ്ലക്


2. തുഗ്ലക്ക് വംശം സ്ഥാപിതമായത് - 1320


3. ഡൽഹിയിലെ തുഗ്ലക്കാബാദ് കോട്ട നിർമ്മിച്ചത് - ഗിയാസുദ്ദീൻ 


4. സംഗീതം നിരോധിച്ച തുഗ്ലക്ക് സുൽത്താൻ - ഗിയാസുദ്ദീൻ


5. പന്തൽ തകർന്നുവീണു മരിച്ച തുഗ്ലക് സുൽത്താൻ - ഗിയാസുദ്ദീൻ 


6. ഗിയാസുദ്ദീൻ തുഗ്ലക്കിന്റെ പഴയ പേര് - ഗാസിമാലിക്ക്


7. ഗിയാസുദ്ദിന്റെ ശവകുടീരം നിർമ്മിച്ചത് - മുഹമ്മദ് ബിൻ തുഗ്ലക്ക്

0 Comments