ഫിറോസ് ഷാ തുഗ്ലക്ക്

ഫിറോസ് ഷാ തുഗ്ലക്ക് ജീവ ചരിത്രം

ജനനം: 1309

മരണം: 1388


ഫിറോസ് ഷാ തുഗ്ലക്‌ ശാന്തനും സമാധാന പ്രിയനുമായ ഒരു ഭരണാധികാരിയായിരുന്നു. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അദ്ദേഹം മുന്‍ഗണന നല്‍കിയത്‌. ഫിറോസ്‌ ഒരു അനുരഞ്ജനനയമാണ് പിന്തുടര്‍ന്നത്‌. പ്രഭുക്കന്മാരേയും, ഭരണകര്‍ത്താക്കളേയും, പടയാളികളേയും, കര്‍ഷകരേയുമെല്ലാം അനുനയിപ്പിച്ച്‌ അവരുടെ സ്നേഹം പിടിച്ചുപറ്റാന്‍ അദ്ദേഹം പരിശ്രമിച്ചു. അദ്ദേഹം യുദ്ധത്തോടു വിടപറയുകയും ഭരണകൂടത്തെ വികസനത്തിനും ക്ഷേമത്തിനുമുള്ള ഒരുപകരണമാക്കി മാറ്റുകയും ചെയ്തു. ഭരണ പരിഷ്‌കാരങ്ങളുടെ ഒരു പരമ്പരതന്നെ അദ്ദേഹം നടപ്പിലാക്കി.


കഠിനമായ ശിക്ഷാരീതികള്‍ ഫിറോസ്‌ നിര്‍ത്തലാക്കി. മുന്‍ സര്‍ക്കാരുകള്‍ ജനങ്ങളെ ഭയപ്പെടുത്തുന്നതിനായി കഠിനമായ ശിക്ഷകള്‍ നല്‍കിയിരുന്നു. ഗവണ്‍മെന്റിന്റെ ചുമതലകള്‍ തടസ്സപ്പെടാതെ നിര്‍വ്വഹിക്കുന്നതിനു വേണ്ടിയായിരുന്നു ഇത്‌. ഫിറോസ്‌ ഇതിനോടു വിയോജിച്ചു. ഭയമോ, അക്രമണഭീഷണിയോ അല്ല ജനങ്ങളുടെ അംഗീകാരമാണ്‌ ഗവണ്‍മെന്റിന്റെ അടിത്തറയാകേണ്ടതെന്ന്‌ അദ്ദേഹം വിശ്വസിച്ചു. കയ്യ്‌, കാല്‌, മുക്ക്‌ മുതലായവ ഛേദിച്ചു കളയുന്നതുപോലുള്ള നിഷ്ഠൂരമായ ശിക്ഷകള്‍ അദ്ദേഹം നിരോധിച്ചു. ദൈവശാസ്ത്രജ്ഞന്മാര്‍ക്കും പണ്ഡിതന്മാര്‍ക്കും ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും നല്‍കിയിരുന്ന നികുതി രഹിത ഭൂമികള്‍ സുല്‍ത്തനേറ്റിലെ മുന്‍ ഭരണാധികാരികള്‍ വീണ്ടെടുത്ത്‌ സര്‍ക്കാര്‍ ഭൂമിയോടു (ഖലീസ) ചേര്‍ത്തിരുന്നു. ഫിറോസ്‌ ഈ നടപടി റദ്ദാക്കുകയും നികുതിരഹിത ഭൂമികള്‍ അതു കൈവശം വെച്ചിരുന്നവര്‍ക്ക്‌ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.


ഫിറോസിന്റെ ദീര്‍ഘമായ ഭരണകാലത്ത്‌ രാജ്യത്ത്‌ പൊതുവായ അഭിവൃദ്ധി ഉണ്ടായിരുന്നു. സാധനങ്ങള്‍ക്കെല്ലാം വില കുറവായിരുന്നു. ധാന്യങ്ങള്‍, സമ്പത്ത്‌, കുതിരകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയാല്‍ എല്ലാ ഭവനങ്ങളും നിറഞ്ഞിരുന്നു. ആഭരണങ്ങളില്ലാത്ത സ്ത്രീകളുണ്ടായിരുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ ഫിറോസ്‌ താല്‍പര്യം പ്രകടിപ്പിച്ചു. ജനങ്ങള്‍ക്ക്‌ ഗുണകരമായ രീതിയില്‍ അദ്ദേഹം നാണയങ്ങള്‍ പരിഷ്കരിച്ചു. ജലസേചന പദ്ധതികള്‍ നടപ്പിലാക്കി. വിദ്യാലയങ്ങള്‍, സത്രങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, ആശുപ്രതികള്‍ എന്നിവ സ്ഥാപിച്ചു. ഫിറോസിന്റെ മതവീക്ഷണം ഇടുങ്ങിയതായിരുന്നു. “ജസിയ” നടപ്പിലാക്കാനും “ഷരിയത്തി'നെ എതിര്‍ത്തവരെ ശിക്ഷിക്കാനും അദ്ദേഹം മടികാണിച്ചിരുന്നില്ല. എന്നാല്‍ ഹൈന്ദവ മതഗ്രന്ഥങ്ങള്‍ സംസ്കൃതത്തില്‍ നിന്നും പേര്‍ഷ്യന്‍ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ നടപടി സ്വീകരിച്ച ആദ്യഭരണാധികാരിയും ഫിറോസാണ്‌. സംഗീതം, വൈദ്യം, ഗണിതശാസ്ത്രം തുടങ്ങിയവയെ സംബന്ധിച്ച പല സംസ്കൃത ഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ ഭരണകാലത്ത്‌ പേര്‍ഷ്യന്‍ ഭാഷയിലേക്കു പരിഭാഷ ചെയ്യപ്പെട്ടു.


ഫിറോസ്‌ തുഗ്ലക്‌ സമാധാനപ്രിയനായിരുന്നുവെങ്കിലും യുദ്ധങ്ങള്‍ പാടെ ഒഴിവാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഫിറോസ്‌ ബംഗാളിലേക്ക്‌ രണ്ടുതവണ സൈന്യത്തെ നയിക്കുകയുണ്ടായി. സുല്‍ത്താന്‍ ഭരണത്തില്‍നിന്ന്‌ സ്വാതന്ത്യം പ്രഖ്യാപിച്ച ബംഗാളിനെ വീണ്ടെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാല്‍ രണ്ടുതവണയും ഫിറോസ്‌ പരാജയപ്പെടുകയും ബംഗാള്‍ സുല്‍ത്താനേറ്റിനു നഷ്ടപ്പെടുകയും ചെയ്തു. ഡല്‍ഹിയുടെ മേല്‍ക്കോയ്മ വീണ്ടും ഉറപ്പിക്കുന്നതിന്‌ ഫിറോസ്‌ ഒറീസ്സയിലേക്കും സൈന്യത്തെ നയിക്കുകയുണ്ടായി. ഒറീസ്സയിലെ ഭരണാധികാരി ഏറ്റുമുട്ടല്‍ ഒഴിവാക്കിയതിനാല്‍ ഈ സൈനിക പര്യടനം സംഭവ പ്രധാനമായിരുന്നില്ല. രാജ്യത്തിലെ ഏറ്റവും കരുത്തുറ്റ കോട്ടകളിലൊന്ന്‌ ഉണ്ടായിരുന്നതിന്റെ പേരില്‍ പ്രസിദ്ധമായിരുന്ന കാംഗ്രയിലെ നാഗര്‍കോട്ടിനേയും ഫിറോസ്‌ ആക്രമിച്ചു. നാഗര്‍കോട്ടിലെ രാജാവ്‌ സുല്‍ത്താന്റെ മേല്‍ക്കോയ്മ അംഗീകരിച്ചു. ഗുജറാത്തിലേയും തട്ടയിലേയും ലഹളകള്‍ അടിച്ചമര്‍ത്താന്‍ നടത്തിയ യുദ്ധമാണ്‌ ഫിറോസിന്റെ ഏറ്റവും ദീര്‍ഘമായ പോരാട്ടങ്ങള്‍. തട്ടയിലെ അക്രമണകാലത്ത് കൊടുംക്ഷാമംമൂലം ഡൽഹി സൈന്യം വലിയ യാതനകളനുഭവിച്ചു. ഗുജറാത്തിലാകട്ടെ വഴിതെറ്റിയതിനെ തുടർന്ന് സൈന്യത്തിന് കനത്ത ദുരിതങ്ങൾ നേരിടേണ്ടിവന്നു.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ഹൈന്ദവ മതഗ്രന്ഥങ്ങള്‍ സംസ്കൃതഭാഷയില്‍ നിന്ന്‌ പേര്‍ഷ്യനിലേക്ക്‌ പരിഭാഷപ്പെടുത്തുവാന്‍ നടപടി സ്വീകരിച്ച ആദ്യ ഭരണാധികാരി


2. അലാവുദ്ദീന്‍ ഖില്‍ജി നിര്‍ത്തലാക്കിയ ജാഗിര്‍ വ്യവസ്ഥ പുനരുജ്ജീവിച്ച ഡല്‍ഹി സുല്‍ത്താന്‍


3. ഫത്തേഹാബാദ്‌ നഗരത്തിന്റെ സ്ഥാപകന്‍


4. കനാല്‍ ശൃംഖല വിപുലമായ രീതിയില്‍ നിര്‍മ്മിച്ച തുഗ്ലക്‌ സുല്‍ത്താന്‍


5. ബ്രാഹ്മണര്‍ക്കു മേല്‍ ജസിയ നടപ്പാക്കിയ ആദ്യ മുസ്ലിം ഭരണാധികാരി


6. ഡല്‍ഹിയിലേക്ക്‌ രണ്ട്‌ അശോക സ്തൂപങ്ങള്‍ കൊണ്ടുവന്ന തുഗ്ലക്ക് സുല്‍ത്താന്‍


7. ഖലീഫയുടെ പ്രതിപുരുഷന്‍ എന്ന്‌ സ്വയം വിശേഷിപ്പിച്ച ഡല്‍ഹി സുല്‍ത്താന്‍


8. ആരുടെ കാലത്താണ്‌ താരിഖ്‌ ഇ ഫിറോസ്‌ ഷാഹി എന്ന കൃതി സിയാവുദ്ദീന്‍ ബര്‍ണി രചിച്ചത്‌


9. ഫുത്തുഹത്ത്‌ ഇ ഫിറോസ്‌ ഷാഹി രചിച്ചതാര്‌


10. ആരുടെ മുഖ്യശില്‍പിയായിരുന്നു മാലിക്ഖാസി ഷഹാന


11. ഫിറോസ്‌ ഷാ കോട്‌ ലയുടെ നിര്‍മാതാവ്‌


12. മുഹമ്മദ്‌ ബിന്‍ തുഗ്ലക്കിന്റെ സ്മരണാര്‍ത്ഥം ജൌണ്‍പൂര്‍ നഗരത്തെ നാമകരണം ചെയ്തതാര്


13. കുത്തബ് മിനാറിന്റെ മുകളിലത്തെ നില പുതുക്കി പണിത സുൽത്താൻ


14. ഹിസ്സാർ നഗരം നിർമിച്ചതാര്


15. സത്ലജ് നദിയുടെ തീരത്ത് ഫിറോസ്പൂർ നിർമ്മിച്ചതാര്


16. ഏറ്റവും കൂടുതൽ കാലം തുഗ്ലക് ഭരിച്ച സുൽത്താൻ

0 Comments