പഞ്ചായത്തീരാജ് നിയമം

പഞ്ചായത്തീരാജ് നിയമം (Panchayati Raj Act in Malayalam)

1959 ഒക്ടോബർ രണ്ടിന് രാജസ്ഥാനിലെ നാഗൂർ ജില്ലയിൽ അന്നത്തെ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റു ഇന്ത്യയിൽ ആദ്യമായി പഞ്ചായത്തീരാജ് സംവിധാനം ഉദ്‌ഘാടനം ചെയ്തു. 1992 ൽ 73-ാം ഭേദഗതിയിലൂടെ പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകി. തുടർന്ന് 1993 ഏപ്രിൽ 24-ന് പഞ്ചായത്തീരാജ് നിയമം പ്രധാനമന്ത്രി നരസിംഹറാവു പാസാക്കി. പഞ്ചായത്തുകളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ഭരണഘടനാ വകുപ്പിലെ അനുച്ഛേദം 40 പ്രകാരമാണ്. 


ഭരണഘടനാ ഭേദഗതികൾ


പഞ്ചായത്തീരാജ് നിയമം ഭരണഘടനയുടെ 9-ാം ഭാഗത്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനങ്ങളിലെ പഞ്ചായത്ത്‌ സ്ഥാപനങ്ങളുടെ രൂപീകരണത്തിനു വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 243, 243A മുതല്‍ 243O വരെയുള്ള 16 വകുപ്പുകളും പഞ്ചായത്തുകളുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുത്തേണ്ട 29 വിഷയങ്ങള്‍ അടങ്ങിയ 11-ാം ഷെഡ്യൂളുമാണ്‌ 73-ാം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 1993 ഏപ്രില്‍ 24 നാണ്‌ 73-ാം ഭരണഘടനാ ഭേദഗതി നിലവില്‍ വന്നത്‌.


നഗരസമിതികളുടെ അധികാര പരിധിയില്‍ വരുന്ന 18 വിഷയങ്ങള്‍ (243 P മുതല്‍ 243 Z,G വരെയുള്ള 18 വകുപ്പുകള്‍) അടങ്ങിയ 120-ാം പട്ടികയാണ്‌ 74-ാം ഭേദഗതിയില്‍ വരുന്നത്‌. 1993 ജൂണ്‍ ഒന്നിനാണ്‌ 74-ാം ഭേദഗതി നിലവില്‍ വന്നത്. പഞ്ചായത്തീരാജ് സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട വിഷയമാണ്.


73-ാം ഭരണഘടനാ ഭേദഗതിയുടെ പ്രത്യേകത


ഓരോ ഗ്രാമത്തിലും അതിലെ മുഴുവൻ വോട്ടർമാരും അംഗങ്ങളായുള്ളതാണ് ഗ്രാമസഭ, സംസ്ഥാന നിയമസഭ പാസ്സാക്കുന്ന അധികാരാവകാശങ്ങളും ചുമതലകളും ഗ്രാമസഭയില്‍ നിക്ഷിപ്തമായിരിക്കും. എല്ലാ സംസ്ഥാനങ്ങളും ത്രിതല പഞ്ചായത്തീരാജ് സംവിധാനം രൂപീകരിക്കണം. ജനസംഖ്യ ഇരുപതു ലക്ഷത്തില്‍ കുറവുള്ള സംസ്ഥാനങ്ങളില്‍ മധ്യതലമായ ബ്ലോക്ക് ഒഴിവാക്കി ദ്വിതല സംവിധാനം നടപ്പിലാക്കിയാല്‍ മതി. സിക്കിം, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവ ദ്വിതല സംവിധാനത്തില്‍ ഉള്‍പ്പെടുന്നു. തിരഞ്ഞെടുപ്പിലൂടെ വരുന്ന അംഗങ്ങളായിരിക്കണം എല്ലാ തലത്തിലും അധികാരത്തില്‍ വരേണ്ടത്‌. അധ്യക്ഷപദം അലങ്കരിക്കേണ്ട വരെ സഭയിലെ അംഗങ്ങളില്‍ നിന്ന്‌ അവര്‍ തന്നെ തിരഞ്ഞെടുക്കണം.


പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് അവരുടെ ജനസംഖ്യാനുപതികമായി സീറ്റുകള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ മൂന്നു തലങ്ങളിലും സംവരണം ചെയ്യണം. ത്രിതല പഞ്ചായത്തിലെ ഭരണകാലാവധി അഞ്ചുവര്‍ഷമാണ്‌. പഞ്ചായത്ത്‌ അംഗമാകുവാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസ്സാണ്‌. നിശ്ചിത കാലാവധിക്കു മുന്‍പു പഞ്ചായത്ത്‌ പിരിച്ചുവിടുകയാണെങ്കില്‍ ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പു നടത്തണം.


വിഭവ സമാഹരണത്തിനായി നികുതികള്‍, തീരുവ, ചുങ്കം എന്നിവ ചുമത്തുവാന്‍ പഞ്ചായത്തുകളെ നിയമം മുഖേന അധികാരപ്പെടുത്തണം. പഞ്ചായത്ത്‌ സമിതികളുടെ സാമ്പത്തിക ഭദ്രത പുനരവലോകനം ചെയ്യുവാന്‍ ഓരോ 5 വര്‍ഷത്തിലും ഒരു ധനകാര്യ കമ്മീഷനെ ഗവര്‍ണര്‍ നിയമിക്കേണ്ടതാണ്‌.


പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പൂര്‍ണ ചുമതല സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനായിരിക്കും. സീറ്റ്‌ വിഭജനം നിയോജക മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയം, പഞ്ചായത്ത്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മുതലായ വിഷയങ്ങളില്‍ കോടതി ഇടപെടാന്‍ പാടില്ല. പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന ആളായിരിക്കും കൈകാര്യം ചെയ്യുക.


കേരള പഞ്ചായത്തീരാജ് നിയമത്തിലെ പ്രധാനപ്പെട്ട വകുപ്പുകൾ


■ 1 മുതൽ 9 വരെ - പഞ്ചായത്ത് രൂപീകരണം സംബന്ധിച്ച്


■ 10 മുതൽ 28 വരെ - മണ്ഡലങ്ങളുടെ അതിർത്തിനിർണയം, വോട്ടർപട്ടിക


■ 29 മുതൽ 37 വരെ - അംഗത്വയോഗ്യത, അയോഗ്യത എന്നിവ സംബന്ധിച്ച്‌


■ 38 മുതൽ 151 വരെ - തിരഞ്ഞെടുപ്പു വ്യവസ്ഥകള്‍, സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്റെ അധികാരങ്ങൾ


■ 152 മുതല്‍ 178 വരെ - പഞ്ചായത്ത് അംഗങ്ങള്‍, പ്രസിഡന്റ്‌ എന്നിവരുടെ ചുമതലകള്‍, കർത്തവ്യങ്ങൾ, അധികാരങ്ങൾ തുടങ്ങിയവ സംബന്ധിച്ച്‌


■ 179 മുതല്‍ 185 വരെ - പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെ നിയമന സേവന വ്യവസ്ഥകള്‍


■ 186 - സംസ്ഥാന ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍


■ 187 മുതല്‍ 194 വരെ - പഞ്ചായത്ത്‌ സംഘടനയുടെ രൂപീകരണം, പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച്


■ 195 മുതല്‍ 217 വരെ - ധനകാര്യം, നികുതി ചുമത്തല്‍ തുടങ്ങിയവ


■ 218 മുതല്‍ 234 വരെ - ആരോഗ്യ പരിപാലനം


■ 235 മുതൽ 253 വരെ - കെട്ടിടങ്ങള്‍ക്കു നമ്പരിടല്‍, ലൈസന്‍സുകള്‍, ഉത്തരവുകള്‍ എന്നിവ


■ 254 മുതൽ 264 വരെ - ചട്ടങ്ങൾ ലംഘിച്ചാലുള്ള ശിക്ഷകള്‍, ശിക്ഷകളെ സംബന്ധിച്ച വിശദീകരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍


■ 265 മുതൽ 271 വരെ - സ്വകാര്യ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ

 

ഗ്രാമവികസനവുമായി ബന്ധപ്പെട്ട കമ്മിറ്റികൾ


■ ബൽവന്ത്റായ് മേത്ത കമ്മിറ്റി - ത്രിതല പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കുന്നതിനുള്ള ശുപാർശ.

   

■ അശോക് മേത്ത കമ്മിറ്റി - പഞ്ചായത്തീരാജ്


■ കുമരപ്പ കമ്മിറ്റി - ഭൂപരിഷ്കരണം


■ നരസിംഹം കമ്മിറ്റി - ഗ്രാമപ്രദേശങ്ങളിലെ ബാങ്കിങ് സംവിധാനം.


■ എസ്.ബി. സെൻ കമ്മിറ്റി - തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം.


■ ഭാനുപ്രതാപ് സിംഗ് കമ്മിറ്റി - കൃഷി സംബന്ധമായ നയങ്ങളും പരിപാടികളും.

0 Comments