റിച്ചാഡ് വെല്ലസ്ലി പ്രഭു

റിച്ചാഡ് വെല്ലസ്ലി പ്രഭു (Lord Richard Wellesley, 1760 - 1842)

തിരുവിതാംകൂര്‍ ദിവാനായിരുന്ന കേശവപിള്ളയ്ക്ക്‌ രാജാ എന്ന ബഹുമതി നല്‍കിയത്‌ വെല്ലസ്ലിയാണെന്നും മോര്‍ണിംഗ്ടണ്‍ പ്രഭുവാണെന്നും വായിച്ചിട്ടുണ്ട്‌. നെപ്പോളിയനെ തോല്‍പിച്ചത്‌ ആര്‍തര്‍ വെല്ലസ്സിയാണെന്ന് ഒരു പുസ്തകത്തില്‍ കണ്ടു. വെല്ലിംഗ്ടണ്‍ പ്രഭുവാണ് നെപ്പോളിയനെ തോല്‍പിച്ചത്‌ എന്നാണ്‌ മറ്റൊന്നില്‍. എന്നാല്‍ ഡ്യുക്ക്‌ ഓഫ്‌ വെല്ലിംഗ്ടണാണ്‌ നെപ്പോളിയനെ തറപറ്റിച്ചത്‌ എന്ന്‌ വേറൊരിടത്ത്‌ കണ്ടു. ഇവിടെയും ആശയക്കുഴപ്പമുണ്ട്‌. ഇവരില്‍ ആരാണ്‌ നെപ്പോളിയനെ തോല്‍പിച്ചത്‌?

ഇന്ത്യാ ചരിത്രത്തില്‍ പ്രശസ്തരായ രണ്ടു വെല്ലസ്ലിമാരുണ്ട്. ഇവര്‍ സഹോദരന്‍മാരുമാണ്‌. ജ്യേഷ്ഠന്‍ വെല്ലസ്ലിയുടെ പേര് റിച്ചാര്‍ഡ്‌ കോളി വെല്ലസ്ലി. അനുജന്‍ ആര്‍തര്‍ വെല്ലസ്ലി. 1798 മുതല്‍ 1805 വരെ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായിരുന്നു റിച്ചാര്‍ഡ്‌ കോളി വെല്ലസ്ലി പ്രഭു. അദ്ദേഹം മോര്‍ണിംഗ്ടണ്‍ പ്രഭു എന്നും അറിയപ്പെട്ടു. കേശവപിള്ളയ്ക്ക്‌ രാജാ ബഹുമതി നല്‍കിയത്‌ അദ്ദേഹമാണ്‌. ടിപ്പു സുല്‍ത്താന്‍ നാലാം മൈസൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നത്‌ (1799) ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്‌. 1805-ല്‍ ഗവര്‍ണര്‍ ജനറല്‍ പദമൊഴിഞ്ഞ്‌ അദ്ദേഹം തിരിച്ചുപോയി. പിന്നീടദ്ദേഹം ബ്രിട്ടീഷ്‌ ഫോറിന്‍ സെക്രട്ടറിയായി (1809-12). 1st Marquess Wellesley എന്നും അദ്ദേഹം പരാമര്‍ക്കപ്പെടുന്നു.

ആര്‍തര്‍ വെല്ലസ്ലി (Arthur Wellesley, 1769 - 1852)

സൈനിക തന്ത്രജ്ഞൻ, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആര്‍തര്‍ വെല്ലസ്ലി 1792-ല്‍ കേണലെന്ന നിലയില്‍ ഇന്ത്യയിലെത്തി. പിറ്റേവര്‍ഷം (1798) അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ ഇന്ത്യയില്‍ ഗവര്‍ണര്‍ ജനറലായി. ടിപ്പു സുല്‍ത്താനെ നേരിടാന്‍ ജനറല്‍ ഹാരിസിന്റെ കീഴില്‍ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടു. ആ സൈനിക ദൗത്യത്തില്‍ ബ്രിട്ടീഷ്‌ സൈന്യം ടിപ്പുവിനെ വധിച്ചു(1799). ടിപ്പുവിന്റെ മരണംകേട്ടെത്തി പള്‍സ്‌ പരിശോധിച്ച്‌ മരണം ഉറപ്പുവരുത്തിയത്‌ ആര്‍തര്‍ വെല്ലസ്ളിയാണ്‌. 1801ല്‍ അദ്ദേഹത്തിന്‌ ബ്രിഗേഡിയര്‍ ജനറലായി സ്ഥാനക്കയറ്റം ലഭിച്ചു. 1802-ല്‍ മേജര്‍ ജനറലായി.

യൂറോപ്പില്‍ മടങ്ങിയെത്തിയ ആര്‍തര്‍ വെല്ലസ്‌ളി വാട്ടര്‍ലു യുദ്ധത്തില്‍ (1815) നെപ്പോളിയനെ പരാജയപ്പെടുത്തി. ലോകചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടി. ഡ്യൂക്ക്‌ ഓഫ് വെല്ലിംഗ്ടണ്‍ എന്നും അദ്ദേഹം അറിയപ്പെടുന്നു (ആ ടൈറ്റില്‍ വേറെ പലരും വഹിച്ചിട്ടുണ്ടെങ്കിലും). അദ്ദേഹം രണ്ടു പ്രാവശ്യം ബ്രിട്ടിഷ്‌ പ്രധാനമന്ത്രിയായി (1828-30, 1834). വെല്ലിംഗ്ടണ്‍ പ്രഭു എന്നും അദ്ദേഹം ചരിത്രപുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്‌. ഫീല്‍ഡ്‌ മാര്‍ഷല്‍ പദം വരെ ഉയര്‍ന്ന ഈ സൈനിക പ്രതിഭയ്ക്ക്‌ അയൺ ഡ്യൂക്ക് എന്ന അപരനാമവുമുണ്ട്‌.

PSC ചോദ്യങ്ങൾ

1. ബ്രിട്ടീഷുകാരും തിരുവിതാംകൂറും തമ്മില്‍ 1805 ലെ സബ്സിഡിയറി ഉടമ്പടി ഒപ്പു വെച്ചത്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ - റിച്ചാഡ് വെല്ലസ്ലി

2. ഏത്‌ ഗവര്‍ണര്‍ ജനറലാണ്‌ സ്വന്തം സഹോദരനെ സൈനിക ഉപദേഷ്ടാവായി നിയമിച്ചത്‌ - റിച്ചാഡ് വെല്ലസ്ലി

3. നെപ്പോളിയനെ വാട്ടര്‍ലൂ യുദ്ധത്തില്‍ (1815) തോല്‍പിച്ച ആര്‍തര്‍ വെല്ലസ്ലിയുടെ സഹോദരനായിരുന്ന ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

4. ഇന്ത്യ ചരിത്രത്തില്‍ മോര്‍ണിംഗ്‌ടണ്‍ പ്രഭു എന്നുമറിയപ്പെടുന്ന ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

5. തിരുവിതാംകൂറിലെ ദിവാന്‍ കേശവപിള്ളയ്ക്ക്‌ രാജാ ബഹുമതി നല്‍കിയ ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

6. ബ്രിട്ടീഷിന്ത്യയിലെ അക്ബര്‍ എന്നറിയപ്പെട്ട ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

7. 1799-ല്‍ സെന്‍സര്‍ഷിപ്പ്‌ ഓഫ്‌ പ്രസ്‌ ആക്ട് കൊണ്ടു വന്ന ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

8. ഫോര്‍ട്ട്‌ വില്യം കോളേജ്‌ (1800) കൊൽക്കത്തയിൽ സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

9. ടിപ്പു സുല്‍ത്താന്‍ വധിക്കപ്പെടുമ്പോള്‍ (1799) ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

10. പഴശ്ശി രാജയ്ക്കെതിരെ സൈനിക നീക്കത്തിന്‌ ആര്‍തര്‍ വെല്ലസ്ലി നിയോഗിക്കപ്പെട്ടത്‌ ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ - റിച്ചാഡ് വെല്ലസ്ലി

11. സൈനിക സഹായ വ്യവസ്ഥ ആവിഷ്ക്കരിച്ച ഗവര്‍ണര്‍ ജനറല്‍ - റിച്ചാഡ് വെല്ലസ്ലി

12. സൈനിക സഹായ വ്യവസ്ഥ നിലവിൽ വന്ന വർഷം - 1798 

13. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവെച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം - ഹൈദരാബാദ് (നൈസാം)

14. 'ബംഗാൾ കടുവ' എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണർ ജനറൽ - റിച്ചാഡ് വെല്ലസ്ലി

15. ബാസിൻ ഉടമ്പടി ബാജി റാവു 11 ഉം ഇംഗ്ലീഷുകാരും ഒപ്പുവെച്ചത് - 1802 

16. 1802ൽ ശിശുഹത്യ നിരോധിച്ച ഗവർണർ ജനറൽ - റിച്ചാഡ് വെല്ലസ്ലി

17. മദ്രാസ് പ്രസിഡൻസി നിലവിൽ വരുമ്പോൾ ഗവർണർ ജനറൽ - റിച്ചാഡ് വെല്ലസ്ലി

18. നാലാം ആംഗ്ലോ-മൈസൂർ യുദ്ധം നടക്കുമ്പോൾ ഗവർണർ ജനറൽ - റിച്ചാഡ് വെല്ലസ്ലി

19. രണ്ടാം ആംഗ്ലോ-മറാത്താ യുദ്ധം (1803-05) നടക്കുമ്പോൾ ഗവർണർ ജനറൽ - റിച്ചാഡ് വെല്ലസ്ലി

20. 1803-ല്‍ കല്‍ക്കട്ടയില്‍ രാജ്ഭവന്‍ സ്ഥാപിച്ചത് - റിച്ചാഡ് വെല്ലസ്ലി

Post a Comment

Previous Post Next Post