ചിത്രശലഭം

ചിത്രശലഭങ്ങൾ (Butterflies in Malayalam)

ലോകത്തെ മനോഹരമായ ഷഡ്പദങ്ങളിലൊന്നാണ് ചിത്രശലഭം. ഇത് ലെപിഡോപ്റ്റെറ വിഭാഗത്തിലാണ് പെടുന്നത്. അവയുടെ വിവിധ വർണ്ണങ്ങളിലുള്ള ചിറകുകളും കുലീനമായ പറക്കലുമാണ്‌ പലരേയും ചിത്രശലഭനിരീക്ഷകരായി മാറ്റുന്നത്‌. ചിത്രശലഭങ്ങളെ മൂന്നായി തരംതിരിക്കാം. ശരിയായ ചിത്രശലഭങ്ങള്‍ (Papilationoidea), തെന്നിപ്പോകുന്ന ചിത്രശലഭങ്ങള്‍ (Hesperioidea), നിശാശലഭങ്ങള്‍ (Hedyloidea) എന്നിവയാണവ. 

ചിത്രശലഭം ഉണ്ടാകുന്നത് എങ്ങനെ

മറ്റു ഷഡ്പദങ്ങളിൽ നിന്ന്‌ ചിത്രശലഭം ശ്രദ്ധിക്കപ്പെടുന്നത് അതിന്റെ ജീവിതചക്രത്തിന്റെ സവിശേഷത കൊണ്ടാണ്‌. മുട്ട, ലാര്‍വ, പ്യൂപ്പ എന്നീ ഘട്ടങ്ങള്‍ കഴിഞ്ഞാണ് മനോഹരമായ ചിറകുകളുള്ള പ്രായപൂര്‍ത്തിയായ ചിത്രശലഭമുണ്ടാകുന്നത്‌. ചിത്രശലഭങ്ങൾ ചെടികളുടെ ഇലകളിലാണ്‌ മുട്ടയിടുന്നത്.‌ അതിന്റെ മുട്ടകള്‍ക്ക്‌ കടുപ്പമുള്ള ആവരണമുണ്ട്. ഇതിനെ കോറിയോണ്‍ എന്നാണ്‌ ഇംഗ്ലീഷില്‍ പറയുക. ഇതിന് ഒരു മെഴുക് ആവരണം ഉണ്ട്. ഇത്‌ മുട്ടയെ ഉണങ്ങി വരണ്ടു പോകാതെ സൂക്ഷിക്കുന്നു. ഓരോ മുട്ടയുടേയും അറ്റത്ത്‌ വെച്ചുറ്റിയുടെ ആകൃതിയിലുള്ള തുറപ്പുകള്‍ ഉണ്ട്‌. ഇതിനെ മൈക്രോപൈൽ അഥവാ പരാഗനാളം എന്നാണു പറയുക. ഓരോ വര്‍ഗത്തില്‍പെട്ട ചിത്രശലഭത്തിനും മുട്ടയിടാന്‍ പ്രത്യേകം ചെടികളുണ്ട്‌. ചിലവ നിശ്ചിത സസ്യങ്ങളെ മാത്രമേ തിരഞ്ഞെടുക്കാറുള്ളു. മുട്ടകള്‍ പശപോലെയുള്ള കടുപ്പമുള്ള പദാര്‍ത്ഥം കൊണ്ട്‌ ഇലയില്‍ ഒട്ടിയിരിക്കും. മിക്കവാറുമുള്ള ചിത്രശലഭങ്ങളുടെ മുട്ടകള്‍ ഏതാനും ആഴ്ചകൾ ആ നിലയിൽ തുടരും. അതിനു ശേഷമാണ്‌ മുട്ടകള്‍ വിരിഞ്ഞ്‌ ലാര്‍വ അല്ലെങ്കില്‍ പുഴു പുറത്തു വരുന്നത്‌.

ചിത്രശലഭങ്ങളുടെ പുഴുക്കളുടെ ശരീരം വടിവൊത്ത ഒരു കുഴല്‍ രൂപത്തിലായിരിക്കും. അറ്റത്ത്‌ ചവയ്ക്കാന്‍ പറ്റുന്ന ഒരു വായയും ഉണ്ടായിരിക്കും. അവ മിക്കവാറും ഭക്ഷണം തെരയുന്ന തിരക്കിലാകും. ഇലകളാണ്‌ അവയുടെ ഇഷ്ടഭക്ഷണം. മിക്കവാറുമുള്ള പുഴുക്കള്‍ സസ്യഭോജികളാണെങ്കിലും ചില വര്‍ഗത്തില്‍പ്പെട്ടവ ചില പ്രാണികളെ പിടിച്ചു തിന്നാറുണ്ട്. ഈ പുഴുക്കള്‍ പല ഘട്ടങ്ങളായാണ്‌ വളരുന്നത്‌. വളരുന്നതനുസരിച്ച്‌ അവയുടെ പുറംതോട്‌ പല തവണ മാറും. ഇതിന്റെ അവസാന ഘട്ടമെത്തുമ്പോഴാണ് ചിറകുകൾ വളരാൻ തുടങ്ങുന്നത്‌. ഇവയ്ക്ക്‌ മൂന്നു ജോഡി ശരിയായ കാലുകളും ആറു ജോഡി കൂപദങ്ങളും [Prolegs] ഉണ്ട്‌. പുഴു അതിന്റെ വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ അതിന് സമാധിയിരിക്കാൻ പറ്റിയ ഒരിടം കണ്ടെത്തും. മിക്കവാറും ഇലകളുടെ കീഴ്വശമായിരിക്കും പ്യൂപ്പാവസ്ഥയിലിരിക്കാന്‍ കണ്ടെത്തുന്ന സ്ഥലം. ഈ സമയത്താണ്‌ ചിറകുകള്‍ വളരുന്നത്. അവ മടങ്ങി അമർന്ന് ആദ്യം മുതൽ അവസാനം വരെ അതിന്റെ ശരീരത്തോട് ചേർന്നിരിക്കും. ലാർവാ അവസ്ഥയിൽ ചിറകുകൾ പുറത്തു കാണാനാവില്ല. ശസ്ത്രക്രിയ ചെയ്തു പരിശോധിച്ചാൽ വളർന്നു തുടങ്ങുന്ന ചിറകുകളുടെ തുടക്കം കാണാം.

പ്യൂപ്പകൾ കടുപ്പമുള്ളതും ദീര്‍ഘവൃത്താകൃതിയിലുള്ളതുമായിരിക്കും. ചിലവയില്‍ മുള്ളുമുണ്ടായിരിക്കും. മിക്കവാറുമുള്ള പുഴുക്കള്‍ ഒരു ചുള്ളിക്കമ്പുമായോ മറ്റു വല്ല വസ്തുക്കളുമായോ പ്യൂപ്പവസ്ഥയിലാകുന്നതിനു മുമ്പ്‌ സ്വയം ബന്ധിക്കും. അങ്ങനെ തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരിക്കും പുഴു അതിന്റെ പുറംതോട്‌ കളഞ്ഞ്‌ പ്യൂപ്പ വെളിവാക്കുക. പുഴുവിന്റെ കലകളും (tissue) അവയവങ്ങളും പ്യൂപ്പയ്ക്കുള്ളിൽ കൊഴുത്ത ദ്രാവകരൂപത്തിലായിരിക്കും. അതിന് പ്രായപൂർത്തിയെത്തുമ്പോൾ കലകളും അവയവങ്ങളും പൂര്‍വസ്ഥിതി പ്രാപിക്കും. ഈ പ്യൂപ്പാവസ്ഥ ഒരൊഴ്ച മുതല്‍ വര്‍ഷങ്ങള്‍ വരെ നീളാം. ഇത്‌ കാലാവസ്ഥയേയും ശലഭത്തിന്റെ വര്‍ഗത്തേയും ആശ്രയിച്ചിരിക്കും. വളര്‍ച്ച പൂര്‍ത്തിയായിക്കഴിയുമ്പോള്‍ പ്രായപൂര്‍ത്തിയായ ശലഭം പ്യൂപ്പയുടെ തോട്‌ പൊട്ടിച്ച്‌ പുറത്തു വരും. ഈ അവസ്ഥയെ ഇമേഗോ എന്നാണ്‌ പറയുക. ചിറകുകള്‍ മടങ്ങിയിരിക്കുന്നതുകൊണ്ട്‌ പുറത്തു വന്നാലുടനെ ചിത്രശലഭത്തിനു പറക്കാന്‍ കഴിയില്ല. അതുകൊണ്ട്‌ ശലഭങ്ങള്‍ നനവുണങ്ങാനായി ചിറകുകൾ വിരിച്ചുപിടിക്കും.

ചിത്രശലഭങ്ങളുടെ ശരീരത്തെ മൂന്നായി തിരിക്കാം. തല, ചിറകുകളും കാലുകളും ബന്ധിച്ചിരിക്കുന്ന ഭാഗം, വയര്‍ എന്നിവയാണിവ. തലയില്‍ ധാരാളം സുഷിരങ്ങളുള്ള രണ്ട് ആന്റിനകൾ ഉണ്ടായിരിക്കും. ഈ സുഷിരങ്ങളിലൂടെയാണ്‌ ഗന്ധങ്ങള്‍ തിരിച്ചറിയുന്നത്‌. സുഗന്ധവും തേനും കാറ്റും മനസ്സിലാക്കാന്‍ ഇതു സഹായിക്കുന്നു. ഈ ആന്റിനകള്‍ (സ്പര്‍ശിനി) പല രൂപത്തിലും പലനിറത്തിലുമായിരിക്കും.

ആയിരക്കണക്കിന്‌ ലെന്‍സുകൾ ചേര്‍ന്നുണ്ടാക്കിയ വലിയ രണ്ടു കണ്ണുകളാണ്‌ ശലഭങ്ങള്‍ക്കുള്ളത്‌. മുഖത്തിനു താഴെ ചുരുട്ടിവയ്ക്കാവുന്ന ഒരു തുമ്പിക്കൈ ഇതിനുണ്ട്. ഇത് പൂക്കൾക്കുള്ളില്‍ കടത്തിയാണ്‌ തേന്‍ നുകരുന്നതും മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നതും. ശലഭങ്ങള്‍ പൂക്കളിലെ തേനും മരങ്ങളിലെ തൊലി പൊട്ടിവരുന്ന മധുരമുള്ള നീരും ചീഞ്ഞ പഴങ്ങളിലെ ചാറും ചില മുന്തിരികളുടെ ചാറുമാണ്‌ ഭക്ഷിക്കുക. അവ ദ്രാവകരൂപത്തിലുള്ള ഭക്ഷണം മാത്രമേ ഉപയോഗിക്കാറുള്ളു. ചില ശലഭങ്ങള്‍ക്ക്‌ ഉപ്പിലെ സോഡിയവും മനുഷ്യന്റെ വിയർപ്പും പഥ്യമാണ്. ഇവയുടെ കാഴ്ചശക്തി മികച്ചതാണ്. ചില വർഗത്തിലുള്ളവയ്ക്ക് കേൾക്കാനുള്ള അവയവങ്ങൾ ഉണ്ട്. ചിലവയ്ക്ക് ചെറിയ ശബ്ദങ്ങൾ പുറപ്പെടുവിക്കാനുമാകും.

ചിറകുകളും കാലുകളും ബന്ധിച്ചിരിക്കുന്ന ശരീരത്തിന്റെ മദ്ധ്യഭാഗം ശരീരഭാഗങ്ങളില്‍ ഏറ്റവും കടുപ്പമുള്ളതാണ്‌. കാലുകള്‍ ശരീരത്തിന്റെ മദ്ധ്യഭാഗത്തായി കീഴ്വശത്ത് ബന്ധിക്കപ്പെട്ടിരിക്കുന്നു. ഓരോ കാലിലും രണ്ടു പാദങ്ങള്‍ വീതമുണ്ട്‌. മാത്രമല്ല രുചി അറിയാന്‍ സഹായിക്കുന്ന രോമം പോലെയുള്ള ഘടകവുമുണ്ട്. പ്രായപൂര്‍ത്തിയായ ഒരു ശലഭത്തിന് നാലു ചിറകുകള്‍ ഉണ്ടായിരിക്കും. ഇരുവശങ്ങളിലും രണ്ടു ചിറകുകള്‍ വീതമായിരിക്കും ഉണ്ടാകുക. ചിറകുകള്‍ വളരെ നേര്‍ത്തതും ശരീരത്തേക്കാള്‍ വലുതുമായിരിക്കും. രണ്ട് നേര്‍ത്ത പാളികള്‍ കൊണ്ടാണ്‌ ചിറകു നിര്‍മിച്ചിരിക്കുന്നത്‌. പെട്ടെന്നു വളയാത്ത ഞരമ്പുകളുടെ വലക്കണ്ണികള്‍ ഈ പാളികള്‍ക്കുള്ളിലുണ്ട്.

പെട്ടെന്ന്‌ അടര്‍ന്നു പോകാവുന്ന ശല്ക്കങ്ങൾ ചിത്രശലഭങ്ങളുടെ ചിറകുകളുടെ പ്രത്യേകതയാണ്‌. ഈ ശല്ക്കങ്ങളാണ്‌ ചിത്രശലഭങ്ങള്‍ക്ക്‌ നിശ്ചിത നിറവും ആകൃതിയും നൽകുന്നത്. കറുപ്പും ബ്രൗണും നിറങ്ങള്‍ കാണിക്കുന്നത്‌ മെലാനിന്‍ പിഗ്‌മെന്റിന്റെ സാന്നിധ്യമാണ്‌. മറ്റു വര്‍ണ്ണങ്ങള്‍ ശല്ക്കങ്ങളുടെ സൂക്ഷ്മവിന്യാസം സൃഷ്ടിക്കുന്നതാണ്.‌ ഈ ശല്ക്കങ്ങൾ ചിറകില്‍ വളരെ ബലത്തില്‍ ഉറപ്പിക്കപ്പെട്ടതല്ല. തുടച്ചാല്‍ ചിറകുകൾക്കു ക്ഷതമുണ്ടാക്കാതെ ഇളകിപ്പോകുന്നതാണ്‌ ഈ ശല്ക്കങ്ങൾ,

പല ചിത്രശലഭങ്ങളും ദേശാടനസ്വഭാവം കാണിക്കുന്നവയാണ്‌. ചിലവ, പ്രത്യേകിച്ചും മൊണാര്‍ക്‌ ശലഭങ്ങള്‍ 4000 മുതല്‍ 4800 കിലോമീറ്റര്‍ വരെ ദേശാടനം ചെയ്യാറുണ്ട്‌. പ്രായപൂർത്തിയായ ചിത്രശലഭത്തിന്റെ ആയുര്‍ദൈര്‍ഘ്യം ഒന്നോ രണ്ടോ ആഴ്ച മാത്രമാണ്‌. അപൂര്‍വം ചില വര്‍ഗത്തില്‍ പെട്ടവ ആറുമാസമോ അതില്‍ കൂടുതലോ ജീവിച്ചിരിക്കാറുണ്ട്.

Post a Comment

Previous Post Next Post