ചരകൻ | സുശ്രുതൻ

സുശ്രുതൻ & ചരകൻ

സുശ്രുതൻ (Sushruta)


പുരാതനകാലത്തെ ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്നു സുശ്രുതൻ. അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വിവരങ്ങൾ കുറവാണ്. ചരകന് ശേഷമാണ് ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നു. വിശ്വാമിത്ര മഹർഷിയുടെ പുത്രനും ധന്വന്തരിയുടെ ശിഷ്യനുമായിരുന്നു. ഗംഗാ നദിയുടെ തീരത്ത് വാരാണസിയിലാണ് സുശ്രൂതൻ ജീവിച്ചിരുന്നതെന്നു കരുതപ്പെടുന്നു. സുശ്രുതൻ രചിച്ച "സുശ്രുത സംഹിത" ലോകത്തിലെ ആദ്യത്തെ ശസ്ത്രക്രിയാ ഗ്രന്ഥമാണ്. അതിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ രോഗങ്ങളെയും അതിനുവേണ്ട ഔഷധങ്ങളെക്കുറിച്ചും പരിചരണ ക്രമങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു. ശരീര അവയവങ്ങളെക്കുറിച്ച് അറിയാതെ ശസ്ത്രക്രിയ നടത്തുവാൻ സാധിക്കുകയില്ല. വേണ്ടിവന്നാൽ മൃതശരീരം കീറിനോക്കി തന്നെ പഠിക്കണം.


ശസ്ത്രക്രിയയ്ക്ക് പ്രാധാന്യം നൽകി രചിച്ചിരിക്കുന്ന സുശ്രുത സംഹിതയിൽ സൂത്രസ്ഥാനം, നിദാനസ്ഥാനം, ശരീരസ്ഥാനം, ചികിത്സാസ്ഥാനം, കല്പസ്ഥാനം എന്നിങ്ങനെ അഞ്ച് ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളും, 66 അദ്ധ്യായങ്ങളുള്ള ഉത്തരതന്ത്രവും അടങ്ങിയതാണ് ആ സംഹിത. എട്ട് രീതിയിലുള്ള ശസ്ത്രക്രിയകളെ കുറിച്ചാണ് അതിൽ പ്രതിപാദിക്കുന്നത്. ഛേദ്യം, ഭേദ്യം, ലേഖ്യം, വേധ്യം, ഏഷ്യം, ആഹാര്യം, വിസ്രാവ്യം, സീവ്യം തുടങ്ങിയവയാണവ. ശസ്ത്രക്രിയ സ്വയം നടത്തുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്ത അദ്ദേഹം ശസ്ത്രക്രിയയ്ക്കുള്ള 120 ഉപകരണങ്ങളെപ്പറ്റിയും (യന്ത്ര - ശസ്ത്രങ്ങൾ) സുശ്രുത സംഹിതയിൽ പ്രതിപാദിക്കുന്നു. ശരീരത്തിൽ നിന്ന് ശല്യങ്ങൾ എടുത്തുമാറ്റുവാനുള്ളവയാണ് യന്ത്രങ്ങൾ. കീറിമുറിക്കുവാനുള്ളതാണ് ശസ്ത്രങ്ങൾ.


വാഗ്ഭടന്റെ 'അഷ്ടാംഗഹൃദയം' ചരക - സുശ്രുത സംഹിതകളുടെ സംഗ്രഹമാണ്. നിരവധി വ്യാഖ്യാനങ്ങൾ സുശ്രുത സംഹിതയ്ക്ക് ഉണ്ടായിട്ടുണ്ട്. സുശ്രുത സംഹിത ഒൻപതാം നൂറ്റാണ്ടിൽ അറബി ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്തു. പിന്നീട് ലാറ്റിൻ, ജർമൻ എന്നീ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടു. അതിനുശേഷമാണ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. "ശസ്ത്രക്രിയയുടെ പിതാവ്" എന്നാണ് സുശ്രുതൻ അറിയപ്പെടുന്നത്.


ചരകൻ (Charaka)


പുരാതനകാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ആയുർവേദ ആചാര്യനായിരുന്നു ചരകൻ. എ.ഡി ഒന്നാം ശതകത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിന് മുമ്പാണ് എന്നും പറയപ്പെടുന്നു. കനിഷ്കന്റെ കാലത്ത് കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബുദ്ധമത ഗ്രന്ഥമായ ' ത്രിപീടക'യിൽ പറയുന്നു. ചരകസംഹിതയുടെ കർത്താവാണ് അദ്ദേഹം. അതിൽ ശരീരചികിത്സയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ചരകന് ശേഷം എ.ഡി ഒൻപതാം ശതകത്തിൽ ദൃഢബലൻ എന്ന കാശ്മീരി ഭിഷഗ്വരൻ സംഹിത വീണ്ടും പരിഷ്കരിച്ചു. നഷ്ടപ്പെട്ടുപോയ പല ഭാഗങ്ങളും ദൃഢബലൻ പൂരിപ്പിച്ചു. അങ്ങനെ രൂപാന്തരം പ്രാപിച്ച അഗ്നിവേശതന്ത്രമാണ് ഇന്ന് പ്രചാരത്തിലുള്ള ചരകസംഹിത.


അഗ്നിവേശതന്ത്രത്തെ കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ആത്രേയൻ, അഗ്നിവേശൻ തുടങ്ങിയ ആറ് ശിഷ്യന്മാരെ ചരകൻ വൈദ്യശാസ്ത്രം പഠിപ്പിച്ചു. അവരിൽ ഓരോരുത്തരും ഓരോ സംഹിത രചിച്ചു. അതിൽ അഗ്നിവേശൻ രചിച്ച സംഹിതയാണ്, ചരകസംഹിത എന്ന പേരിൽ പ്രസിദ്ധമായത്. 


വൈദ്യവും ശാസ്ത്രവും എങ്ങനെ ഉണ്ടായി, എന്ന കഥ തൊട്ടാണ് ചരകസംഹിത തുടങ്ങുന്നത്. 8 ഭാഗങ്ങളിലായി 120 അദ്ധ്യായങ്ങളുള്ള പദ്യവും ഗദ്യവും ചേർത്താണ് എഴുതിയിരിക്കുന്നത്. ഹരിശ്ചന്ദ്രൻ, ചക്രപാണിദത്തൻ, ശിവദാസൻ എന്നിവർ ചരകസംഹിതയെ വ്യാഖ്യാനിച്ച് എഴുതിയ ഗ്രന്ഥങ്ങളും പ്രസിദ്ധമാണ്. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ആ ഗ്രന്ഥത്തിലുണ്ട്. 341 സസ്യങ്ങളും അവയിൽ നിന്നുണ്ടാകുന്ന ഔഷധങ്ങളും, കൂടാതെ ജന്തുക്കളിൽ നിന്നും ലഭിക്കുന്ന 177 ഔഷധങ്ങൾ, 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങൾ എന്നിവയെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.


ആവർത്തിക്കുന്ന ചോദ്യങ്ങൾ


1. ആയുർവേദത്തിലെ ശസ്ത്രക്രിയാ വിഭാഗം - ശല്യ ചികത്സ


2. സുശ്രുതൻ ജീവിച്ചിരുന്ന പട്ടണം - വാരാണസി


3. സുശ്രുതസംഹിത ഏത് വിഷയത്തിലെ ഗ്രന്ഥമാണ് - വൈദ്യശാസ്ത്രം


4. നാഗാർജുനൻ, വസുമിത്രൻ, സുശ്രുതൻ എന്നിവർ ആരുടെ സദസിലായിരുന്നു - കനിഷ്കൻ


5. ആധുനിക പ്ലാസ്റ്റിക് സർജറിയുടെ പിതാവ് എന്നറിയപ്പെടുന്നത് - സുശ്രുതൻ


6. ഇന്ത്യൻ വൈദ്യശാസ്ത്രത്തിന്റെ പിതാവ് - സുശ്രുതൻ


7. ഇന്ത്യയിലെ അനസ്‌തേഷ്യയുടെ പിതാവ് - സുശ്രുതൻ


8. പ്ലാസ്റ്റിക് സർജറിയും തിമിര ശസ്ത്രക്രിയയും ആദ്യമായി നടത്തിയത് - സുശ്രുതൻ


9. ചരകസംഹിത എന്തിനെക്കുറിച്ചുള്ള പുസ്തകമാണ് - വൈദ്യശാസ്ത്രം


10. ചരകൻ ഏതു നിലയിലാണ് പ്രസിദ്ധൻ - ഭിഷഗ്വരൻ


11. കനിഷ്കന്റെ കൊട്ടാരം വൈദ്യൻ - ചരകൻ


12. ആരുടെ സദസ്യനായിരുന്നു ചരകൻ - കനിഷ്കൻ

0 Comments