ഹിൽസ്റ്റേഷനുകൾ

ഇന്ത്യയിലെ ഹിൽസ്റ്റേഷനുകൾ (Hill Stations in India)

അൽമോറ: ഉത്തരഖണ്ഡിലെ മലയുടെ നെറുകയില്‍ സ്ഥിതിചെയ്യുന്ന ശാന്തസുന്ദരമായ നഗരമാണ്‌ അൽമോറ. ഇവിടെയാണ്‌ നന്ദാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്‌. ആയിരം വർഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രം വിനോദ സഞ്ചാരികളുടെ ആകര്‍ഷക കേന്ദ്രമാണ്. ചാന്ദ് ഭരണ കാലഘട്ടത്തില്‍ പണിത അൽമോറ ഫോര്‍ട്ട്‌ ഭൂതകാലത്തിലെ വാസ്തുശില്പ സൗന്ദര്യം പ്രകടമാക്കുന്നതാണ്‌.


ഡാര്‍ജിലിങ്‌: പശ്ചിമബംഗാളിലെ തണുപ്പുള്ള പര്‍വതനഗരമാണിത്‌. സിലിഗുരി മുതല്‍ ഡാര്‍ജിലിങ്‌ വരെ ചെറിയ ട്രെയിനിലുള്ള യാത്ര ആവേശകരമായ അനുഭവമായിരിക്കും. ഡാര്‍ജിലിങ്ങിലെ പര്‍വതാരോഹണവും അവിസ്മരണീയമായ അനുഭവമാണ്‌, വളരെ താഴെനിന്ന്‌ വളരെ ഉയരത്തിലേക്കു പോകുന്ന പാതയിലൂടെയുള്ള യാത്രയില്‍ അന്തരീക്ഷ ഊഷ്മാവിലും കാലാവസ്ഥയിലും വരുന്ന പെട്ടെന്നുള്ള മാറ്റം നമുക്ക്‌ അനുഭവിക്കാം.


ഗുൽമാർഗ്: കടല്‍നിരപ്പില്‍ നിന്ന്‌ 2730 മീ. ഉയരത്തില്‍ ശ്രീനഗറിന്റെ തെക്ക്‌ പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന വിശാലമായ പുല്‍ത്തകിടിയാണ്‌ ഗുല്‍മാര്‍ഗ്.‌ ഏകദേരം 3 ചതുര കി.മീ. ല്‍ കിടക്കുന്ന ഈ പുല്‍ത്തകിടി വിവിധ പൂക്കൾ നിറഞ്ഞ വലിയൊരു കപ്പ്‌ പോലെയാണ്‌ കാഴ്ചയില്‍, ഗുല്‍മാര്‍ഗ്‌ മഞ്ഞുനിറഞ്ഞ മലകളാല്‍ ചുറ്റപ്പെട്ടതാണ്‌. ഡിസംബറില്‍ പച്ചനിറഞ്ഞ ചരിവുകള്‍ ഹിമം മൂടി വെളുത്ത പരവതാനി വിരിച്ചതുപോലെയാകും. ഇത്‌ സ്കീയിങ്ങിന്‌ പ്രകൃതിദത്തമായ ഒരു വേദികൂടിയാണ്.‌


കൊടൈക്കനാല്‍: തമിഴ്‌നാട്ടിലെ പഴനി മലകളിലാണ്‌ കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്‌, ഇത്‌ ഇന്ത്യയിലെ പ്രസിദ്ധമായ ഹില്സ്റ്റേഷനാണ്. മരം നിറഞ്ഞ ചരിവുകള്‍, വെള്ളച്ചാട്ടം, വലിയ പാറക്കെട്ടുകള്‍, തടാകം എന്നിവ കൊണ്ടു മനോഹരമായ കൊടൈക്കനാല്‍ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഉല്ലാസകേന്ദ്രമാണ്‌. കടൽനിരപ്പിൽ നിന്ന്‌ 2133 മീറുര്‍ ഉയരമുള്ള ഈ മലനിരകള്‍ 21.45 ച. കി. മീ വ്യാപിച്ചുകിടക്കുന്നു. 12 വര്‍ഷം കൂടുമ്പോൾ പൂക്കുന്ന കുറിഞ്ഞിപൂക്കള്‍ക്ക്‌ ഇവിടം പ്രസിദ്ധമാണ്.‌


മഹാബലേശ്വർ: മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലാണ്‌ ഹില്‍സ്റ്റേഷനുകളുടെ രാജ്ഞി എന്ന്‌ അറിയപെടുന്ന മഹാബലേശ്വർ സ്ഥിതിചെയ്യുന്നത്‌. കടൽനിരപ്പിൽ നിന്ന്‌ 1372 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ഹില്‍സ്റ്റേഷന്‍ പ്രകൃതിരമണീയതയ്ക്ക് പേരുകേട്ടതാണ്‌. കൊളോണിയല്‍ കാലഘട്ടത്തില്‍ പണിതതാണ്‌ ഇവിടുത്തെ പല കെട്ടിടങ്ങളും. അക്കാലത്തിന്റെ കരവിരുത്‌ ഇതില്‍ ദൃശ്യമാണ്.‌ സാഹസികമായ മലകയറ്റക്കാര്‍ക്കും കുതിരസവാരിക്കാര്‍ക്കും അനുയോജ്യമാണ്‌ മഹാബലേശ്വർ.


മണാലി: ഹിമാചല്‍പ്രദേശിലെ കുളു താഴ്വരയിലാണ്‌ മണാലി സ്ഥിതിചെയ്യുന്നത്‌, ചുറ്റുമുള്ള ഉയര്‍ന്ന മലനിരകളും ഹിമപ്രദേശവും മണാലിയെ മനോഹരമാക്കുന്നു. മണാലിയുടെ വനത്തിന്റെ നടുക്ക്‌ ഉയരത്തില്‍ നിർമ്മിച്ച നാലു നിലകളുള്ള ഹിഡിമ്പാ ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടുത്തെ മൗണ്ടനീയറിങ്‌ ഇൻസ്റ്റിറ്റ്യൂട്ട് പര്‍വതാരോഹണത്തിലും സാഹസിക കായികവിനോദത്തിലും പരിശീലനം നല്‍കുന്നുണ്ട്‌.


മൂന്നാര്‍: കടല്‍നിരപ്പിൽ നിന്ന്‌ 1600 മീറ്റര്‍ ഉയരത്തില്‍ കേരളത്തിലെ ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന മൂന്നാര്‍ ശാന്തസുന്ദരമായ ഹില്‍സ്റ്റേഷനാണ്‌. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിക്ക്‌ ഇവിടം പ്രസിദ്ധമാണ്. 2695 മീറ്റര്‍ ഉയരമുള്ള തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയായ ആനമുടി ഇവിടെയാണ്‌. പര്‍വതാരോഹണത്തിന് അനുയോജ്യമാണിവിടം. നീലഗിരി താര്‍ ഇവിടുത്തെ വനത്തിന്റെ സമ്പത്താണ്‌.


മുസൂറി: 2500 മീറ്റര്‍ ഉയരത്തിലായി ഉത്തർപ്രദേശിലെ ഗര്‍വാര്‍ മലകളിലാണ്‌ മുസൂറി സ്ഥിതിചെയ്യുന്നത്‌. ഇവിടം സസ്യങ്ങളാല്‍ സമ്പന്നമാണ്‌ അതുകൊണ്ടാണ്‌ ഈ ഹില്‍സ്റ്റേഷന് ഈ പേര് കിട്ടിയത്‌. മുസൂറിയില്‍ ധാരാളം പര്‍വതാരോഹണകേന്ദ്രങ്ങള്‍ ഉണ്ട്‌. ലാല്‍റ്റിബ്ബയാണ്‌ ഏറ്റവും ഉയരമുള്ളതും പഴക്കമുള്ളതുമായ ജനവാസകേന്ദ്രം. ഗണ്‍ഹില്‍ ആണ് രണ്ടാമത്തെ ഉയര്‍ന്ന സ്ഥാനം. ഡറാഡൂണ്‍ .- മുസൂറി പര്‍വതാരോഹണത്തിനിടയില്‍ ഹിമാലയത്തിന്റെ മനോഹരമായ കാഴ്ചകള്‍ ദൃശ്യമാകും.


നൈനിറ്റാള്‍: ഉത്തര്‍പ്രദേശിലെ കുമയൂണ്‍ മലനിരകളിലെ മനോഹരമായ ഹില്‍സ്റ്റേഷനാണ്‌ നൈനിറ്റാൾ. ഒരിക്കല്‍ ഈ പ്രദേശത്ത്‌ ധാരാളം തടാകങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് ഇവിടം ചക്താ അഥവ അറുപതു തടാകങ്ങളുടെ നഗരം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. നൈനിറ്റാൾ സ്ഥിതിചെയ്യുന്നത്‌ നയ്നി തടാകത്തിനരുകിലാണ്‌. എല്ലാ സെപ്റ്റംബറിലും പരമ്പരാഗത നൃത്തത്തോടും മറ്റു ആഘോഷപരിപാടികളോടും കൂടി നയ്നാദേവി ഉത്സവം ഇവിടെ ആഘോഷിക്കാറുണ്ട്. കടല്‍നിരപ്പിൽ നിന്ന്‌ 2270 മീറ്റർ ഉയരത്തിലാണ്‌ ഈ ഹിമദൃശ്യം സ്ഥിതിചെയ്യുന്നത്‌.


ഊട്ടി: തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളില്‍ സ്ഥിതിചെയ്യുന്ന ഊട്ടി ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ഹില്‍സ്‌റ്റേഷനാണ്‌. മലനിരകള്‍, കൊടുംകാട്‌, തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍ തുടങ്ങിയവകൊണ്ട് മനോഹരമാണ്‌ ഈ ഹില്‍സ്റ്റേഷന്‍. ഇതിന്റെ കൊടുമുടിയായ ദൊഡ്ഡബേട്ടയ്ക്ക്‌ 2623 മീറ്റര്‍ ഉയരമുണ്ട്. ഈ കൊടുമുടിയില്‍ അപൂര്‍വയിനത്തില്‍പെട്ട സസ്യലതാദികള്‍ കാണാം.


ഷില്ലോങ്: കടല്‍നിരപ്പില്‍ നിന്ന്‌ 1496 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷില്ലോങ്‌ മേഘാലയത്തിന്റെ തലസ്ഥാനമാണ്‌. ഡ്രൈവ്‌ ഇന്‍ ഹില്‍സ്റ്റേഷനായ ഇവിടം മലനിരകള്‍, താഴ്വരകൾ, പുല്‍മേടുകള്‍, ഉയര്‍ന്ന പൈനുകള്‍ എന്നിവയെല്ലാം കൊണ്ട്‌ മനോഹരമാണ്‌. ഷില്ലോങ്ങില്‍ ധാരാളം ഉദ്യാനങ്ങളും വെള്ളച്ചാട്ടങ്ങളുമുണ്ട്. നഗരത്തില്‍ നിന്ന്‌ 10 കി.മീ അകലെയായി കിടക്കുന്ന ഷില്ലോങ്‌ പീക്കിന്‌ കടല്‍നിരപ്പില്‍ നിന്ന്‌ 1965 മീറ്റര്‍ ഉയരമുണ്ട്. പ്രാദേശിക ദൈവമായ ഷില്ലോങ്‌ ഇവിടെ ആരാധിക്കപ്പെടുന്നു.


സിംല: ഹിമാചൽപ്രദേശിന്റെ തലസ്ഥാനമായ സിംലയ്ക്ക്‌ ഈ പേര്‌ ലഭിച്ചത്‌ സിംലാദേവിയില്‍ നിന്നാണ്‌. ഈ പ്രദേശം മഞ്ഞുമൂടിയ കൊടുമുടികളാലും പുല്‍മേടുകളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഏഴു മലകളാണ്‌. ഇവിടെ ലോകത്തിന്റെ നാനാവശങ്ങളില്‍ നിന്നുള്ള വാസ്തുവിദ്യശൈലി ദര്‍ശിക്കാനാകും. പ്രോസ്പെക്ട ഹിൽ, സമ്മർ ഹില്‍, ഒബ്സര്‍വേറ്ററി ഹില്‍, ഇന്‍വെറേറാം, ബാന്റോണി, ജാഖൂ, എലിസിയം എന്നിവയാണ്‌ ആ എഴു മലകള്‍. 

0 Comments