കറുവപ്പട്ട

കറുവപ്പട്ട (Cinnamon Stick in Malayalam)

ആദ്യമായി വിദേശവിപണികളില്‍ എത്തിയ പൗരസ്ത്യ സുഗന്ധദ്രവ്യങ്ങളില്‍ പ്രമുഖമാണ്‌ കറുവ. ഇതിന്‌ ഇലവര്‍ങം എന്നും പേരുണ്ട്‌. പ്രാചീന ഈജിപ്റ്റിലെ സുന്ദരിമാര്‍ ഇലവര്‍ങം തുടങ്ങിയ സുഗന്ധവസ്തുക്കളുടെ പുകയേറ്റ്‌ ശരീരസനരഭ്യം വര്‍ധിപ്പിച്ചിരുന്നുവത്രേ. സുഗന്ധദ്രവ്യം എന്ന നിലയിലുള്ള പ്രാധാന്യം തിരിച്ചറിഞ്ഞതോടെയാണ്‌ കാട്ടുചെടിയായിരുന്ന കറുവ കൃഷി ചെയ്യാന്‍ തുടങ്ങിയത്‌. ഇന്നിത്‌ ധാരാളമായി കൃഷി ചെയ്യുന്നുണ്ട്‌. ഇന്ത്യ, ബര്‍മ, ശ്രീലങ്ക, ബ്രസീല്‍, ജമൈക്ക, സുമാദ്ര എന്നിവിടങ്ങളില്‍ കറുവാ കണ്ടുവരുന്നുണ്ട്‌. ഭാരതത്തില്‍ ദക്ഷിണേന്ത്യയിലാണ്‌ ഈ മരം ഏറെ കാണപ്പെടുന്നത്‌. ശാസ്ത്രനാമം: സിന്നമൊമം വിറം, സിന്നമൊമം സെയ്ലാനിക്കം.


നിത്യഹരിത വൃക്ഷമാണിത്‌. 10 മുതല്‍ 17 മീറ്റര്‍ ഉയരത്തില്‍ വരെ വളരുന്ന ഇടത്തരം വ്യക്ഷമാണിത്‌. നനവുള്ള മണ്ണില്‍ നന്നായി വളരുന്നു. വരള്‍ച്ചയും കൊടും തണുപ്പും ഇതിനു താങ്ങാന്‍ കഴിയില്ല. ഉയരം കുറഞ്ഞ മലകളില്‍ ഇലവര്‍ങത്തിന്‌ വലിയ ഇലകളാണ്‌ കണ്ടുവരുന്നത്‌. നീളം 10-25 സെന്‍റിമീറ്ററും വീതി 5-10 സെന്‍റിമീറും. ഇലയില്‍ ധാരാളം എണ്ണഗ്രന്ഥികളുള്ളതിനാല്‍ ഇല അല്പം അമര്‍ത്തി തിരുമ്മിയാല്‍ സുഗന്ധം പരക്കും. ഡിസംബര്‍-ജനുവരി മാസത്തിലാണ്‌ പൂക്കാലം. പൂക്കള്‍ക്കു വെള്ള കലര്‍ന്ന മഞ്ഞനിറമാണ്‌. പുഴയോരങ്ങളില്‍ കറുവ നന്നായി വളരുന്നുണ്ട്‌. കൃത്രിമമായും തൈ കിളിര്‍പ്പിക്കാവുന്നതാണ്‌. തോട്ടങ്ങള്‍ക്കും മറ്റും ഈ രീതിയാണ്‌ പ്രയോഗിക്കുന്നത്‌. വിത്ത്‌ പാകിയും തൈ കിളിര്‍പ്പിക്കാവുന്നതാണ്‌.


കറുവയുടെ തടികൊണ്ട്‌ വലിയ പ്രയോജനമില്ല. തടിക്ക്‌ ഈടും ബലവും കുറവാണ്‌. തീപ്പെട്ടി, പായ്ക്കിങ്പെട്ടി എന്നിവയുടെ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്നു. ഇലവര്‍ങം കീർത്തികേട്ട ഒരു സുഗന്ധദ്രവ്യമാണ്. കറുവപ്പട്ട എന്ന പേരിലാണ് മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്‌. കറുവായുടെ പ്രശസ്തിക്ക്‌ കാരണം അറബികളാണെന്ന്‌ അഭിപ്രായമുണ്ട്‌. ശതാബ്ദങ്ങളോളം അറബികളാണ്‌ ഇതിന്റെ വ്യാപാരം നടത്തിയിരുന്നത്‌. “കിര്‍ഫ” എന്ന അറബി പദത്തില്‍ നിന്നാവാം കറുവ എന്ന പേര് ഉണ്ടായതെന്ന്‌ കരുതുന്നു. കാരണം, കിര്‍ഫ എന്നാല്‍, അറബിയില്‍ “ശ്രേഷ്ഠമായ തൊലി" എന്നാണ്‌ അര്‍ഥം.


മാര്‍ക്കോ പോളോ തന്റെ യാത്രാവിവരണത്തില്‍ മലബാര്‍ തീരത്ത്‌ സമൃദ്ധമായി ഇലവര്‍ങം വളരുന്നതായി പറഞ്ഞിട്ടുണ്ട്‌. മലബാറില്‍ നിന്നും കയറ്റിയയ്‌ക്കപ്പെട്ട കറുവപ്പട്ടയെ തലശ്ശേരി കറുവപ്പട്ടയെന്നും മേല്‍ത്തരം പട്ടയെന്നും തിരിച്ചിരുന്നു. എന്നാല്‍, ഇന്ന്‌ ലോകത്തില്‍ ലഭ്യമാകുന്ന കറുവാപ്പട്ടയുടെ 75 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്‌ ശ്രീലങ്കയാണ്‌.


കമ്പുകള്‍ മുറിച്ചെടുത്ത്‌ കരിന്തൊലി കളഞ്ഞിട്ടാണ്‌ പട്ട എടുക്കുന്നത്‌. ഇതിന്റെ അകത്തെ തൊലിക്കാണ്‌ കൂടുതല്‍ ഗുണവും മണവും. ഇത്‌ പ്രത്യേക രീതിയില്‍ ചുരുളുകളായി തണലത്ത്‌ ഉണക്കിയെടുക്കുന്നതാണ്‌ ഇലവര്‍ങ പട്ട, നീളം കൂടിയ നല്ലയിനം പട്ടകള്‍ ഒന്നിനകത്ത്‌ ഒന്നായിവച്ച്‌ കുഴല്‍പോലെ അടുക്കിയെടുക്കുന്നു. ഇപ്രകാരം തയാറാക്കപ്പെടുന്ന 105 സെന്‍റിമീറ്റര്‍ നീളത്തിലുള്ള കറുവപ്പട്ട കുഴലുകളാണ്‌ ലോക വിപണിയിലെ മികച്ച കറുവവപ്പട്ടകള്‍. രുചിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കാനും രോഗങ്ങളെ ശമിപ്പിക്കാനും ഇത്‌ ഉപയോഗിക്കുന്നു. ലോഹ്യത്തിനും കഷായത്തിനും ആയുര്‍വേദം പണ്ടുമുതല്‍ ഇലവര്‍ങം ഉപയോഗിക്കുന്നുണ്ട്‌.

0 Comments