കാപ്പി

കേരളത്തിലെ കാപ്പി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ - ചുണ്ടേൽ (വയനാട്)

റൂബിയേസി സസ്യകുടുംബത്തില്‍ ഉള്‍പെട്ട ഒരു പാനീയവിളയാണ്‌ കാപ്പി. “കോഫി” എന്ന്‌ ഇംഗ്ലീഷില്‍ വിളിക്കുന്നു. “കോഫിയ അറബിക്ക” എന്നാണ്‌ ശാസ്ത്രനാമം. കാപ്പിയുടെ ജന്മദേശം അറേബ്യയാണ്‌. ഇവിടെ നിന്നും ലോകത്തിന്റെ മിക്കവാറും മേഖലയില്‍ വ്യാപിച്ചു. എന്നാല്‍, മധ്യ എത്യോപ്യയാണ്‌ കാപ്പിയുടെ ജന്മദേശം എന്ന ഒരു വാദവും നിലവിലുണ്ട്‌. “ഖഹ്വാ” എന്ന അറബിവാക്കില്‍ നിന്നാണ്‌ കാപ്പി എന്ന വാക്കുണ്ടായത്‌. അബീസിനിയയിലെ കഫ്ഫാ എന്ന സ്ഥലത്തു നിന്നും വളരെക്കാലം മുമ്പേ കാപ്പിച്ചെടികള്‍ അറേബ്യയില്‍ കൊണ്ടുവന്ന്‌ കൃഷി ചെയ്തതാണെന്നും അഭിപ്രായമുണ്ട്‌.

കാപ്പിയുടെ ഉദ്ഭവത്തെക്കുറിച്ച്‌ രസകരമായ ഒരു കഥയുണ്ട്‌. ഒരുപറ്റം ആടുകള്‍ ഒരു പ്രത്യയകതരം സസൃത്തിന്റെ കായകഴിച്ചപ്പോള്‍ നല്ല ഉന്മേഷവും ഉല്ലാസവും പ്രകടിപ്പിച്ചു. ഇതു ശ്രദ്ധിച്ച ആടിടയന്‍ ആ കായ രുചിച്ചു നോക്കിയപ്പോള്‍ അയാള്‍ക്കും വളരെയേറെ ഉന്മേഷം അനുഭവപ്പെട്ടത്രേ!. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കാപ്പി വന്‍ പ്രചാരം നേടി. അതോടെ നഗരങ്ങളിലും കാപ്പിക്കൃഷി തുടങ്ങി. പക്ഷേ, ഉത്തേജകലഹരി എന്ന രീതിയില്‍ കാപ്പി അറേബ്യയില്‍ നിരോധിക്കുകയുണ്ടായി. ഒപ്പം, പുറംനാടുകളില്‍ കാപ്പി കൊണ്ടുപോകുന്നതിനും അവര്‍ വിലക്ക്‌ ഏര്‍പ്പെടുത്തി.

ഇന്ത്യയിലും നല്ലരീതിയില്‍ കാപ്പി കൃഷി നടക്കുന്നുണ്ട്‌. 1841-ല്‍ കര്‍ണാടകയിലെ ചിക്കമഗളൂരിനു സമീപമുള്ള ബാബാബൂദാന്‍ കുന്നുകളിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ കാപ്പിത്തോട്ടം ഉണ്ടായത്‌. ഇന്ത്യയിലെ വ്യാപാരത്തില്‍ കണ്ണുണ്ടായിരുന്ന അറബികളാണ് കാപ്പി ഇന്ത്യയിൽ കൊണ്ടുവന്നത്. 1800-കളിലാണ് കാപ്പി ഇന്ത്യയിലെത്തിയതെന്നു കരുതുന്നു. അതിനുശേഷം ശ്രീലങ്കയിലും കാപ്പിയെത്തി. ഇന്ന് ഇന്ത്യയിൽ കേരളം, കർണാടക, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളാണ്‌ കാപ്പികൃഷിക്ക് പേരു കേട്ടവ.

കോഫിയ അറബിക്ക, കോഫിയ റോബസ്റ്റ എന്നിങ്ങനെ രണ്ടിനം കാപ്പിച്ചെടികളുണ്ട്‌. ലോകത്തില്‍ ഉപയോഗിക്കുന്ന കാപ്പിയുടെ ഏറിയ പങ്കും കോഫിയ അറബിക്കയില്‍ നിന്നാണ്‌. കാപ്പിക്കുരുവിന്റെ വലുപ്പത്തിലാണ്‌ ഇവ തമ്മില്‍ വ്യത്യാസപ്പെട്ടിരിക്കുന്നത്‌. കാപ്പികൃഷിക്ക്‌ പറ്റിയത്‌ 500 മുതൽ 1500 മീറ്റര്‍ വരെമുള്ള പ്രദേശമാണ്‌. ഓരോ രാജ്യത്തെയും കാപ്പിക്കുരു മണ്ണിന്റെ ഘടന, കാലാവസ്ഥ, ചെടിയുടെ ഇനം എന്നിവ അനുസരിച്ച്‌ വ്യത്യസ്തമായിരിക്കും. രാജ്യാന്തരനിലവാരമനുസരിച്ച്‌ കാപ്പിക്കുരുവിനെ പലതായി തിരിക്കാറുണ്ട്‌. സമുദ്രനിരപ്പില്‍ നിന്നും 1200-1800 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കാപ്പി 'ഹൈഗ്രോണ്‍ മൈല്‍ഡ്സ്‌' എന്നറിയപ്പെടുന്നു. സമുദ്രനിരപ്പില്‍ നിന്നും 600 മീറ്റര്‍ താഴെ കൃഷി ചെയ്യുന്ന കാപ്പിയാണ്‌ 'ബ്രസീലസ്‌'. ബ്രസീലിലാണ്‌ ഇത്‌ ഉല്പാദിപ്പിക്കുന്നത്‌. ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ വളരുന്ന ഒരിനമാണ്‌ “റോബസ്റ്റസ്‌'. അറബിക്ക ഇനത്തിലുള്ള മറ്റൊരു തരം കാപ്പിക്കുരു “മൈല്‍ഡ്സ്‌” എന്നറിയപ്പെടുന്നു. ബ്രസീല്‍ ഒഴികെയുള്ള രാജ്യങ്ങളിലാണ്‌ ഇവ വളരുന്നത്‌.

കാപ്പിച്ചെടികള്‍ അല്പം അകലത്തിലാണ്‌ നടാറ്‌. തണല്‍ ആവശ്യമായതിനാല്‍ കാപ്പികൃഷിക്ക്‌ ഇടയ്ക്ക്‌ തണല്‍മരം വച്ച്‌ പിടിപ്പിക്കാറുണ്ട്‌. തൈ നട്ട്‌ മൂന്നാം വര്‍ഷം മുതല്‍ കാപ്പി കായ്ച്ചുതുടങ്ങും. കായ്ക്ക്‌ ചുവന്നനിറം വരുമ്പോള്‍ പറിച്ചെടുക്കുന്നു. കാപ്പിക്കുരുവില്‍ അടങ്ങിയ “കഫീന്‍” എന്ന ആല്‍ക്കലോയ്ഡ്‌ ആണ്‌ ഇതിന്റെ ഉന്മേഷം പകരുന്ന ഘടകം. കാപ്പിക്ക്‌ രുചി ലഭിക്കാനായി അതില്‍ ചിക്കറി എന്ന ഒരിനം കിഴങ്ങ്‌ ഉണക്കി വറുത്ത്‌ പൊടിച്ച്‌ ചേര്‍ക്കാറുണ്ട്‌. മെഡിറ്റനേറിയന്‍ മേഖലയാണ്‌ ചിക്കറിയുടെ ജന്മദേശം. ചിക്കറി ചേര്‍ത്ത കാപ്പിക്ക്‌ ഫ്രഞ്ചു കാപ്പി എന്ന പേരുമുണ്ട്‌. ഇന്ത്യയിലും ചിക്കറി ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവിടത്തെ ആവശ്യത്തിനുള്ള ചിക്കറി വിളയിക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. അതിനാല്‍ ചിക്കറി ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുകയാണ്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. തവിട്ട് സ്വർണം എന്നറിയപ്പെടുന്നത് - കാപ്പി

2. കാപ്പിയുടെ ജന്മദേശം ഏത് - എത്യോപ്യ

3. ലോകത്ത് ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന രാജ്യം ഏതാണ് - ബ്രസീൽ

4. കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ല - വയനാട്

5. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാപ്പി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - കർണാടകം

6. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു - കഫീൻ

7. കാപ്പിയുടെ ശാസ്ത്രീയ നാമം - കോഫിയ അറബിക്ക

8. ഇന്ത്യയിൽ ആദ്യമായി കാപ്പി കൊണ്ടുവന്ന പ്രദേശം - ചിക്കമഗളൂർ (കർണാടകം)

9. ഇന്ത്യയിൽ ആദ്യമായി കാപ്പി തൈകൾ കൊണ്ട് വന്നത് - അറബികൾ

10. മൂന്നിനം കാപ്പിക്കുരുക്കൾ - അറബിക്ക, റോബസ്റ്റ, ലിബറിക്ക

11. സാധാരണ ഉപയോഗിക്കുന്ന കാപ്പിയിനം - കോഫിയ അറബിക്ക

12. കാപ്പി ഉൽപ്പാദനത്തിൽ ആറാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം - ഇന്ത്യ

13. ഇന്ത്യയിൽ കൃഷി ചെയ്യുന്ന ഒരു പ്രധാന ഉഷ്ണമേഖലാ പാനീയ വിള - കാപ്പി 

14. ഇന്ത്യയിൽ കാപ്പിത്തോട്ടങ്ങൾ കാണപ്പെടുന്ന സംസ്ഥാനങ്ങൾ - കർണാടക, കേരളം, തമിഴ്‌നാട് 

15. കാപ്പിത്തൈകൾ ആദ്യമായി ഇന്ത്യയിലേക്ക് കൊണ്ടുവന്നത് - മുസ്ലിം പണ്ഡിതനായ ബാബാബുദാൻ (അറേബ്യയിൽ നിന്നും പതിനേഴാം നൂറ്റാണ്ടിൽ)

16. കാപ്പികൃഷിയ്ക്ക് അനുയോജ്യമായ കാലാവസ്ഥ - മിതമായ താപനിലയും ഉയർന്ന വർഷപാതവും 

17. ഇന്ത്യയിൽ കാപ്പിത്തൈകൾ ആദ്യമായി നട്ടുവളർത്താൻ ആരംഭിച്ചത് - കർണാടകത്തിലെ ചിക്മംഗളൂരിലെ കുന്നിൻ ചെരിവുകളിൽ 

18. കർണാടകയുടെ 'കോഫിലാൻഡ്' എന്നറിയപ്പെടുന്നത് - ചിക്മംഗളൂർ 

19. ഇന്ത്യ മുഖ്യമായും ഉൽപ്പാദിപ്പിക്കുന്ന കാപ്പിക്കുരു - അറബിക്ക

20. ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി - കോപ്പി ലുവാക് (സിവെറ്റ് ക്യാറ്റ് കോഫി)

Post a Comment

Previous Post Next Post