ഉലുവ

ഏറ്റവും കൂടുതൽ മാംസ്യം അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനം - ഉലുവ

ഇന്ത്യക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സുഗന്ധവ്യഞ്ജനമാണ് ഉലുവ. പടിഞ്ഞാറൻ ഏഷ്യ, ആഫ്രിക്ക, തെക്കുകിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളൊക്കെ ഉലുവയുടെ ജന്മദേശമാണെന്ന് പറയപ്പെടുന്നുണ്ട്. മികച്ച പ്രമേഹൗഷധമായി ഉലുവയെ കണക്കാക്കുന്നു. ഉലുവ ലോകവ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യയിൽ കശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ വൻതോതിൽ ഉലുവ കൃഷിയുണ്ട്. മഴ കുറഞ്ഞ പ്രദേശമാണ് ഇവയുടെ കൃഷിക്ക് ഉത്തമം.

കറികൾക്ക് സ്വാദ് കൂട്ടാൻ ഉപയോഗിക്കുന്ന ഉലുവ 45-60 സെ.മീ ഉയരത്തിൽ വളരും. ജൂൺ-ഓഗസ്റ്റ് മാസങ്ങളിലാണ് പൂക്കാലം. ഫലത്തിൽ 10-20 വിത്തുകൾ ഉണ്ടാവും. വിത്തുകൾക്ക് മഞ്ഞനിറമാണ്. പാകം ചെയ്തും അല്ലാതെയും ഉലുവ ഭക്ഷണവസ്തുക്കളിൽ ഉപയോഗിക്കാം. ഉലുവയിൽ എതാണ്ട് 16 ശതമാനം പ്രോട്ടീനുണ്ട്. അതിൽ ഹിസ്‌റ്റാഡിൻ, ഗ്ലോബുലിനിൻ എന്നീ രാസഘടകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നു. ഉലുവയിലെ പ്രോട്ടീന് പാലിലെ പ്രോട്ടീനോട് സാമ്യമുണ്ട്. ഒപ്പം, സൾഫറും ഫോസ്ഫറസും കൊഴുപ്പും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. മറ്റൊരു സവിശേഷത ഉലുവയിൽ പഞ്ചസാരയുടെ അംശം ഇല്ല എന്നതാണ്. ആയുർവ്വേദം ഉലുവയുടെ വിത്ത്, ഇല എന്നിവ ഔഷധത്തിനായി ഉപയോഗിക്കുന്നുണ്ട്. മികച്ച കാലിത്തീറ്റ കൂടിയാണിത്. മണിപ്രവാളകൃതിയായ ഉണ്ണുനീലിസന്ദേശത്തിൽ ഉലുവയെക്കുറിച്ച് പരാമർശമുണ്ട്.

Post a Comment

Previous Post Next Post