ചോള സാമ്രാജ്യം

ചോള സാമ്രാജ്യം (Chola Dynasty in Malayalam)

ദക്ഷിണേന്ത്യ ഭരിച്ച മുവേന്ദരില്‍ ഒന്നായിരുന്നു ചോള രാജവംശം. നെല്ലൂര്‍ മുതല്‍ പുതുക്കോട്ടവരെയുള്ള കോറമണ്ടല്‍ തീരം ചോളരാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. പെണ്ണാറിനും വെള്ളാറിനും ഇടയില്‍ സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു ചോള രാജ്യം. തെക്കേ ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലാണിത്‌ സ്ഥിതിചെയ്തിരുന്നത്‌. കിഴക്കന്‍ തീരങ്ങളെ കോറമണ്ടല്‍ തീരമെന്നും പറയുന്നു. ഇന്നത്തെ തഞ്ചാവൂര്‍, ട്രിച്ചിനാപ്പളളി ജില്ലകളും പഴയ പുതുക്കോട്ടൈ സംസ്ഥാനത്തിന്റെ ഒരു ഭാഗവും അടങ്ങുന്നതായിരുന്നു ചോളരാജ്യം. ചോളന്മാരുടെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രമായി വര്‍ത്തിച്ചിരുന്നത്‌ ഉറൈയൂര്‍ ആയിരുന്നു.

കരികാല ചോളനായിരുന്നു ചോള രാജാക്കന്മാരില്‍ ഏറ്റവും പ്രസിദ്ധനായ രാജാവ്‌. വെണ്ണില്‍ യുദ്ധത്തില്‍ അദ്ദേഹം സമകാലികരായ ചേര-പാണ്ഡ്യ രാജാക്കന്മാരെ തോൽപിക്കുകയുണ്ടായി. ഒമ്പത്‌ കുറുനില മന്നന്മാര്‍ ചേര്‍ന്നുണ്ടാക്കിയ ഒരു ശത്രുസഖ്യത്തെ അദ്ദേഹം പരാജയപ്പെടുത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ഭരണകാലത്തുണ്ടായ ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ്‌ പുഹാര്‍ നഗരത്തിന്റെ സ്ഥാപനം. ഇത്‌ പില്‍ക്കാലത്ത്‌ കാവേരിപട്ടണമെന്ന പേരില്‍ പ്രസിദ്ധമായി. കരികാലന്‍ വളരെ പ്രഗത്ഭനായ ഭരണാധികാരിയായിരുന്നു. അധിവാസ സ്ഥാനങ്ങളുണ്ടാക്കുന്നതിനായി കാടുവെട്ടിത്തെളിക്കാന്‍ അദ്ദേഹം മുന്‍കയ്യെടുത്തിരുന്നു. ജലസേചനത്തിനായി ഒട്ടനവധി കുളങ്ങളും അദ്ദേഹം നിര്‍മ്മിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ തുണിക്കച്ചവടം അഭിവൃദ്ധി പ്രാപിച്ചു. വിദ്യാഭ്യാസ കാര്യങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. ഒട്ടനവധി കവികളെയും പണ്ഡിതന്മാരെയും അദ്ദേഹം പരിരക്ഷിച്ചിരുന്നു.

എ.ഡി. നാലാം നൂറ്റാണ്ടില്‍ ചേരന്മാരും പാണ്ഡ്യന്മാരും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളില്‍ ചോളന്മാരുടെ ശക്തി ക്ഷയിച്ചു. കരികാലന്റെ മരണശേഷം ചോളന്മാരുടെയിടയില്‍ ആഭ്യന്തര കലാപങ്ങള്‍ ഉയര്‍ന്നു. ഇതിന്റെ ഫലമായി ചോളന്മാരുടെ ശക്തി ക്ഷയിച്ചു. വടക്കുനിന്നും പല്ലവന്മാരുടെ ആക്രമണമുണ്ടായതോടെ, ചോളന്മാരുടെ ആധിപത്യം പൂര്‍ണ്ണമായും നശിച്ചുപോയി. എ.ഡി. നാലാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടുവരെയുള്ള കാലഘട്ടത്തില്‍ ഒരു രാഷ്ട്രീയ ശക്തിയെന്നനിലയില്‍ ചോളന്മാര്‍ അപ്രത്യക്ഷമായി. എന്നാല്‍ എ.ഡി. ഒമ്പതാം നൂറ്റാണ്ടോടെ അവര്‍ വീണ്ടും അധികാരത്തിലെത്തി. പതിമൂന്നാം നൂറ്റാണ്ടുവരെ അവര്‍ അധികാരത്തില്‍ തുടരുകയും ചെയ്തു.

ചോളരാജ്യം പുനഃസ്ഥാപിച്ചത്‌ വിജയാലയനാണ്‌. എ.ഡി. 850-ല്‍ അദ്ദേഹം തഞ്ചാവൂര്‍ പിടിച്ചെടുത്ത് അവിടം തലസ്ഥാനമാക്കി ചോളരാജ്യം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ആദിത്യ ചോളന്റെയും പരാന്തക ചോളന്റെയും കാലത്ത്‌ ചോളരാജ്യത്തിന്റെ അതിരുകള്‍ യുദ്ധങ്ങളിലൂടെ അയല്‍ദേശങ്ങളിലേക്കു വ്യാപിക്കുകയുണ്ടായി. ഏതാണ്ട്‌ നാലു നൂറ്റാണ്ടുകാലം നിലനിന്ന ചോള രാജ്യത്തില്‍ പതിനെട്ടോളം രാജാക്കന്മാര്‍ ഭരണം നടത്തി. രാജരാജന്‍ ഒന്നാമന്‍, രാജേന്ദ്ര ചോളന്‍ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍.

രാജരാജന്‍ ഒന്നാമന്‍ (985-1014)

ചോളരാജാക്കന്മാരില്‍ ഏറ്റവും മഹനീയന്‍ രാജരാജന്‍ ഒന്നാമനാണ്‌. പരാന്തക ചോളന്റെ കാലത്ത് ചോളരാജ്യം ഒരു സാമ്രാജ്യമായി വളര്‍ന്നിരുന്നുവെങ്കിലും അതിന്‌ ഉറച്ച അടിത്തറ പാകിയത്‌ രാജരാജനാണ്‌. ചോള സാമ്രാജ്യത്വത്തിന്റെ കാലഘട്ടത്തിന്‌ അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു. രാജരാജന്‍ വലിയൊരു ആക്രമണകാരിയായിരുന്നു. ചേരരാജാവായ ഭാസ്‌കര രവിവര്‍മ്മയെ തോല്‍പ്പിച്ച് അദ്ദേഹം കൊല്ലം പിടിച്ചെടുത്തു. പാണ്ഡ്യന്മാരെയും കിഴക്കന്‍ ചാലൂക്യന്മാരെയും, അദ്ദേഹം കീഴടക്കി. സിലോണ്‍, ലക്ഷദ്വീപ്‌, മാലിദ്വീപ്‌ എന്നിവയെയും അദ്ദേഹം ആക്രമിച്ചു. മൈസൂരിന്റെ നല്ലൊരു ഭാഗവും അദ്ദേഹം ആക്രമിച്ച്‌ കീഴടക്കി. രാജരാജന്‍ മികച്ചൊരു ഭരണകര്‍ത്താവായിരുന്നു. അദ്ദേഹത്തിന്റെ കാലത്ത്‌ നികുതി നിര്‍ണ്ണയിക്കുന്നതിനായി ഭൂമി അളന്ന്‌ തിട്ടപ്പെടുത്തിയിരുന്നു. തന്റെ സാമ്രാജ്യത്തിലുടനീളം അദ്ദേഹം സ്വയംഭരണത്തെ പ്രോത്സാഹിപ്പിച്ചു. രാജരാജന്‍ കലകളെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. ധാരാളം ക്ഷേത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്‌ തഞ്ചാവൂരിലെ രാജരാജക്ഷേത്രമാണ്‌ (1010). രാജരാജന്‍ ഒരു ശൈവമത വിശ്വാസിയായിരുന്നു. എങ്കിലും മതകാര്യങ്ങളില്‍ അദ്ദേഹം തികഞ്ഞ സഹിഷ്ണുത പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ കൊത്തുലിഖിതങ്ങള്‍ ചോളചരിത്രം പുനഃനിര്‍മ്മിക്കുന്നതിന്‌ ചരിത്രകാരന്മാര്‍ക്ക്‌ ഏറെ വിലപ്പെട്ടവയാണ്‌.

രാജേന്ദ്ര ചോളന്‍ (1014-1045)

രാജരാജന്റെ പുത്രനും പിന്‍ഗാമിയുമായ രാജേന്ദ്ര ചോളന്റെ കാലത്താണ്‌ ചോള സാമ്രാജ്യം പ്രതാപത്തിന്റെ ഉച്ചകോടിയിലെത്തിയത്‌. തന്റെ പിതാവിന്റെ സാമാജ്യ വികസന നയം അദ്ദേഹം വീറോടെ പിന്തുടര്‍ന്നു. അദ്ദേഹം പാണ്ഡ്യരാജ്യം പിടിച്ചെടുത്തു. സിലോണിലെ രാജാവായ ജയസിംഹന്‍ രണ്ടാമനെ അദ്ദേഹം തോൽപിക്കുകയും തടവുകാരനാക്കുകയും ചെയ്തു. അങ്ങനെ സിലോണ്‍ ചോളസാമ്രാജ്യത്തിന്റെ ഭാഗമായിത്തീര്‍ന്നു. രാജേന്ദ്ര ചോളന്‍ ചേരന്മാരെ തോല്‍പ്പിച്ച്‌ അവരുടെ പല പ്രദേശങ്ങളും കയ്യടക്കി. ബംഗാളിലെ പാലരാജാവായ മഹിപാലനും തോല്‍പ്പിക്കപ്പെട്ടു. 

ഉത്തരേന്ത്യയിലെ വിജയങ്ങള്‍ കൊണ്ടാടുന്നതിന്‌ രാജേന്ദ്ര ചോളന്‍ ചിദംബരത്തിനടുത്ത്‌ “ഗംഗൈകൊണ്ട ചോളപുരം" എന്ന പേരില്‍ ഒരു പുതിയ തലസ്ഥാനം നിര്‍മ്മിച്ചു. 'ഗംഗൈകൊണ്ട ചോളന്‍' (ഗംഗയെ കീഴടക്കിയവന്‍) എന്ന സ്ഥാനപ്പേരും അദ്ദേഹം സ്വീകരിച്ചു. 

രാജ്രേന്ദചോളന്‍ ചൈനയിലേക്ക്‌ നയതന്ത്രസംഘത്തെ അയയ്ക്കുകയുണ്ടായി. രാഷ്ട്രീയവും വാണിജൃപരവുമായ ലക്ഷ്യങ്ങള്‍ ഇതിനു പുറകിലുണ്ടായിരുന്നു. അറേബ്യന്‍ സമുദ്രത്തില്‍ നാവികാധിപത്യം സ്ഥാപിച്ച ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരി രാജേന്ദ്ര ചോളനാണ്‌. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഒരു വന്‍ നാവികശക്തിയായിരുന്ന ശ്രീവിജയ സാമ്രാജ്യത്തെപ്പോലും അദ്ദേഹത്തിന്റെ നാവികസൈന്യം ആക്രമിക്കുകയുണ്ടായി. 

ബംഗാള്‍ ഉള്‍ക്കടല്‍ ഒരു ചോള തടാകമായി മാറി എന്ന്‌ ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. രാജേന്ദ്ര ചോളന്‍ കലയെയും വിജ്ഞാനത്തെയും പ്രോത്സാഹിപ്പിച്ചിരുന്നു. അദ്ദേഹത്തെ “പണ്ഡിത ചോളന്‍” എന്നു വിളിച്ചിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ചോള സാമ്രാജ്യം ക്ഷയിക്കാന്‍ തുടങ്ങി. അവസാനത്തെ ചോള രാജാവായ അധിരാജേന്ദ്രന്റെ മരണത്തോടുകൂടി ചോളരാജവംശം നാമാവശേഷമായി.

ക്ഷേത്രവാസ്തുവിദ്യ

ദ്രാവിഡ വാസ്തുശില്പരീതി അതിന്റെ പ്രതാപത്തിന്റെ പാരമൃത്തിലെത്തിയത്‌ ചോളന്മാരുടെ കീഴിലാണ്‌. പാറതുരന്ന്‌ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്ന പല്ലവശൈലി ചോളന്മാര്‍ ഉപേക്ഷിച്ചു. ഇക്കാലത്ത്‌ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ കല്ലുകള്‍കൊണ്ട്‌ പടുത്തുകെട്ടിയവയായിരുന്നു. ശ്രീകോവിലിനു മുമ്പില്‍ തട്ടുകളോടുകൂടി നിര്‍മ്മിക്കപ്പെട്ട 'വിമാനം', വിശാലമായ ചുറ്റമ്പലം, ഉയരം കൂടിയ ചുറ്റുമതില്‍, ഭീമാകാരവും അത്യാകര്‍ഷകവുമായ കവാടങ്ങള്‍ (ഗോപുരം) തുടങ്ങിയവയാണ്‌ ചോള ക്ഷേത്രങ്ങളുടെ സവിശേഷതകള്‍.

തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അനേകം ചോളക്ഷേത്രങ്ങളുണ്ട്‌. നാര്‍ത്തമലയിലെ 'വിജയാലയ ചോളേശ്വരക്ഷേത്രം' ഇതിലേറ്റവും പ്രധാനപ്പെട്ടതാണ്‌. രാജരാജന്‍ ഒന്നാമന്‍ തഞ്ചാവൂരില്‍ പണികഴിപ്പിച്ച ബൃഹദീശ്വരക്ഷേത്രം ദ്രാവിഡ വാസ്തുശില്പ ശൈലിയുടെ ഏറ്റവും മികച്ച മാതൃകയാണ്‌. ശിവപ്രതിഷ്ഠക്കു പുറമെ രാജാവിന്റെയും രാജ്ഞിയുടെയും ശില്പങ്ങളും സ്ഥാപിച്ചിരുന്നതുകൊണ്ട്‌ ഇതിനെ “രാജരാജക്ഷേത്രം" എന്നും വിളിക്കുന്നു. ഈ ക്ഷേത്രത്തിന്റെ മുകളിലുള്ള മകുടം ഒറ്റക്കല്ലില്‍ നിര്‍മ്മിക്കപ്പെട്ടതാണ്‌.

ബൃഹദീശ്വരക്ഷേത്രത്തെ അനുകരിച്ച്‌ രാജേന്ദ്രൻ ഗംഗൈകൊണ്ട ചോളപുരത്തു നിര്‍മ്മിച്ച ക്ഷേത്രവും ചോളന്മാരുടെ ക്ഷേത്രനിര്‍മ്മാണ കലയുടെ ഉത്തമ മാതൃകയാണ്‌. പില്‍ക്കാല ചോളക്ഷേത്രങ്ങളായ ദാരാസുരത്തിലെ “ഐരാവതേശ്വര ക്ഷേത്ര"വും ത്രിഭുവനത്തിലെ “കമ്പഹരേശ്വരക്ഷേത്ര"വും വാസ്തുശില്പ കലയിലെ വിസ്മയങ്ങളാണ്‌. നടരാജനെ ചിത്രീകരിക്കുന്ന വെങ്കലപ്രതിമകള്‍ ചോളകലയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ചു. കുംഭകോണത്തെ നാഗേശ്വരക്ഷേത്രത്തിലെയും ചിദംബരത്തെ നടരാജക്ഷേത്രത്തിലെയും നടരാജവിഗ്രഹങ്ങള്‍ ഇതിനു ദൃഷ്ടാന്തങ്ങളാണ്‌.

ആവർത്തിക്കുന്ന ചോദ്യങ്ങൾ

1. ഗംഗൈകൊണ്ട ചോളപുരത്ത് ബൃഹദേശ്വര ക്ഷേത്രം നിർമ്മിച്ചത് - രാജേന്ദ്ര ചോളൻ

2. ഗംഗൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത് - രാജേന്ദ്രൻ ഒന്നാമൻ

3. തായ്‌ലൻഡ്, കംബോഡിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ പ്രദേശങ്ങൾ കീഴടക്കിയ ചോള രാജാവ് - രാജേന്ദ്ര ചോളൻ

4. ശ്രീവിജയസാമ്രാജ്യം പിടിച്ചടക്കിയ ചോളരാജാവ് - രാജേന്ദ്ര ചോളൻ

5. തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം (രാജരാജ ക്ഷേത്രം) പണി കഴിപ്പിച്ചതാര് - രാജരാജ ചോളൻ ഒന്നാമൻ

6. എത്രാം നൂറ്റാണ്ടിലാണ് നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്ന ചേര-ചോള സംഘട്ടനം അരങ്ങേറിയത് - പതിനൊന്നാം നൂറ്റാണ്ട്

7. മധുരൈ കൊണ്ട ചോളൻ എന്നറിയപ്പെട്ടത് - പരാന്തക ചോളൻ ഒന്നാമൻ

8. ചോളന്മാരുടെ രാജകീയമുദ്ര - കടുവ

9. ചോള സാമ്രാജ്യ തലസ്ഥാനം - തഞ്ചാവൂർ

10. സംഘകാല ചോളന്മാരുടെ ചിഹ്നം - കടുവ

11. രാജരാജചോളൻ കേരളമാക്രമിച്ച വർഷം - എ.ഡി.1000

12. ചിദംബരത്തെ നടരാജവിഗ്രഹം നിർമ്മിച്ചത് - ചോളന്മാർ

13. രണ്ടാം ചോളസാമ്രാജ്യത്തിന്റെ യഥാർത്ഥ സ്ഥാപകൻ - വിജയാലയൻ

14. ചോളന്മാരുടെ പ്രധാന തുറമുഖം - കാവേരിപട്ടണം

15. ചോള രാജ്യത്തെ പ്രധാന നദിയായിരുന്നത് - കാവേരി

16. മാലി ദ്വീപ് കീഴടക്കിയ ചോളരാജാവ് - രാജരാജ ചോളൻ

17. സംഘകാലത്ത് ചോളന്മാരുടെ തലസ്ഥാനം - ഉറൈയൂർ

18. സംഘകാലത്തെ രാജവംശങ്ങളിൽ മികച്ച നാവികസേനയെ നിലനിർത്തിയിരുന്നത് - ചോളന്മാർ

19. തഞ്ചാവൂരിനടുത്ത് വെണ്ണിയിൽവെച്ച് ചേര-പാണ്ഡ്യ രാജാക്കന്മാരെ തോൽപ്പിച്ച രാജവംശം - ചോളന്മാർ

20. എ.ഡി.1000 ൽ കേരളം അക്രമിച്ചതാര് - ചോളന്മാർ

21. വില്ലജ് ഭരണ സംവിധാനത്തിന് പ്രസിദ്ധമായ തെക്കേ ഇന്ത്യൻ രാജവംശം - ചോളന്മാർ

22. കരികാലൻ ഏത് വംശത്തിലെ രാജാവായിരുന്നു - ചോളന്മാർ

23. കാവേരിതടവും അതിനടുത്തുള്ള പ്രദേശങ്ങളും ഉൾപ്പെട്ട രാജ്യം ഭരിച്ച രാജവംശം - ചോളന്മാർ

24. ചോളന്മാരാൽ പരാജിതനാക്കപ്പെട്ടതിനെത്തുടർന്ന് 1066-ൽ തുങ്കഭദ്രാനദിയിൽച്ചാടി ആത്മഹത്യ ചെയ്ത ചാലൂക്യ രാജാവ് - സോമേശ്വരൻ ഒന്നാമൻ

25. ആദ്യകാല ചോളരാജാക്കന്മാരിൽ ഏറ്റവും പ്രശസ്തൻ - കരികാല ചോളൻ

26. കരികാലന്റെ മരണത്തോടെ തകർന്ന ചോള ശക്തി പുനഃസ്ഥാപിച്ചത് - വിജയാലയ

27. ചോളന്മാരുടെ പ്രധാന തുറമുഖ പട്ടണം - കാവേരി പൂം പട്ടണം

28. "പണ്ഡിത വത്സലൻ" എന്നറിയപ്പെട്ടിരുന്ന ചോള രാജാവ് - രാജേന്ദ്ര ചോളൻ

29. ഏതു വംശത്തിന്റെ രാഷ്ട്രീയാധികാരത്തിന്റെ കേന്ദ്രമായിരുന്നു ഉറൈയൂര്‍

30. ബി.സി.രണ്ടാം നൂറ്റാണ്ടില്‍ ശ്രീലങ്ക കീഴടക്കുകയും 50 വര്‍ഷം അവിടെ ഭരിക്കുകയും ചെയ്ത ഏലര എന്ന രാജാവ്‌ ഏതു വംശക്കാരനായിരുന്നു - ചോള രാജവംശം

31. സുസജ്ജവും കാര്യ പ്രാപ്തിയുള്ളതുമായ ഒരു നാവികസേനയെ നിലനിര്‍ത്തിയിരുന്ന തെക്കേ ഇന്ത്യന്‍ രാജവംശം - ചോള രാജവംശം

32. ഏതു രാജ്യത്തെ പ്രധാന തുറമുഖമായിരുന്നു പുഹാര്‍പട്ടണം - ചോള സാമ്രാജ്യം

33. വിജയാലയന്‍ സ്ഥാപിച്ച രാജവംശം - ചോള രാജവംശം

34. സംഘകാലത്ത്‌, കടുവയെ രാജകീയ ചിഹ്നമായി സ്വീകരിച്ച വംശമേത്‌ - ചോള രാജവംശം

35. ഏതു വംശത്തിലെ രാജാവായിരുന്നു പരാന്തകന്‍ - ചോള രാജവംശം

Post a Comment

Previous Post Next Post