മുഹമ്മദ് ബിൻ തുഗ്ലക്ക്

മുഹമ്മദ് ബിൻ തുഗ്ലക്ക് ജീവ ചരിത്രം (Muhammad Bin Tughlaq in Malayalam)

ജനനം: 1290

മരണം: 1351


ഗിയാസുദ്ദീന്റെ മരണത്തെ തുടര്‍ന്ന്‌ പുത്രനായ മുഹമ്മദ്‌ ബിന്‍ തുഗ്ലക്‌ സുല്‍ത്താനായി സ്വയം പ്രഖ്യാപിച്ചു. പരമ്പരാഗത നിലപാടുകളില്‍നിന്നും വൃത്യസ്തമായ ശൈലി സ്വീകരിച്ച അദ്ദേഹം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ ഭരണാധികാരിയാണ്‌. ഇന്ത്യയെ രാഷ്ട്രീയമായും ഭരണപരമായും ഏകീകരിക്കാന്‍ മുഹമ്മദ്‌ ബിന്‍ തുഗ്ലക് ആഗ്രഹിച്ചു. തന്റെ ഭരണകാലത്തുടനീളം ഇതിനായി അദ്ദേഹം അവിരാമം, പരിശ്രമിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു പ്രദേശത്തെപോലും തന്റെ നിയന്ത്രണത്തിലാക്കാതെ വെറുതെ വിടാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. ഉത്തരേന്ത്യയേയും ദക്ഷിണേന്ത്യയേയും വേര്‍ത്തിരിച്ചിരുന്ന രാഷ്ട്രീയവും സാംസ്കാരികവുമായ അതിര്‍ത്തികളെ തകര്‍ത്തെറിയാന്‍ സുല്‍ത്താന്‍ ഔല്‍സുക്യം പ്രകടിപ്പിച്ചു.


മതകാര്യങ്ങളിലും തത്ത്വചിന്തയിലും മുഹമ്മദ്‌ ബിന്‍ തുഗ്ഗക്കിന്‌ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. പ്രാര്‍ത്ഥനയും മതാനുഷ്ഠാനങ്ങളും ചിട്ടയോടെ നിര്‍വഹിച്ചുപോന്ന അദ്ദേഹം മറ്റു മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തിയിരുന്നു. അവരുടെ മതകര്‍മ്മങ്ങളിലും ആഘോഷങ്ങളിലും, അദ്ദേഹം പങ്കെടുത്തിരുന്നു. യോഗാത്മകത്വത്തോട്‌ സുല്‍ത്താന്‍ വ്യത്യസ്ത സമീപനമാണ്‌ ഉണ്ടായിരുന്നത്‌. രാഷ്ട്ര കാര്യങ്ങളില്‍ ഇടപെടാതെ മാറിനില്‍ക്കണമെന്ന യോഗാത്മക വീക്ഷണത്തെ അദ്ദേഹം അംഗീകരിച്ചില്ല. സൂഫികള്‍ അവരുടെ കഴിവുകള്‍ രാഷ്ട്രത്തിനു ലഭ്യമാക്കണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു.

 

എല്ലാ ജനവിഭാഗങ്ങളുടെയും പിന്തുണയില്ലാതെ അധികാരം ഉറപ്പിക്കാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം വിശ്വസിച്ചു. അതിനാല്‍ എല്ലാ മതവിഭാഗങ്ങളുടേയും വിശ്വാസമാര്‍ജ്ജിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു. ഹിന്ദുക്കളേയും മുസ്ലീങ്ങളേയും അദ്ദേഹം ഉന്നത ഉദ്യോഗങ്ങളില്‍ നിയമിച്ചു. ഹൈന്ദവ കവികളേയും പണ്ഡിതന്മാരേയും പ്രോത്സാഹിപ്പിച്ചു. യോഗിവര്യന്മാരുമായും ജൈന സന്യാസിമാരുമായും (രാജശേഖര്‍, ജിനപ്രഭ സൂരി തുടങ്ങിയ) അദ്ദേഹം ബന്ധം പുലര്‍ത്തിയിരുന്നു. ഗുജറാത്തിലായിരുന്നപ്പോള്‍ അദ്ദേഹം ജൈനക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ധനസഹായം നല്‍കുകയും ചെയ്തിരുന്നു. മുഹമ്മദ്‌ ബിന്‍ തുഗ്ലക്ക് ധീരമായ ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. ഏറെ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയ ഈ പരീക്ഷണങ്ങള്‍ അദ്ദേഹത്തെ അവിസ്മരണീയനാക്കിത്തീര്‍ത്തു. അക്ഷമയും ധൃതിയും മൂലം പാളിപ്പോയ പരിഷ്കാരങ്ങളായിരുന്നു അവയെല്ലാം. അതിലൊന്നാണ്‌ തലസ്ഥാനമാറ്റം.


അധികാരമേറ്റ ഉടൻ മുഹമ്മദ് ബിൻ തുഗ്ലക്ക് നടപ്പിലാക്കിയ ഏറ്റവും വിവാദപരമായ നടപടി തലസ്ഥാനമാറ്റമാണ്. ഡൽഹിയിൽ നിന്ന് 1500 കിലോമീറ്റർ അകലെയുള്ള ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റാൻ അദ്ദേഹം തീരുമാനിച്ചു. ദക്ഷിണേന്ത്യയെ പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരാൻ ഇത് സഹായകമാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. പുതിയ തലസ്ഥാനമായി അദ്ദേഹം ദേവഗിരിയെ തെരഞ്ഞെടുക്കുകയും ദൗലത്താബാദ് എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു. ദേവഗിരിയിലേക്ക് പുതിയൊരു രാജപാത നിർമ്മിച്ചു. ജനവാസമില്ലാതിരുന്ന മുഴുവൻ പ്രദേശത്തെയും വാസയോഗ്യമാക്കി. തുടക്കത്തിൽ അമീറുകൾ, മാലിക്കുകൾ, അടിമകൾ, കുതിരകൾ, ആനകൾ, ഖജനാവ് എന്നിവയോടൊപ്പം സുൽത്താന്റെ മാതാവുൾപ്പടെയുള്ള എല്ലാ കൊട്ടാരവാസികളെയും ദേവഗിരിയിലേക്കു മാറ്റി. തുടർന്ന് ഡൽഹിയിലെ ആബാലവൃദ്ധം ജനങ്ങളോടും ദേവഗിരിയിലേക്കു യാത്ര തിരിക്കുവാൻ സുൽത്താൻ ആജ്ഞാപിച്ചുവെന്ന് ഒരു വിഭാഗം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. എന്നാൽ ജനങ്ങളുടെ ഒരു കൂട്ട പലായനം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. കുറച്ചുവർഷങ്ങൾക്കുശേഷം തലസ്ഥാനമാറ്റം പരാജയമാണെന്ന് സുൽത്താൻ തിരിച്ചറിഞ്ഞു. ഡൽഹിയിലിരുന്ന് ദക്ഷിണേന്ത്യ ഭരിക്കാൻ ബുദ്ധിമുട്ടാണ് എന്നതുപോലെ ദൗലത്താബാദിലിരുന്ന് ഉത്തരേന്ത്യ ഭരിക്കാനും ബുദ്ധിമുട്ടാണെന്ന് അദ്ദേഹം മനസിലാക്കി. അതിനാൽ ദൗലത്താബാദ് ഉപേക്ഷിക്കാൻ അദ്ദേഹം തീരുമാനിച്ചു. ദൗലത്താബാദിലെ ജനങ്ങളെ ഡൽഹിയിലേക്കു മടങ്ങാൻ സുൽത്താൻ അനുവദിച്ചു. 


മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ തലസ്ഥാന മാറ്റത്തെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വിരുദ്ധ വീക്ഷണങ്ങളാണുള്ളത്. ഈ പരിഷ്കാരത്തെ ഒരു വിഡ്ഢിത്തമായാണ് യൂറോപ്യൻ ചരിത്രകാരന്മാർ വിലയിരുത്തുന്നത്. ഈ പരിഷ്‌കാരം സുൽത്താന്റെ ദീർഘദൃഷ്ടിയുടെയും പ്രയോഗിക ബുദ്ധിയുടെയും പ്രകാശനമാണെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ വിവാദപരമായ മറ്റൊരു നടപടി ടോക്കൺ നാണയ സമ്പ്രദായം ആവിഷ്കരിച്ചതാണ്. വെള്ളികൊണ്ടുള്ള നാണയങ്ങൾക്ക് പകരം അദ്ദേഹം ഓട്ടുനാണയങ്ങൾ അടിച്ചിറക്കി. വെള്ളിനാണയങ്ങളുടെ അതെ വില തന്നെയാണ് ഈ ഓട്ടുനാണയങ്ങൾക്കും നിശ്ചയിച്ചിരുന്നത്. സുൽത്താന്റെ ടോക്കൺ കറൻസി പരിഷ്‌കാരം വൻ പരാജയമായിരുന്നു. 


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. മുയിനുദ്ദിന്‍ ചിഷ്ടിയുടെ സമാധി സന്ദര്‍ശിച്ച ആദ്യ ഡൽഹി സുല്‍ത്താന്‍


2. ഡല്‍ഹി സുല്‍ത്താനേറ്റ്‌ വിസ്തീര്‍ണ്ണത്തിന്റെ പാരമൃതയിലെത്തിയത്‌ ആരുടെ കാലത്താണ്

3. ഡല്‍ഹി സുല്‍ത്താനേറ്റിലെ ഭരണാധികാരികളില്‍ ഏറ്റവും പാണ്ഡിത്യമുള്ള വ്യക്തിയായി വിലയിരുത്തപ്പെടുന്നത്‌


4. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ പിന്‍ഗാമി


5. ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ മരണത്തിനു കാരക്കാരനെന്ന്‌ ചില ചരിത്രകാരന്മാര്‍ അനുമാനിക്കുന്നത്‌ ആരെയാണ്‌


6. ഡല്‍ഹിയില്‍ ജഹന്‍പന നഗരം സ്ഥാപിച്ചത്

7. കൃഷിക്കുവേണ്ടി പ്രത്യേക വകുപ്പ്‌ ആവിഷ്ക്കരിച്ച ആദ്യ സുല്‍ത്താന്‍


8. ബാഹ്മിനി വംശം സ്ഥാപിക്കപ്പെട്ടത്‌ ഏത്‌ ഡല്‍ഹി സുല്‍ത്താന്റെ കാലത്തായിരുന്നു


9. ഇബിന്‍ ബത്തുത്ത രചിച്ച സഫര്‍നാമ ആരുടെ നേട്ടങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്നു


10. വിജയ നഗര സാമാജ്യത്തിന്റെ തുടക്കം ഏത് ഡല്‍ഹി സുല്‍ത്താന്റെ കാലത്തായിരുന്നു


11. ആരുടെ സ്മരണാര്‍ത്ഥമാണ്‌ ഫിറോസ്ഷാ തുഗ്ലക്‌ ജൌണ്‍പൂര്‍ നഗരത്തിന്‌ പേരിട്ടത്‌


12. തലസ്ഥാനം ദേവഗിരിയിലേക്ക്‌ മാറ്റിയ ഡല്‍ഹി സുല്‍ത്താന്‍


13. ജൂണാ ഖാന്‍ ആരുടെ യഥാര്‍ത്ഥ പേരാണ്

14. നാണയനിര്‍മാതാക്കളുടെ രാജകുമാരന്‍ എന്ന് എഡ്വേര്‍ഡ്‌ തോമസ്‌ ആരെയാണ്‌ വിശേഷിപ്പിച്ചത്‌


15. വൈരുധ്യങ്ങളുടെ സങ്കലനം എന്നറിയപ്പെട്ട സുല്‍ത്താന്‍


16. ബുദ്ധിമാനായ വിഡ്ഡി എന്നറിയപ്പെട്ട ഭരണാധികാരി


17. ഇന്ത്യയിലാദ്യമായി അടയാള നാണയ (ടോക്കണ്‍ കറന്‍സി) സമ്പ്രദായം ആവിഷ്കരിച്ച ഭരണാധികാരി


18. ദുര്‍നക്ഷത്രക്കാരനായ ആദര്‍ശവാദി എന്നറിയപ്പെട്ട ഡല്‍ഹി സുല്‍ത്താന്‍

0 Comments