സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന

സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY)

ഗ്രാമീണ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി 1999 ഏപ്രില്‍ ഒന്നിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ്‌ സ്വര്‍ണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന. 1978 ലും അതിനുശേഷവും വിവിധ വര്‍ഷങ്ങളിലായി നിലവില്‍ വന്ന ഐ.ആര്‍.ഡി.പി, ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഡി.ഡബ്ല്യു.സി.ആര്‍.എ എന്നീ പദ്ധതികളെ സംയോജിപ്പിച്ചു കൊണ്ടാണ്‌ ഈ പരിപാടി ആരംഭിച്ചത്‌. സ്വയം തൊഴില്‍ പരിപാടിയുടെ എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു സമഗ്ര പദ്ധതിയാണ്‌ എസ്‌. ജി.എസ്‌ .വൈ. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങളിലെ അംഗങ്ങളെ സ്വയം സഹായസംഘങ്ങളായി സംഘടിപ്പിക്കുക. അവര്‍ക്ക്‌ ആവശ്യമായ പരിശീലനങ്ങള്‍, സാങ്കേതികജ്ഞാനം, വായ്പാ സബ്‌സിഡി, അടിസ്ഥാന സൗകര്യങ്ങള്‍, വിപണന സൗകര്യം മുതലായവ ലഭ്യമാക്കുക എന്നിവ ഈ പദ്ധതി ലക്ഷ്യമിടുന്നു. 

വൃത്യസ്‌തങ്ങളായ നിരവധി വരുമാനജന്യ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുക എന്നതല്ല ഈ പദ്ധതിയിലെ രീതി. മറിച്ചു പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങൾ, ജനങ്ങളുടെ തൊഴിൽ വൈദഗ്ധ്യം, വിപണന സൗകര്യങ്ങൾ മുതലായവ പരിഗണിച്ച് ഏതാനും മുഖ്യസാമ്പത്തിക പ്രവർത്തനങ്ങൾ ഓരോ ബ്ലോക്കിലും തിരഞ്ഞെടുത്ത് അതിലുള്ള പദ്ധതികള്‍ക്കു സഹായം നൽകുക എന്ന സമീപനമാണ് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്‌.

എസ്‌. ജി. എസ്‌. വൈ. പദ്ധതിക്ക് രണ്ടുഘടകങ്ങളാണ്‌ - വായ്പയും സബ്സിഡിയും. വ്യക്തിഗത പൊതു വിഭാഗത്തിനു സബ്സിഡി പരമാവധി 7500 രൂപ എന്ന പരിധിക്കു വിധേയമായി പദ്ധതിചെലവിന്റെ 30 ശതമാനവും എസ്‌.സി, എസ്‌.ടിക്കാരുടെ കാര്യത്തില്‍ ഇത്‌ യഥാക്രമം 10,000 രൂപയും 50 ശതമാനവും ആയിരിക്കും. സ്വയം സഹായ സംഘങ്ങളുടെ കാര്യത്തില്‍ ആളോഹരി 10,000 രൂപയോ പരമാവധി 1.25 ലക്ഷം രൂപയോ ഏതാണ്‌ കുറവ്‌ എന്ന പരിധിക്കു വിധേയമായി 50% സബ്സിഡി അനുവദിക്കും. SGSY ഗുണഭോക്താക്കളില്‍ 50% പട്ടികജാതി, പട്ടികവര്‍ഗക്കാരും 40% സ്ത്രീകളും 3% വികലാംഗരും ആയിരിക്കണം. പദ്ധതിയുടെ 10% തുക പരിശീലനത്തിനായി വിനിയോഗിക്കാവുന്നതാണ്‌. രണ്ടു തരത്തിലുള്ള പരിശീലനം ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്‌. ഒന്ന്‌, അടിസ്ഥാന അവബോധന പരിശീലനവും രണ്ടാമത്തേത്‌ വൈദഗ്ധ്യ വികസന പരിശീലനവുമാണ്‌.

PSC ചോദ്യങ്ങൾ 

1. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1999 ഏപ്രിൽ 1 ന് ആരംഭിച്ച പദ്ധതി - സ്വർണജയന്തി ഗ്രാമ സ്വറോസ്ഗാര്‍ യോജന (SGSY)

2. SGSY പദ്ധതി പ്രകാരം യോഗ്യരായവരെ കണ്ടെത്തുന്നത് - ഗ്രാമസഭ

3. സംയോജിത ഗ്രാമവികസന പദ്ധതി, സ്വർണ്ണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുമായി സംയോജിച്ച വർഷം - 1999 ഏപ്രിൽ 1 

4. സ്വർണ്ണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന (SGSY) ആരംഭിച്ച വർഷം - 1999 ഏപ്രിൽ 1 

5. സ്വർണ്ണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജനയുടെ പദ്ധതി ചെലവ്, കേന്ദ്രവും സംസ്ഥാനവും ഏത് അനുപാതത്തിലാണ് വഹിക്കുന്നത് - 75:25 (SGSYയുടെ ഗുണഭോക്താക്കളിൽ 50% പട്ടികജാതി പട്ടികവർഗ്ഗക്കാരും 40% സ്ത്രീകളും 3% വികലാംഗരുമാണ്.)

6. ഏതൊക്കെ പദ്ധതികൾ സംയോജിപ്പിച്ചതാണ് സ്വർണ്ണജയന്തി ഗ്രാമ സ്വറോസ്ഗാർ യോജന ആരംഭിച്ചത് - ഐ.ആര്‍.ഡി.പി, ട്രൈസം, മില്യണ്‍ വെല്‍ പദ്ധതി, ഗംഗാ കല്യാണ്‍ യോജന, ഗ്രാമീണ കൈത്തൊഴിലുപകരണ പരിപാടി, ഗ്രാമീണ വനിതാ ശിശുവികസന പരിപാടി (DWCRA)

Post a Comment

Previous Post Next Post